കൊച്ചി: ‘മെസ്സി വരും കെട്ടോ.. എന്ന സംസ്ഥാന കായിക മന്ത്രിയുടെ അവകാശ വാദത്തിൽ കഴമ്പുണ്ടായിരുന്നെങ്കിൽ കേരളം ഇന്ന് കലൂരിൽ തമ്പടിച്ചേനേ. ലയണൽ മെസ്സിയും കൂട്ടുകാരും മലയാളക്കരയിൽ പന്തുതട്ടാനിറങ്ങുമെന്ന് മന്ത്രി പ്രഖ്യാപിച്ച ദിവസം ഇന്നായിരുന്നു -നവംബർ 17. മന്ത്രി വി.അബ്ദുറഹിമാന്റെയും വിവാദ സ്പോൺസറുടെയും അവകാശവാദങ്ങളിൽ വിശ്വസിച്ച് കേരളം കാത്തിരുന്ന ചരിത്ര മൂഹൂർത്തം പക്ഷേ, പുലരാതെ പോയി. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ പുൽത്തകിടിയിൽ അർജന്റീനയുടെ വിശ്വവിജയികൾ വിരുന്നെത്തുന്നത് സ്വപ്നം കണ്ടത് മിച്ചം.
ആസ്ട്രേലിയ എതിരാളികളായെത്തുമെന്നായിരുന്നു മന്ത്രിയുടെയും സ്പോൺസറുടെയും പ്രഖ്യാപനം. കൊച്ചിയിലെത്തിയ അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്റെ ഇന്റര്‍നാഷനല്‍ മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ ഖബ്രേറ നൽകിയ ഉറപ്പിന്മേലായിരുന്നു മന്ത്രി തീയതിയടക്കം പ്രഖ്യാപിച്ച് അരങ്ങു കൊഴുപ്പിച്ചത്.
ഒടുക്കം, ഇതിഹാസ താരത്തിന്റെ കാൽപെരുക്കം കാതോർത്ത കേരളത്തിലെ കളിക്കമ്പക്കാരെ പരിഹസിക്കുന്ന രീതിയിലായി കാര്യങ്ങൾ. ടീം വരില്ലെന്നുറപ്പായി. ഇന്ത്യയിൽ പര്യടനം തങ്ങളുടെ കലണ്ടറിൽ ഇല്ലെന്ന് വ്യക്തമാക്കി അർജന്റീന ഫുട്ബാൾ അസോസിയേഷൻ തന്നെ രംഗത്തെത്തി. ഇതിന് പിന്നാലെ, നവംബറിലെ ‘വിൻഡോ’യിൽ നടന്നില്ലെങ്കിലും മാർച്ചിലെ വിൻഡോയിൽ മത്സരം നടക്കുമെന്ന വീരവാദവുമായി സ്പോൺസർ രംഗത്തുവന്നത് കൂടുതൽ ട്രോളുകൾക്ക് വഴിയൊരുക്കി.
എ.ഐ ചിത്രം
മന്ത്രി പറഞ്ഞ ആ മഹാമാമാങ്കത്തിന് നിശ്ചയിച്ച ദിവസം വന്നെത്തിയിട്ടും മെസ്സിയും അർജന്റീനയും വന്നില്ലെങ്കിലും നെറ്റിസൺസ് അടങ്ങിയിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആരവങ്ങളിൽ മുങ്ങിയ നാട്ടിലേക്ക് അവർ നവംബർ 17ന് തന്നെ മെസ്സിയെയും കൂട്ടരെയും സമൂഹ മാധ്യമങ്ങളിലൂടെ ആനയിച്ചു.
മന്ത്രി പ്രഖ്യാപിച്ച ‘ഐതിഹാസിക മത്സരം’ പുൽത്തകിടിയിൽ തീ കോരിയിട്ടില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ ചിരി നിറച്ച് മുന്നേറുകയാണ്. മെസ്സി കൊച്ചിയിലെത്തിയതിന്റെയും മത്സരത്തിന്റെയുമൊക്കെ എ.ഐ ചിത്രങ്ങളുടെയും വിഡിയോകളുടെയും പിൻബലത്തിൽ പോസ്റ്ററുകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞുകഴിഞ്ഞു. കളത്തിലും ഗാലറിയിലും ഉയരേണ്ട ചലനങ്ങളും ആരവങ്ങളും ആവേശവുമൊക്കെ ഈ ട്രോളുകളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.
