ലണ്ടൻ: പ്രീമിയർ ലീഗിലെ തുടർച്ചയായ തോൽവികൾക്കിടെ ലിവർപൂളിനും കോച്ച് ആർനെ സ്ളോട്ടിനും ആശ്വാസമായി വിജയമെത്തി. ചാമ്പ്യൻസ് ലീഗിലും പ്രീമിയർ ലീഗിലും ഉൾപ്പെടെ തുടർ തോൽവികളുമായി നാണംകെട്ട ലിവർപൂൾ വെസ്റ്റ്ഹാം യുനൈറ്റഡിനെയാണ് വീഴ്ത്തിയത്.
ഞായറാഴ്ച രാത്രിയിൽ വെസ്റ്റ്ഹാമിന്റെ ഗ്രൗണ്ടായ ലണ്ടൻ സ്റ്റേഡിയത്തിൽ നടന്ന അങ്കത്തിൽ 2-0ത്തിനായിരുന്നു വിജയം. ഗോൾരഹിതമായി പിരിഞ്ഞ ഒന്നാം പകുതിക്കു ശേഷം, 60ാം മിനിറ്റിൽ ലിവർപൂളിന് പ്രതീക്ഷയുടെ പുതുവെളിച്ചമായി ആദ്യ ഗോളെത്തി. ന്യൂകാസിൽ യുനൈറ്റഡിൽ നിന്നും വൻ ഡീലിൽ ലിവർപൂളിലേക്ക് കൂടുമാറിയെത്തിയ അലക്സാണ്ടർ ഇസാകിന്റെ ആദ്യ ഗോളായിരുന്നു ടീമിന് ഉയിർത്തെഴുന്നേൽപ് നൽകിയത്. കളിയിൽ മേധാവിത്വം സ്ഥാപിച്ച ലിവർപൂളിന് ഇഞ്ചുറി ടൈമിലെ രണ്ടാം മിനിറ്റിൽ കോഡി ഗാക്പോ രണ്ടാം ഗോളും സമ്മാനിച്ചു.
തുടർതോൽവികൾക്ക് വിരാമം കുറിച്ച് വിലപ്പെട്ട മൂന്ന് പോയന്റ് സ്വന്തമാക്കിയെങ്കിലും സാഹചര്യങ്ങൾ എളുപ്പമല്ല. പോയന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് ചാമ്പ്യന്മാൻ. ലീഗിൽ 13 കളി പൂർത്തിയായപ്പോൾ ഏഴ് ജയവും ആറ് തോൽവിയുമായി.
രണ്ടു മാസത്തിനിടെ ഏഴ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ആറിലും ലിവർപൂളിന് തോൽവിയായിരുന്നു. ഇതിനിടയിൽ ചാമ്പ്യൻസ് ലീഗിലും തോറ്റു. കഴിഞ്ഞ സെപ്റ്റംബർ 27ന് ക്രിസ്റ്റൽ പാലസിനോട് (2-1) തോറ്റു തുടങ്ങിയ ശേഷം നിരന്തര തോൽവിയായി മാറി. ചെൽസി (2-1), മാഞ്ചസ്റ്റർ യുനൈറ്റഡ് (2-1), ബ്രെന്റ് ഫോഡ് (3-2), മാഞ്ചസ്റ്റർ സിറ്റി (3-0), നോട്ടിങ്ഹാം ഫോറസ്റ്റ് (3-0) എന്നിവരോട് ദയനീയമായി തോറ്റു. ഇതിനിടയിൽ നവംബർ ഒന്നിന് ആസ്റ്റൻ വില്ലക്കെതിരെ മാത്രമായിരുന്നു ആശ്വസ ജയം (2-0).
സ്റ്റാർ സ്ട്രൈക്കർ മുഹമ്മദ് സലാഹിനെ മാറ്റിനിർത്തി പുതു ആക്രമണ നിരയെ പരീക്ഷിച്ചായിരുന്നു സ്ലോട്ട് പതിനെട്ടാം അടവ് പുറത്തെടുത്തത്.
ഇസാകിനൊപ്പം, ഗാക്പോ, റിറ്റ്സ്, സൊബോസ്‍ലായ് എന്നിവരിലായി മുൻനിരയുടെ ചുമതല. ചാമ്പ്യൻസ് ലീഗിൽ പി.എസ്.വിക്കും, പ്രീമിയർ ലീഗിൽ നോട്ടിങ്ഹാമിനുമെതിരായ കളിയിൽ പുറത്തിരുന്നു േഫ്ലാറിയാൻ റിറ്റ്സിനെ െപ്ലയിങ് ഇലവനിൽ ഉൾപ്പെടുത്തിയപ്പോൾ, പരിക്കേറ്റ ഹ്യൂഗോ എകിടികെ, സലാഹ് എന്നിവർ പുറത്തായി. പകരം, ഇസാകും െപ്ലയിങ് ഇലവനിലെത്തി.
അവസാന 12 കളിയിൽ ഒമ്പതിലും തോറ്റ് മുക്കാൽ നൂറ്റാണ്ടിനിടെ ഏറ്റവും മോശം ഫോമിലേക്ക് തകർന്ന് വെന്റിലേറ്ററിലായ ലിവർപൂളിനുള്ള ഓക്സിജൻ സിലണ്ടറായിരുന്നു വെസ്റ്റ്ഹാമിനെതിരായ ജയം. അതുകൊണ്ടു തന്നെ സൂപ്പർതാരത്തെ പുറത്തിരുത്തിയും കോച്ച് സ്ലോട്ടിന് പരീക്ഷണം തകൃതിയാക്കേണ്ടി വന്നു. ഒരു ജയം കൊണ്ട് ആരാധകരും, മാനേജ്മെന്റും തൃപ്തരാവില്ലെന്ന് കോച്ചിനും ഉറപ്പാണ്. കേളികേട്ട നിരയിൽ വിജയിക്കാനുള്ള ആവേശം കുത്തിവെക്കുകയാണ് സ്ലോട്ടിന്റെ ദൗത്യം.
ലീഡറെ തളച്ച് ചെൽസി
പോയന്റ് പട്ടികയിൽ പിടിതരാതെ കുതിക്കുന്ന ആഴ്സനലിനെ 1-1ന് സമനിലയിൽ തളച്ച് ചെൽസി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കളിയുടെ 48ാം മിനിറ്റിൽ ട്രെവോ ചലോബയുടെ ഗോളിലൂടെ ചെൽസിയാണ് ആദ്യം വലകുലുക്കിയത്. 59ാം മിനിറ്റിൽ മൈകൽ മെറിനോ ആഴ്സനലിന്റെ സമനില ഗോൾ നേടി. കളിയുടെ 37ാം മിനിറ്റിൽ മധ്യനിര താരം മാറ്റ്യൂ കായ്സിഡോ ചുവപ്പുകാർഡുമായി പുറത്തായതോടെ പത്തുപേരുമായാണ് ചെൽസി സ്വന്തം മണ്ണിൽ ഏറിയ സമയവും കളിച്ചത്. അവസാന മൂന്ന് കളിയിൽ ആഴ്സനലിന്റെ രണ്ടാം സമനിലയാണിത്.
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് 2-1ന് ക്രിസ്റ്റൽ പാലസിനെ വീഴ്ത്തി.
