
ന്യൂഡൽഹി: ഗുവാഹതിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മൂക്കുകുത്തി വീണ് പരമ്പരയും തോറ്റ് തുന്നം പാടിയ അതേ സമയം തന്നെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾബോർഡിന്റെ പേജിൽ കളർ പങ്കാളിയായി ‘ഏഷ്യൻ പെയിന്റ്സിനെ’ പ്രഖ്യാപിച്ചവരെ വേണം അഭിനന്ദിക്കാൻ.
ദക്ഷിണാഫ്രിക്കൻ സ്പിൻ-പേസ് ബൗളർമാർക്ക് മുന്നിൽ കെ.എൽ രാഹുലും, ഋഷഭ് പന്തും യശസ്വി ജയ്സ്വാളും രവീന്ദ്ര ജദേജയും ഉൾപ്പെടെ പരിചയ സമ്പന്നരായ ബാറ്റിങ് നിര തപ്പിത്തടഞ്ഞ് വീണതിന്റെ നിരാശയിൽ നിൽക്കുമ്പോഴായിരുന്നു ബി.സി.സി.ഐ തങ്ങളുടെ ഔദ്യോഗിക കളർ പാട്ണറായ ഏഷ്യൻ പെയിന്റിനെ പ്രഖ്യാപിക്കുന്നത്.
ടെസ്റ്റ് പരമ്പര 2-0ത്തിന് തോറ്റമ്പി വൈറ്റ് വാഷ് ചെയ്യപ്പെട്ടതിന്റെ നാണക്കേടിന് കണക്കു തീർക്കാൻ അവസരം കിട്ടിയ പോലെയായി ബി.സി.സി.ഐയുടെ പ്രഖ്യാപനം. ഗുവാഹതി ടെസ്റ്റിന്റെ അഞ്ചാം ദിനം ഇന്ത്യൻ വിക്കറ്റുകൾ വീണുകൊണ്ടിരിക്കേ, ആരാധകരും കളർ പാട്ണർഷിപ്പ് പ്രഖ്യാപന പോസ്റ്റിനു കീഴിൽ അരിശം തീർത്തു.
‘വൈറ്റ് വാഷിനു ശേഷം, പെയിന്റടിക്കുന്നത് നല്ലതെന്നായിരുന്നു’ ഒരു കമന്റ്.
വൈറ്റ് വാഷിന് ശേഷം, രണ്ട് ബക്കറ്റ് പുട്ടിയും, പെയിന്റും ആവശ്യമാണ്. ഉടൻ ഗുവാഹതിയിലെത്തിക്കൂ -മറ്റൊരു ആരാധക രോഷം ഇങ്ങനെ.
‘ഇപ്പോൾ എന്തുകൊണ്ട് ഇന്ത്യൻ ടീം വൈറ്റ് വാഷ് ചെയ്യപ്പെട്ടു എന്നതിന്റെ ഉത്തരമായി’. കളർ പാട്ണറുമായി പങ്കാളിത്തംപ്രഖ്യാപിക്കാൻ ഏറ്റവും അനുയോജ്യമായ ദിനം.
‘ഇന്ത്യൻ ടീമിന് ആദരാഞ്ജലികൾ’. ‘ടീമിന് നാണംകെട്ട തോൽവി സമ്മാനിച്ച കോച്ച് ഗംഭീറിനെയും ചീഫ് സെലക്ടർ അഗാർക്കറെയും പുറത്താക്കണം’ -എന്നിങ്ങനെ പോകുന്നു ആരാധകരുടെ പ്രതികരണങ്ങൾ.
ഗുവാഹതി ടെസ്റ്റിൽ 408 റൺസിനായിരുന്നു ഇന്ത്യൻ തോൽവി. ഈഡൻ ഗാർഡനിലേത് കൂടിയായതോടെ പരമ്പര 2-0ത്തിന് അടിയറവു വെച്ചു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സിൽ 489ഉം, രണ്ടാം ഇന്നിങ്സിൽ 260/5 റൺസെടുത്തു. ഇന്ത്യക്ക് ഒന്നാം ഇന്നിങ്സിൽ 201ഉം, രണ്ടാം ഇന്നിങ്സിൽ 140 ഉം റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
2000ത്തിന് ശേഷം ആദ്യമായാണ് ഇന്ത്യൻ മണ്ണിൽ ദക്ഷിണാഫ്രിക്ക ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്നത്. റൺ മാർജിനിൽ സ്വന്തംമണ്ണിൽ ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് തോൽവിയായും ഇത് മാറി. 2004ൽ നാഗ്പൂരിൽ ആസ്ട്രേലിയയോട് വഴങ്ങിയ 342 റൺസ് തോൽവിയെന്ന റെക്കോഡാണ് ഗംഭീറിന്റെ ടീം തിരുത്തിയത്.
