
മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ തകർന്നടിഞ്ഞതിനു പിന്നാലെ, മുൻകാല താരങ്ങളുടെയും ആരാധകരുടെയും വിമർശനങ്ങൾക്ക് വിധേയനായ കോച്ച് ഗൗതം ഗംഭീറിന് സുരക്ഷാ വലയം തീർത്ത് ഇന്ത്യൻ ക്രിക്കറ്റ് അധികൃതർ. ടീമിന്റെ ഏറ്റവും വലിയ തോൽവിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് ഗംഭീർ സ്ഥാനമൊഴിയണമെന്ന് മുറവിളി ഉയരുന്നതിനിടെയാണ് പരിശീലക സ്ഥാനത്തു നിന്നും മുൻ താരത്തെ ഒഴിവാക്കാൻ ആലോചനയില്ലെന്ന് ബി.സി.സി.ഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.
ഒരു വർഷത്തിനിടെ സ്വന്തം മണ്ണിൽ രണ്ട് പരമ്പരകളിൽ സമ്പൂർണ തോൽവികൾ വഴങ്ങിതോടെ വിവിധ കോണുകളിൽ നിന്നാണ് കോച്ചിനും സെലക്ഷൻ കമ്മിറ്റിക്കുമെതിരെ വിമർശനമുയർന്നത്. ബുധനാഴ്ച മത്സരത്തിനു പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിൽ കോച്ച് സ്ഥാനത്തു നിന്നും രാജിവെക്കാനുളള സാധ്യത ഗൗതം ഗംഭീർ തള്ളിയിരുന്നു. എന്നാൽ, ഭാവി ബി.സി.സി.ഐക്ക് തീരുമാനിക്കാമെന്നും വ്യക്തമാക്കി.
വ്യാഴാഴ്ചയാണ് മുതിർന്ന ബി.സി.സി.ഐ ഉദ്യോഗസ്ഥൻ കോച്ചിനെ പുറത്താക്കാനുള്ള സാധ്യതകൾ തള്ളിയത്. ലോകകപ്പിന് മുമ്പ് കോച്ചിനെ മാറ്റുകയെന്ന തീരുമാനം തിടുക്കപ്പെട്ട് എടുക്കില്ലെന്നും, ടീം തലമുറമാറ്റമെന്ന ഘട്ടത്തിലാണെന്നും അത് തുടരുമെന്നും അറിയിച്ചു.
2027 ലോകകപ്പ് പടിവാതിൽക്കലെത്തി നിൽക്കെ തിരക്കുപിടിച്ച തീരുമാനം ഇപ്പോഴുണ്ടാവില്ല. നിലവിൽ ഗൗതം ഗംഭീറുമായി ലോകകപ്പ് വരെ കരാറുണ്ട്. ബി.സി.സി.ഐ സെലക്ടർമാരുമായും ടീം മാനേജ്‌മെന്റുമായും ചർച്ച നടത്തും -മുതിർന്ന ബി.സി.സി.ഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും വിൻഡീസിനും ബംഗ്ലാദേശിനുമെതിരായും വിജയം നേടിയതിനു പിന്നാലെ ദക്ഷിണാഫ്രികക്കെതിരെ നടന്ന പരമ്പരയിലെ 2-0 തോൽവിയാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
ബാറ്റിലും ബൗളിലും ദയനീയമായി പരാജയപ്പെട്ടതോടെ ഗംഭീറിന്റെ നേതൃത്വത്തിലുള്ള പരീക്ഷണങ്ങളെ കുറിച്ച് വിമർശനമുയർന്നു. ഓപണിങ് മുതൽ മധ്യനിരവരെ ബാറ്റിങ് ഓർഡറിൽ നിരന്തര പരീക്ഷണവും, ടെസ്റ്റ് കളിക്കാൻ കൂടുതൽ മികവുള്ള താരങ്ങളെ അവഗണിച്ചുള്ള ടീം സെലക്ഷനുമെല്ലാം വിമർശിക്കപ്പെട്ടു.
ഇതോടെയാണ് ഇന്ത്യൻ ടെസ്റ്റ് ടീമിനെ രക്ഷിക്കാൻ കോച്ചിനെ മാറ്റണമെന്ന ആവശ്യമായ മുൻകാല താരങ്ങൾ രംഗത്തെത്തിയത്.
