ട്വന്റി20 ലോകകപ്പ് ഫൈനലും, കോമൺവെൽത് ഗെയിംസും അഹമ്മദാബാദിൽ; എന്ത്കൊണ്ട് മുംബൈയും കൊൽക്കത്തയുമില്ല..?; സ്​പോർട്സിൽ രാഷ്ട്രീയം കളിക്കരുതെന്ന് ശിവസേന



മുംബൈ: ഇന്ത്യയും ശ്രീലങ്കയും സംയുക്ത ആതിഥേയരാകുന്ന ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ വേദികൾ പ്രഖ്യാപിച്ചതിനു പിന്നാലെ രാഷ്ട്രീയ വിവാദത്തിനും തുടക്കം. ​ഫൈനൽ പോരാട്ട വേദിയായ ഗുജറാത്തിലെ അഹമ്മദാബാദിനെ പ്രഖ്യാപിച്ചതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. കായിക പാരമ്പര്യമുള്ള രാജ്യത്തെ മറ്റു മഹാനഗരങ്ങ​ളെ മറന്ന്, ഒന്നിനു പിന്നാലെ ഒന്നായി വലിയ മാമാങ്കങ്ങളെല്ലാം അഹമ്മദാബാദിൽ നടത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന ഉദ്ദവ് വിഭാഗം നേതാവ് ആദിത്യ താക്കറെ രംഗത്ത്.

അടുത്തവർഷം ഫെബ്രുവരി ഏഴിന് തുടങ്ങി മാർച്ച് എട്ടുവരെ നീണ്ടു നിൽക്കുന്ന ഐ.സി.സി ട്വന്റി20 ലോകകപ്പ് വേദികൾ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടൂർണമെന്റിൽ ചെന്നൈ, മുംബൈ, കൊൽക്കത്ത, ഡൽഹി എന്നിവക്കു പുറമെ അഹമ്മദാബാദാണ് അഞ്ചാമത്തെ ഇന്ത്യൻ നഗരം. ഗ്രൂപ്പ് മത്സരങ്ങൾക്ക് പുറമെ, ഫൈനലും ഷെഡ്യൂൾ ചെയ്തിരിക്കുന്നത് അഹമ്മദാബാദിലാണ്.

2023 ഏകദിന ലോകകപ്പ് ഫൈനലിന് വേദിയായ അതേ സ്റ്റേഡിയത്തിൽ ട്വന്റി20യും കൊണ്ടുപോവുന്നതിനെയാണ് ആദിത്യ താക്കറെ ചോദ്യം ചെയ്യുന്നത്. ഇന്ത്യ 2011ൽ ലോകചാമ്പ്യന്മാരായ മുംബൈ വാംഖഡെ സ്റ്റേഡിയം ട്വന്റി20 ലോകകപ്പിനും മികച്ച വേദിയാണെന്നും അദ്ദേഹം ഓർമപ്പെടുത്തുന്നു.

‘എല്ലാ ഫൈനലും അഹമ്മദാബാദിൽ നടത്തുന്നത് എന്തിനാണ്. എന്താണ് അവിടെയിത്ര ആകർഷണം? ഇതൊരു പരമ്പരാഗത ക്രിക്കറ്റ് വേദിയാണോ?.​ ഐ.സി.സിയിൽ നിന്നും ഇത്തരത്തിൽ പക്ഷപാത രാഷ്ട്രീയകളി പ്രതീക്ഷിച്ചതല്ല. ഈ രാഷ്ട്രീയ പക്ഷപാതിത്തം തികച്ചും അനീതിയാണ്’ -ആദിത്യ താകറെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

കൊൽക്കത്തയിലെ ഈഡൻഗാർഡൻസ്, ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയം, മൊഹാലി സ്റ്റേഡിയം എന്നിവയും മികച്ചതാണ് -ആദിത്യ താക്കറെ പറഞ്ഞു.

അഹമ്മദാബാദിന് പുറമെ കൊളംബോയെയും ലോകകപ്പ് ഫൈനൽ വേദിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഫൈനലിലേക്ക് പാകിസ്താൻ യോഗ്യത നേടിയാൽ കളി കൊളംബോയിലാവും. ഇല്ലെങ്കിൽ അഹമ്മദാബാദിലും.

ട്വന്റി20 ലോകകപ്പ് വേദി പ്രഖ്യാപനത്തിനു പിന്നാലെയാണ്, 2030 കോമൺവെൽത്ത് ഗെയിംസിന്റെ ആതിഥേയ നഗരമായും അഹമ്മദാബാദിനെ പ്രഖ്യാപിച്ചത്. 2010ൽ ന്യൂഡൽഹി വേദിയായ കോമൺവെൽത് ഗെയിംസിനു ശേഷമാണ് രാജ്യത്തേക്ക് വീണ്ടും 74 രാജ്യങ്ങൾ പ​ങ്കെടുക്കുന്ന മേളയെത്തുന്നത്.



© Madhyamam