എ.ഐ ചിത്രം
എന്നാൽ, മെസ്സി വരില്ലെന്ന് അറിയുമെങ്കിലും വരാൻ ഏറെ ആഗ്രഹിച്ച നാട്ടിലെ ഫുട്ബാൾ കമ്പക്കാർ ഈ ദിനം അങ്ങനെ വെറുതെ ഇരിക്കാൻ തയാറല്ലായിരുന്നു. ഫീഡായ ഫീഡുകൾ നിറയെ ഗ്രൂപ്പുകളായ ഗ്രൂപ്പുകൾ നിറയെ ട്രോളോട് ട്രോളായിരുന്നു, എ.ഐ സാങ്കേതിക വിദ്യയിൽ മെസ്സിയെ കലൂർ സ്റ്റേഡിയത്തിൽ ഓട്ടോറിക്ഷയിൽ കൊണ്ടു വന്ന് കളിപ്പിച്ചു വിദ്വാന്മാർ.
“കളി തുടങ്ങല്ലേ …… ഞാനിതാ എത്താറായി. മെട്രോയിൽ കയറിയപ്പോൾ ട്രെയിൻ വിട്ടു പോയി. ഉടൻതന്നെ ഒരു ഓട്ടോ പിടിച്ച് സ്റ്റേഡിയത്തിലേക്ക് വരുന്നുണ്ട്. ഭയങ്കര ട്രാഫിക് ബ്ലോക്കാണ്. അരമണിക്കൂർ കൂടി ഉദ്ഘാടന പ്രസംഗം നീട്ടിക്കോ.. അപ്പോഴേക്കും ഞാൻ ഗ്രൗണ്ടിലെത്തും. മാർട്ടിനസിനോട് എന്റെ ബൂട്ടും സോക്സും ജേഴ്സിയും ഗ്രൗണ്ടിന്റെ സൈഡിൽ വെച്ചോളാൻ പറ, ഞാൻ അവിടുന്ന് മാറ്റിക്കോളാം”- ഇങ്ങനെ പോകുന്നു ട്രോളുകൾ.
ഇതിനിടെ, ഇതേ നവംബർ വിൻഡോയിൽ അംഗോളയിൽ പോയി സൗഹൃദ മത്സരം കളിച്ചു അർജന്റീന. അംഗോളയുടെ സ്വാതന്ത്ര്യ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അതിഥി രാജ്യമായി കളിക്കാനെത്തിയ അർജന്റീന മറുപടിയില്ലാത്ത രണ്ട് ഗോളിന് അംഗോളയെ കീഴടക്കുകയും ചെയ്തു.
കളിയുടെ 43-ാം മിനിറ്റിൽ ലൗതാരോ മാർട്ടിനസും, 82-ാം മിനിറ്റിൽ മെസ്സിയും നേടിയ ഗോളുകളായിരുന്നു ടീമിന് വിജയം സമ്മാനിച്ചത്. ഇതിന് പിറകെയും വന്നു ട്രോൾ. കലൂരിലെ ഗോൾ പോസ്റ്റിൽ അടിക്കാനുള്ള ഗോളുകളാണ് അംഗോളക്കാർ കോണ്ടുപോയതെന്നായിരുന്നു ഇതിലൊന്ന്.
ട്രോളൊക്കെ അതിന്റെ വഴിക്ക് നടക്കുന്നുണ്ടെങ്കിലും കായിക മന്ത്രി മെസ്സിയെ കൈവിട്ട മട്ടില്ലെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ പ്രസ്താവന. അർജന്റീന ടീം മാർച്ചിൽ കേരളത്തിലെത്തുമെന്നാണ് മന്ത്രി ഇപ്പോൾ പറയുന്നത്. രണ്ടുദിവസം മുമ്പ് ടീമിന്റെ മെയിൽ വന്നുവെന്നും എ.എഫ്.എ ഉടൻ പ്രഖ്യാപനം നടത്തുമെന്നും മന്ത്രി അറിയിച്ചു. 15 ദിവസത്തിനകം സ്റ്റേഡിയത്തിന് ഫിഫ അംഗീകാരം ലഭിക്കുമെന്നും മന്ത്രി അവകാശപ്പെടുന്നു.
