ഹൈദരാബാദ്: കൊച്ചിയിലേക്ക് ലയണൽ മെസ്സി വരുന്നത് കാത്ത് നിരാശപ്പെട്ട ആരാധകർ വേഗം ഹൈദരാബാദിലേക്ക് വണ്ടി കയറിക്കോളൂ. ഡിസംബർ 13ന് ആരംഭിക്കുന്ന ലയണൽ മെസ്സിയുടെയും ഇന്റർമയാമിയിലെ സഹതാരങ്ങളുടെയും ഇന്ത്യയിലേക്കുള്ള ‘ഗോട്ട് ടൂറിന്റെ’ ഭാഗമായി താരം ഹൈദബാദിലെത്തും. നേരത്തെ നിശ്ചയിച്ച അഹമ്മദാബാദ് സന്ദർശനത്തിന് പകരമായാണ് മെസ്സിയും കൂട്ടുകാരും ഹൈദരാബാദിലെത്തുന്നത്.
ലോക ഫുട്ബാളിലെ ഇതിഹാസ താരത്തിന്റെ വരവിനെ തങ്ങളുടെ ബ്രാൻഡ് ബിൽഡിങ്ങിനുള്ള അവസരമാക്കി മാറ്റുകയാണ് തെലങ്കാന സർക്കാർ. മെസ്സിയെ, റൈസിങ് തെലങ്കാന അംബാസഡറായി ചടങ്ങിൽ അവതരിപ്പാക്കുള്ള പദ്ധതിയിലാണ് സർക്കാർ. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി കൂടികാഴ്ചയും നടക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന ചടങ്ങിൽ ലോകതാരത്തിന്റെ ഹൈദരാബാദ് സന്ദർശനത്തിന്റെ പോസ്റ്റർ പ്രകാശനം നിർവഹിച്ചു.
ടൂറിസം, കായിക, നിക്ഷേപ, വ്യവസായ മേഖലകളിൽ തെലങ്കാനയുടെ കുതിച്ചു ചാട്ടം സ്വപ്നം കാണുന്ന റൈസിങ് തെലങ്കാന 2047ന്റെ അംബാസഡറായി മെസ്സിയെ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം.
ഡിസംബർ 13ന് കൊൽക്കത്തിലെത്തുന്ന മെസ്സിയും സംഘവും അതേ ദിവസം ഹൈദരാബാദിലെത്തും ഡിസംബർ 14ന് മുംബൈയിലും 15ന് ന്യൂഡൽഹിയിലുമായാണ് ഷെഡ്യൂൾ തീരുമാനിച്ചത്. ഹൈദരാബാദിൽ മെസ്സിയും ലൂയി സുവാരസും റോഡ്രിഗോ ഡി പോലും ഉൾപ്പെടുന്ന ടീമും സെലിബ്രിറ്റി ടീമും തമ്മിൽ ‘ഗോട്ട് കപ്പ്’ പ്രദർശനം മത്സരം നടക്കും. സെലിബ്രിറ്റി ടീമിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മെസ്സിക്കെതിരെ ബൂട്ടണിഞ്ഞ് കളത്തിലിറങ്ങും. ഡിസംബർ 13ന് ഉപ്പൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലോ, അല്ലെങകിൽ ഗച്ചി ബൗളി സ്റ്റേഡിയത്തിലോ ആണ് പ്രദർശന മത്സരം.
മുംബൈ, ന്യൂഡൽഹി നഗരങ്ങളിലെ സൂപ്പർതാരത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞതായി സംഘാടകർ അറിയിച്ചു.
