
മുംബൈ: ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ ശുഭ്മൻ ഗിൽ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ട്വന്‍റി20 പരമ്പരയിൽ തിരിച്ചെത്തും. പരിക്കിൽനിന്ന് മോചിതനായി ഗിൽ, ഉപനായകനായി തിരികെ എത്തുമെന്ന് ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായ ഗില്ലിന് കൊൽക്കത്ത ടെസ്റ്റിനിടെയാണ് കഴുത്തിന് പരിക്കേറ്റത്. ഇതോടെ രണ്ടാം ടെസ്റ്റിലും ഏകദിന പരമ്പരയിലും താരത്തിന് വിശ്രമം അനുവദിച്ചിരുന്നു. ട്വന്‍റി20 ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് താരം മടങ്ങിയെത്തുമെന്ന റിപ്പോർട്ട് പുറത്തുവന്നത്. ഈ മാസം ഒമ്പതിന് കട്ടക്കിലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്ക് തുടക്കമാകുന്നത്.
ഗിൽ തിരിച്ചെത്തുന്നതോടെ സഞ്ജുവിന് ഓപണിങ് സ്ഥാനം തിരികെ കിട്ടുമെന്ന അഭ്യൂഹങ്ങളും അസ്ഥാനത്തായി. ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടിവരും. ഗിൽ ട്വന്‍റി20 ടീമിൽ സ്ഥിരം സാന്നിധ്യമായതോടെ താരത്തെ ഓപണിങ് റോളിലും സഞ്ജുവിനെ മധ്യനിരയിലുമാണ് കളിപ്പിക്കുന്നത്. ഗില്ലിന് നായക പദവി നൽകാനുള്ള നീക്കം നടക്കുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. നിലവിൽ സൂര്യകുമാർ യാദവാണ് ടി20 ടീമിനെ നയിക്കുന്നത്. ടോപ് ഓഡറിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സഞ്ജുവിനെ മധ്യനിരയിൽ കളിപ്പിക്കുന്നതിൽ വ്യാപക വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്. ഗില്ലിന് ടോപ് ഓഡറിൽ താളം കണ്ടെത്താനും കഴിഞ്ഞിട്ടില്ല. എന്നാൽ പരമ്പരക്ക് മുമ്പ് ഫിറ്റ്നസ് തെളിയിക്കുകയെന്ന കടമ്പ ഗില്ലിന് മുന്നിലുണ്ട്.
അതേസമയം ടീം ക്യാമ്പിലെ അസ്വാരസ്യങ്ങൾ തീർക്കാനായി സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ, പരിശീലകൻ ഗൗതം ഗംഭീർ എന്നിവരുമായി ബി.സി.സി.ഐ പ്രതിനിധികൾ യോഗം ചേരുമെന്ന അഭ്യൂഹം തള്ളിയും റിപ്പോർട്ടുണ്ട്. ഏകദിന പരമ്പരക്കിടെ അത്തരം ചർച്ചയുണ്ടാകില്ലെന്നും പിന്നീടായിരിക്കും ചർച്ച നടക്കുകയെന്നും പുതിയ റിപ്പോർട്ടിൽ പറയുന്നു. പ്രധാനമായും 2027 ലോകകപ്പ് മുൻനിർത്തി രോഹിത്തിന്‍റെയും കോഹ്ലിയുടേയും ഭാവിയാകും ചർച്ചയാകുക.
