ഒന്നല്ല, രണ്ടല്ല, മൂന്നല്ല, എണ്ണം പറഞ്ഞ നാല് ഗോളുകൾ; നിറഞ്ഞാടി എംബാപ്പെ, ത്രില്ലർ പോരിൽ റയലിന് ജയം, ബയേണിന്റെ വിജയ കുതിപ്പിന് തടയിട്ട് ആഴ്സനൽ

ഗ്രീസ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഒളിമ്പ്യാകാസിനെതിരെ എംബാപ്പെയുടെ വിളയാട്ടം. ത്രില്ലർ പോരിനൊടുവിൽ ജയം പിടിച്ച് റയൽ മാഡ്രിഡ്. മൂന്നിനെതിരെ നാല് ഗോളിനാണ് (3-4) റയലിന്റെ ജയം.

എട്ടാം മിനിറ്റിൽ പിറകെ പോയ റയലിന് വേണ്ടി 29 മിനിറ്റിൽ ഹാട്രിക്ക് നേടിയ സ്റ്റാർ സ്ട്രൈക്കർ കിലിയൻ എംബാപ്പെ അടിച്ചുകൂട്ടിയത് നാല് ഗോളുകളാണ്. 22, 24, 29, 60 മിനിറ്റുകളിലാണ് എംബാപ്പെ വല കുലുക്കിയത്. എട്ടാം മിനിറ്റിൽ ചിക്വിഞ്ഞോ, 52ാം മിനിറ്റിൽ മെഹ്ദി തരേമി, 81 ാം മിനിറ്റിൽ അയൂബ് എൽകാബിയുമാണ് ഒളിമ്പ്യാകാസിന് വേണ്ടി ഗോൾ നേടിയത്.

മറ്റൊരു മത്സരത്തിൽ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് കീഴടക്കി ആഴ്സനൽ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. 18 കളികളിൽ പരാജയം അറിയാതെയുള്ള ബയേണിന്റെ കുതിപ്പിനാണ് ആഴ്സനൽ തടയിട്ടത്. 22ാം മിനിറ്റിൽ യൂറിയൻ ടിമ്പറും 69ാം മിനിറ്റിൽ നോനി മദുയെകയും 77ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയുമാണ് ആഴ്സനലിനായി ഗോൾ നേടിയത്. 32 ാം മിനിറ്റിൽ ലെനാർട്ട് കാളാണ് ബയേണിന്റെ ആശ്വാസ ഗോൾ നേടിയത്.

മറ്റൊരു മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളിന് ഇന്റർ മിലാനെയും പി.എസ്.വി ഒന്നിനെതിരെ നാല് ഗോളിന് ലിവർപൂളിനേയും മൂന്നിനെതിരെ അഞ്ച് ഗോളിന് പി.എസ്.ജി ടോട്ടൻഹാമിനെയും വീഴ്ത്തി.



© Madhyamam