
റാഞ്ചി: ത്രില്ലർ പോരിനൊടുവിൽ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യം ഏകദിനം പിടിച്ച് ഇന്ത്യ. 17 റൺസിനാണ് ജയം. ഇന്ത്യ ഉയർത്തിയ 350 റൺസ് എന്ന പടുകൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 332 റൺസെടുത്ത് പുറത്താകുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസെടുത്തു. സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ച്വറിയുടേയും രോഹിത് ശർമയുടെയും നായകൻ കെ.എൽ.രാഹുലിന്റെയും കരുത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോറിലെത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക് തുടക്കമൊന്ന് പാളിയെങ്കിലും ഗംഭീരമായി തിരിച്ചുവന്നു. മാത്യു ബ്രീറ്റ്സ്കെയുടെയും (72) മാർക്കോ ജാൻസന്റെയും (70) കോർബിൻ ബോഷിന്റെയും (67) നേതൃത്വത്തിലുള്ള തിരിച്ചടിയിൽ ഇന്ത്യ ഒന്ന് വിറച്ചെങ്കിലും അന്തിമ ജയം ഇന്ത്യക്കായിരുന്നു. 49.2 ഓവറിൽ 332 റൺസിന് ദക്ഷിണാഫ്രിക്ക പുറത്തായി.
കിങ് കോഹ്ലി, രോഹിത്, നായകൻ രാഹുൽ
ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യമൽസരം തന്റേതാക്കുകയായിരുന്നു കിങ് കോഹ്ലി (120 പന്തിൽ 135 റൺസ്). കോഹ്ലിക്കൊപ്പം ഇന്ത്യൻ ഇന്നിങ്സിന് തറക്കല്ലിടുന്ന പ്രകടനമായിരുന്നു രോഹിത് ശർമയും ചേർന്ന ‘രോകോ’ സഖ്യം. 51 പന്തിൽ 57 റൺസ്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ റെക്കോഡും രോഹിത് സ്വന്തമാക്കി. ക്യാപ്റ്റൻ കെ.എൽ. രാഹുൽ മൂന്ന് സിക്സറുകളും രണ്ടുഫോറും അടക്കം 56 പന്തിൽ 60 റൺസ് നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്തുടക്കത്തില്‍ തന്നെ 18 റൺസെടുത്ത ഓപണര്‍ യശസ്വി ജയ്സ്വാളിനെ നഷ്ടമായി. രണ്ടാം വിക്കറ്റില്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഇന്ത്യന്‍ ഇന്നിങ്സിനെ മുന്നോട്ടു നയിച്ചു. തുടക്കത്തിൽ ശ്രദ്ധയോടെ നേരിട്ട കോഹ്ലി പിന്നീട് അരങ്ങുവാഴുകയായിരുന്നു. പത്തോവർ അവസാനിക്കുമ്പോള്‍ 80ന് ഒന്ന് എന്ന നിലയിലായിരുന്ന ഇന്ത്യ അടുത്ത പത്തോവറില്‍ ടീമിനെ 153 ലെത്തിച്ചു. രോകോ സഖ്യം അർധസെഞ്ച്വറി നേടുകയും ചെയ്തു.
സ്കോര്‍ 161 ല്‍ നില്‍ക്കേ രോഹിത്തിനെ എൽ.ബി.ഡബ്ല്യുവിൽ കുരുക്കി മാര്‍ക്കോ യാന്സന് ഇന്ത്യയുടെ രണ്ടാം വിക്കറ്റ് വീഴ്ത്തി. 51 പന്തില്‍ 57 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. അഞ്ചുഫോറുകളും മൂന്ന് സിക്സറുമടങ്ങിയതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. നാലാമനായി ഇറങ്ങിയ ഋതുരാജ് ഗെയ്ക്വാദ് എട്ടു റൺസെടുത്ത് ബാർട്ട്മാന് വിക്കറ്റ്നൽകി മടങ്ങി. തുടർന്നെത്തിയ വാഷിങ്ടൺ സുന്ദർ 13 റൺസെടുത്ത് ബാർട്ട്മാന്റെ രണ്ടാമത്തെ ഇരയായി കൂടാരം കയറുകയായിരുന്നു. സെഞ്ച്വറിക്കുശേഷം വിരാടരൂപം പൂണ്ട കോഹ്ലി പ്രോട്ടീസ് ബൗളർമാരെ പൊതിരെ തല്ലുകയായിരുന്നു.
സ്കോർ 276ൽ നിൽക്കെ ബർഗറിനെതിരെ കൂറ്റനടിക്ക് ശ്രമിച്ച കോഹ്ലി റിക്കിൽടെണിന്റെ ക്യാച്ചിൽ പവിലിയനിലേക്ക് മടങ്ങുകയായിരുന്നു. ഏഴ് സിക്സറുകളും പതിനൊന്ന് ഫോറുമടക്കം 135 റൺസാണ് കോഹ്ലി അടിച്ചെടുത്തത്. ക്യാപ്റ്റൻ കെ.ആർ. രാഹുൽ (60 റൺസ്) റിവേഴ്സ് സ്വീപ്പിനുള്ള ശ്രമത്തിനിടെ ഡികോക്കിന് ക്യാച്ച് നൽകി പുറത്താവുകയായിരുന്നു. ഏഴാമനായ രവീന്ദ്ര ജദേജ 20 പന്തിൽ 32 റൺസും അർഷ്ദീപ് സിങ് പൂജ്യത്തിനും പുറത്താവുകയായിരുന്നു. രണ്ടുപന്തിൽ മൂന്ന് റൺസെടുത്ത ഹർഷിത് റാണയും കുൽദീപ് യാദവുമായിരുന്നു 50 ഓവർ പൂർത്തിയാവുമ്പോൾ ക്രീസിലുണ്ടായിരുന്നത്. ദക്ഷിണാഫ്രിക്കക്കായി ബൗളർമാരായ മാർക്കോ യാൻസനും നാന്ദ്രേ ബർഗറും കോർബിൻ ബോഷും ഒട് നീൽ ബാർട്ട് മാനും രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തി. ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളിങ്ങിന്റെ കുന്തമുനയായ യാൻസനാണ് ഇന്ന് ഇന്ത്യൻ ബാറ്റർമാരുടെ ബാറ്റിനെറ ചൂടറിഞ്ഞത്.
