മഡ്രിഡ്: ഒന്നല്ല, തുടർച്ചയായി മൂന്നാം മത്സരത്തിലും സമനിലയുമായി സ്പെയിനിൽ റയൽ മഡ്രിഡ് തപ്പിത്തടയുന്നു. ഓരോ വീഴ്ചയും കിരീടം കൈവിടാൻ മാത്രം പ്രത്യാഘാതം സൃഷ്ടിക്കുന്ന സ്പാനിഷ് ലാ ലിഗയിൽ ആവേശപ്പോരാട്ടത്തിൽ ജിറോണയാണ് റയൽ മഡ്രിഡിനെ 1-1ന് സമനിലയിൽ തളച്ചത്.
ആദ്യ പകുതിയിൽ കിലിയൻ എംബാപ്പെയുടെ ബൂട്ടിൽ നിന്നും പിറന്ന ഗോൾ ആഘോഷമാക്കിയെങ്കിലും വി.എ.ആറിൽ തിരിച്ചടിയായി. ഗോളിക്ക് തൊട്ട് മുന്നിൽ നിന്നും പന്തിനെ വലയിലേക്ക് തട്ടിയിട്ടെങ്കിലും വാർ ചെക്കിൽ പന്തിൽ കൈ തട്ടിയതായി കണ്ടെത്തിയതോടെ ഗോൾ നിഷേധിക്കപ്പെട്ടു. തുടർന്നാണ് ജിറോണ കളിയിൽ തിരിച്ചെത്തിയ ഗോൾ നേടിയത്.
45ാം മിനിറ്റിൽ റയൽ പ്രതിരോധത്തെ നിഷ്ഫലാമക്കി ബോക്സിനു പുറത്തു നിന്നും തൊടുത്തുവിട്ട അസദിൻ ഔനഹിയുടെ ഉജ്വലമായൊരു ലോങ്റേഞ്ചർ തിബോ കർടുവയുടെ ഗോൾ വലയെയും തകർത്ത് വിശ്രമിച്ചു.
കളി ആദ്യ പകുതി പിരിയും മുമ്പ് എതിരാളികൾ ലീഡ് പിടിച്ചതോടെ റയൽ തോൽവി ഭീതിയിലായി. രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണത്തോടെ കളിച്ച എംബാപ്പെക്കും സംഘത്തിനും 67ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി തോൽവി ഒഴിവാക്കി. ആദ്യ ഗോൾ നിഷേധിക്കപ്പെട്ടതിന്റെ നിരാശ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് എംബാപ്പെ തീർത്തു.
റയോ വയ്യെകാനോ, എൽകെ എന്നിവർക്കെതിരെ സമനില വഴങ്ങിയതിനു പിന്നാലെയാണ് വീണ്ടും റയൽ സമനില പാലിച്ചത്. അതേസമയം, തുടർ ജയങ്ങളുമായി കുതിക്കുന്ന ബാഴ്സലോണ ഒന്നാം സ്ഥാനം സ്വന്തമാക്കി. 14 കളി പൂർത്തിയായപ്പോൾ ബാഴ്സലോണക്ക് 34ഉം, റയലിന് 33ഉം പോയന്റാണുള്ളത്.
