സൂപ്പർ സ്റ്റാർക്…; വസിം അക്രമി​ന്റെ റെക്കോഡ് മറികടന്ന് മിച്ചൽ സ്റ്റാർക്



ബ്രിസ്ബെയ്ൻ: അസാധ്യമെന്ന് ക്രിക്കറ്റ് ലോകം വിധിയെഴുതിയ അതുല്യമായൊരു റെക്കോഡ് തിരുത്തികുറിച്ച് ആസ്ട്രേലിയൻ പേസ് ബൗളർ മിച്ചൽ സ്റ്റാർക്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് കൊയ്ത ഇടംകൈയൻ പേസ് ബൗളർ എന്ന റെക്കോർഡാണ് മിച്ചൽ സ്റ്റാർക് സ്വന്തം പേരിൽ കുറിച്ചത്. പാകിസ്താന്റെ ഇതിഹാസ താരം വസിം അക്രം രണ്ടര പതിറ്റാണ്ടിലേറെ കാലം തന്റെ മാത്രം കുത്തകയാക്കി കൈയിൽ വെച്ച റെക്കോഡിനെ ആഷസ് പരമ്പരയിലെ ആദ്യ ദിനത്തിലാണ് സ്റ്റാർക് സ്വന്തം പേരിലേക്ക് തിരുത്തിയത്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ ആറു വിക്കറ്റ് നേടിയ സ്റ്റാർക്, വസിം അക്രമിന്റെ പേരിലുള്ള 414 വിക്കറ്റ് നേട്ടം മറികടന്നു. ഗാബ്ബ ടെസ്റ്റിൽ ഇംഗ്ലീഷ് ബാറ്റിങ്ങിന്റെ നടുവൊടിച്ച പ്രകടനത്തിലൂടെ ആറു പേരെ മടക്കിയയച്ച ഓസീസ് പേസർ മത്സരം കഴിയുമ്പോഴേക്കും വിക്കറ്റ് നേട്ടം 418ലെത്തിച്ചു.

2002ൽ അവസാന ടെസ്റ്റ് മത്സരം കളിച്ച് കളമൊഴിഞ്ഞ വസിം അക്രം ദീർഘകാലം തന്റെ റെക്കോഡ് കൈവശം വെച്ചു. 104 ടെസ്റ്റ് മത്സരങ്ങളിലായിരുന്നു വസിം അക്രം 414 വിക്കറ്റ് നേടിയത്.

റെക്കോഡ് തിരുത്തിയ സ്റ്റാർകിനെ സൂപ്പർ സ്റ്റാർക് എന്ന് വിളിച്ചുകൊണ്ടായിരുന്നു വസിം അക്രം ‘എക്സ്’ പേജിലൂടെ ആശംസ നേർന്നത്.

‘നിങ്ങളുടെ നേട്ടത്തിൽ അഭിമാനിക്കുന്നു. കഠിനാധ്വാനത്തിന്റെ വിജയമാണിത്. എന്റെ വിക്കറ്റുകളുടെ എണ്ണം മറികടക്കുന്നത് കുറച്ചു സമയത്തിന്റെ കാര്യമേയുള്ളൂ. മികച്ച കരിയറിൽ പുതിയ ഉയരങ്ങളിലേക്ക് കുതിക്കു’ -വസിം അക്രം ഹൃദ്യമായ വാക്കുകളിലൂടെ ആശംസ നേർന്നു.

അതേസമയം, വസിം അക്രം ലോകത്തെ ഏറ്റവും മികച്ച ബൗളറാണെന്നും, തൊടാവുന്നതിലും ഉയരങ്ങളിൽ എത്തിയ ബൗളറാണെന്നുമായിരുന്നു സ്റ്റാർകിന്റെ പ്രതികരണം.

അതേസമയം, ടെസ്റ്റ് ക്രിക്കറ്റിലെ ഓൾടൈം വിക്കററ് നേട്ടക്കാരുടെ പട്ടികയിൽ 15ാമതാണ് സ്റ്റാർക്. ശ്രീലങ്കയുടെ മുത്തയ്യ മുളീധരൻ 800വിക്കറ്റുമായി ഒന്നാം സ്ഥാനത്താണ്. ഷെയ്ൻ വോൺ 708, ജെയിംസ് ആൻഡേഴ്സൺ (704), അനിൽ കും​െബ്ല (619) എന്നിവരാണ് മുൻ നിരയിലുള്ളത്.



© Madhyamam