കിങ്സ്റ്റൺ: ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമെന്ന ഖ്യാതി ഇനി ക്യുറസാവോക്ക് സ്വന്തം. കഴിഞ്ഞ രാത്രി നടന്ന കോൺകകാഫ് യോഗ്യത മത്സരത്തിൽ ജമൈക്കക്കെതിരെ ഗോൾരഹിത സമനില പിടിച്ചതോടെയാണ് ക്യുറസാവോ ലോകകപ്പ് ബർത്ത് ഉറപ്പിച്ചത്. ആകെ 1.56 ലക്ഷം ജനം മാത്രം വസിക്കുന്ന ഈ കരീബിയൻ ദ്വീപ്, മേഖലയിൽനിന്ന് ഹെയ്ത്തി, പാനമ രാജ്യങ്ങൾക്കൊപ്പമാണ് 2026ലെ ലോകമാമാങ്കത്തിന് അർഹത നേടിയത്. യു.എസ്. കാനഡ, മെക്സികോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് 48 ടീമുകൾ അണിനിരക്കുന്ന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
യോഗ്യത മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ക്യുറാസാവോയുടെ മുന്നേറ്റം. ബെർമുഡക്കെതിരെ 7-0ന്‍റെ വമ്പൻ ജയം നേടിയ ടീം, ആറ് മത്സരങ്ങളിൽനിന്ന് 12 പോയിന്‍റുമായി ഗ്രൂപ്പ് ബിയിൽ ഒന്നാമതാണ്. ജമൈക്കയാണ് രണ്ടാം സ്ഥാനത്ത്. ക്യുറാസാവോയുടെ ആകെ ഭൂവിസ്തൃതി കേവലം 444 ചതുശ്ര കിലോമീറ്ററാണ്. ലോകകപ്പ് കളിക്കുന്ന ചെറിയ രാജ്യമെന്ന ഐസ്‌ലാൻഡിന്‍റെ റെക്കോഡാണ് അവർ മറികടന്നത്. 2016ൽ യൂറോകപ്പിലെ വമ്പൻ പ്രകടനകത്തിലൂടെയാണ് 2018ൽ ഐസ്‌ലാൻഡ് ലോകകപ്പ് കളിച്ചത്. 3.5 ലക്ഷമാണ് ഐസ്‌ലാൻഡിലെ ജനസംഖ്യ. ക്യുറസാവോയുടെ ഇരട്ടി വരുമിത്.
78കാരനായ ഡിക്ക് അഡ്വക്കേറ്റാണ് കുറസാവോയുടെ പരിശീലകൻ. യോഗ്യത നേടിയതോടെ, ലോകകപ്പിലെ ഏറ്റവും പ്രായമേറിയ പരിശീലകനെന്ന റെക്കോഡ് ഡിക്ക് അഡ്വക്കേറ്റ് സ്വന്തമാക്കും. ഡച്ചുകാരനായ അഡ്വക്കേറ്റ്, 1994ൽ ലോകകപ്പ് ക്വാർട്ടർ ഫൈനലിലെത്തിയ നെതർലൻഡ്സ് ദേശയ ടീമിൽ അംഗമായിരുന്നു. മുമ്പ് ഏഴ് ടീമുകൾക്ക് പരിശീലനം നൽകിയ പരിചയവുമായി കഴിഞ്ഞ വർഷം ജനുവരിയിലാണ് അദ്ദേഹം ക്യുറസാവോയുടെ പരിശീലകനായി ചുമതലയേറ്റത്. ദേശീയ ടീമിലെ മുഴുവൻ അംഗങ്ങളും നെതർലൻഡുകാരാണെന്നത് മറ്റൊരുരസകരമായ വസ്തുതയാണ്. നെതർലൻഡ്സിന്‍റെ ഓറഞ്ച് കുപ്പായമണിയാനുള്ള അവസരം വേണ്ടെന്നുവെച്ചാണ് പലരും നീല ജഴ്സിയിൽ ഇറങ്ങുന്നത്.
നെതർലൻഡ്സിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സ്വയംഭരണാവകാശം നേടിയ ക്യുറസാവോ, 2010ലാണ് ഫിഫയിൽ അംഗമായത്. ലോകകപ്പ് യോഗ്യത അവരുടെ കായിക മേഖലക്ക് പുത്തനുണർവാകും. ക്യുറസാവോക്ക് പുറമെ, മേഖലയിൽനിന്ന് യോഗ്യത നേടിയ ഹെയ്ത്തി, 52 വർഷത്തിനു ശേഷമാണ് ടൂർണമെന്‍റിനെത്തുന്നത്. 1974ലാണ് അവർ ആദ്യമായി ലോകകപ്പ് കളിച്ചത്. നിക്വാരാഗ്വക്കെതിരെ നേടിയ ജയമാണ് അവരെ ലോകവേദിയിലേക്ക് വീണ്ടും നയിച്ചത്. ഗ്രൂപ്പ് എയിൽ എൽസാൽവദോറിനെ 3-0ന് തറപറ്റിച്ച് ഒന്നാമന്മാരായാണ് പാനമ ലോകകപ്പ് ബർത്തുറപ്പിച്ചത്. കരീബിയൻ ഫുട്ബാളിന്‍റെയും മധ്യ അമേരിക്കൻ മേഖലയുടെയും ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ലോകകപ്പ് യോഗ്യതയാണ് ഈ രാജ്യങ്ങൾ നേടിയെടുത്തിരിക്കുന്നത്.
