
ന്യൂഡൽഹി: മുൻ നായകരും മുതിർന്ന താരങ്ങളുമായി വിരാട് കോഹ്‍ലിക്കും രോഹിത് ശർമക്കും മുന്നറിയിപ്പുമായി ബി.സി.സി.ഐ. ട്വന്റി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിച്ച് ഏകദിനത്തിൽ മാത്രം തുടരുന്ന ഇരു താരങ്ങളോടും ദേശീയ ടീമിൽ കളിക്കണമെങ്കിൽ ആഭ്യന്തര ഏകദിന ക്രിക്കറ്റിൽ കളിക്കണമെന്ന് ബി.സി.സി.ഐ നിർദേശം നൽകി.
ദേശീയ ടീമിൽ കളിക്കാനുള്ള ശാരീരിക ക്ഷമതയും മത്സര ക്ഷമതയും ആഭ്യന്തര ക്രിക്കറ്റിലൂടെ തെളിയിക്കാനാണ് കരിയറിലെ അവസാന നാളുകളിലെത്തിയ സീനിയർ താരങ്ങളോട് ആവശ്യപ്പെടുന്നത്.
ആസ്ട്രേലിയൻ മണ്ണിൽ നടന്ന ഏകദിന പരമ്പരയിൽ ഇന്ത്യക്കായി ഇരു താരങ്ങളും കളിച്ചിരുന്നു. ഡിസംബർ മൂന്ന് മുതൽ ഒമ്പത് വരെ ദക്ഷിണാഫ്രിക്കക്കെതിരായ ഏകിദന പരമ്പരയും, പിന്നാലെ ജനുവരിയിൽ ന്യൂസിലൻഡിനെതിരായ ഏകിദന പരമ്പരയും ഉണ്ട്. അതിന് മുമ്പായി ഡിസംബർ 24നാണ് ഇന്ത്യൻ ആഭ്യന്തര ഏകദിന മത്സരമായ വിജയ് ഹസാരെ ട്രോഫിക്ക് തുടക്കം കുറിക്കുന്നത്.
ടീം സെലക്ഷനിൽ ആഭ്യന്തര ക്രിക്കറ്റിലെ ഫോം മാനദണ്ഡമാക്കുമെന്ന് ഉറപ്പായതോടെ വിജയ് ഹസാരെ ട്രോഫിയിൽ ഇരു താരങ്ങൾക്കും കളിക്കൽ നിർബന്ധമായി.
ബി.സി.സി.ഐ മുന്നറിയിപ്പിനു പിന്നാലെ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ സന്നദ്ധനാണെന്ന് രോഹിത് ശർമ മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ മുഷ്താഖ് അലി ട്വന്റി20യിലും കളിക്കമെന്ന് താരം എം.സി.എയെ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം ലണ്ടനിലുള്ള വിരാട് കോഹ്‍ലിയുടെ തീരുമാനം അറിയില്ല. ഡൽഹി ക്രിക്കറ്റ് അസോസിയേഷന് കോഹ്‍ലിയുടെ സന്ദേശം ലഭിച്ചിട്ടില്ലെന്നാണ് സൂചന.
നീണ്ട ഇടവേളക്കു ശേഷം ആസ്ട്രേലിയക്കെതിരെ ഇരു താരങ്ങളും കളിച്ചിരുന്നു. ആദ്യ ഏകദിനത്തിൽ എട്ട് റൺസിന് പുറത്തായ രോഹിത് പിന്നീട് അഡ്‍ലയ്ഡിൽ 73ഉം, സിഡ്നിയിൽ 121ഉം റൺസുമായി തിളങ്ങി. വിരാട് കോഹ്‍ലി ആദ്യ രണ്ട് കളിയിൽ പൂജ്യത്തിന് പുറത്തായപ്പോൾ, അവസാന മത്സരത്തിൽ 74 റൺസുമായും തിളങ്ങി.
2024 ലോകകപ്പിനു പിന്നലെയാണ് ഇരുവരും ട്വന്റി20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. കോഹ്‍ലി കഴിഞ്ഞ ജനുവരിയോടെ ടെസ്റ്റിൽ നിന്നും വിരമിച്ചു.
എല്ലാ കളിക്കാരും പരമാവധി ആഭ്യന്തര മത്സരം കളിച്ച് ഫിറ്റ്നസ് തെളിയിക്കണമെന്ന് ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർകർ കഴിഞ്ഞ മാസവും ആവശ്യപ്പെട്ടിരുന്നു. ‘സാധ്യമാവുന്ന കളിക്കാരെല്ലാം പരമാവധി ആഭ്യന്തര മത്സരങ്ങൾ കളിക്കണമെന്ന് വർഷങ്ങൾക്ക് മുമ്പേ ആവശ്യപ്പെട്ടതാണ്. ഫിറ്റ്നസ് നിലനിർത്താനും മത്സര ക്ഷമത ഉറപ്പാക്കാനുമുള്ള ഏകമാർഗമാണ് ഇത്. അന്താരാഷ്ട്ര മത്സര കളിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും കഴിയുന്നതും ആഭ്യന്തര മത്സരം കളിക്കണം -അഗാർക്കർ ഒരു അഭിമുഖത്തിൽ പറഞ്ഞു.
കഴിഞ്ഞ വർഷം രഞ്ജി ട്രോഫിയിൽ ഇരുവരും ഓരോ മത്സരം വീതം കളിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു പതിറ്റാണ്ടിലേറെ സജീവമായി നിലനിന്ന ശേഷം കോഹ്‍ലി 12 വർഷത്തിനും, രോഹിത് 10 വർഷത്തിനും ശേഷമായിരുന്നു രഞ്ജി കളിക്കാനെത്തിയത്.
2027 ഏകദിന ലോകകപ്പ് കളിക്കാൻ സ്വപ്നം കാണുന്ന ഇരുവർക്കും ട്വന്റി20യും ടെസ്റ്റുമില്ലാതെ മത്സര ക്ഷമത നിലനിർത്തൽ വെല്ലുവിളിയാണ്. യുവതാരങ്ങൾ മികച്ച പ്രകടനവുമായി ടീമിൽ ഇടം ഉറപ്പിക്കാൻ ശ്രമിക്കുമ്പോൾ പിടിച്ചു നിൽക്കാൻ ഏറെ പൊരുതേണ്ടിവരും. അതേസമയം, ലോകകപ്പിലേക്ക് രണ്ടു വർഷമുണ്ടെന്നും
