
ലഖ്നോ: സയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ കേരളത്തിന് പത്തു വിക്കറ്റിന്റെ തകർപ്പൻ ജയം.
ഒഡിഷക്കെതിരെ ലഖ്നോവിലായിരുന്നു ഓപണർമാരായ സഞ്ജുവിന്റെയും രോഹൻ കുന്നുമ്മലിന്റെയും ഉജ്വല വെടിക്കെട്ടിലൂടെ കേരളം ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റം ചെയ്ത ഒഡിഷ ഏഴു വിക്കറ്റിന് 176 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ 41 പന്തിൽ 51 റൺസെടുത്ത് പുറത്താവാതെ നിന്നപ്പോൾ, മറുതലക്കൽ രോഹൻ കുന്നുമ്മൽ ക്രീസിലെ തീയായി മാറി. 60 പന്തിൽ 121 റൺസുമായാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ രോഹൻ കേരളത്തിന് പത്തു വിക്കറ്റ് ജയം സമ്മാനിച്ചത്.
ദേശീയ ടീമിൽ നിന്നും തുടർച്ചയായി അവഗണിക്കപ്പെടുന്നതിനിടെ, ഐ.പി.എല്ലിലെ ശ്രദ്ധേയ കൂടുമാറ്റവുമായി ചെന്നൈ സൂപ്പർ കിങ്സിലെത്തിയ സഞ്ജു സാംസൺ ആരാധരെ ത്രില്ലടിപ്പിക്കുന്ന തുടക്കമാണ് കേരള ജഴ്സിയിൽ നടത്തിയത്. നായകനായിറങ്ങിയ താരം തന്റെ ഉത്തരവാദിത്തം ഭംഗിയായി പൂർത്തിയാക്കി. 10 സിക്സും 10 ബൗണ്ടറിയും പറത്തിയായിരുന്നു രോഹൻ കുന്നുമ്മൽ ക്ലാസ് ഇന്നിങ്സ് കാഴ്ചവെച്ചത്. ഒരു സിക്സും ആറ് ബൗണ്ടറിയും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്.
നേരത്തെ ഒഡിഷയുടെ നാല് വിക്കറ്റ് വീഴ്ത്തി എം.ഡി നിധീഷ് മികച്ച പ്രകടനം കാഴ്ചവെച്ചു. കെ.എം ആസിഫ് രണ്ടും, അങ്കിത് ശർമ ഒന്നും വിക്കറ്റുകൾ വീഴ്ത്തി. സഞ്ജുവിന്റെ സഹോദരൻ സാലി സാംസണും കേരളത്തിനായി കളിച്ചിരുന്നു. എന്നാൽ, വിക്കറ്റ് വീഴ്ത്താൻ കഴിഞ്ഞില്ല. ബിപ്ലബ് സാമന്ത്രി (53) ആണ് ഒഡിഷയുടെ ടോപ് സ്കോറർ.
