റിയാദ്: പോർച്ചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ലീഗിലെത്തിയതിനെക്കുറിച്ച് തന്റെ മനസ്സ് തുറന്നു. സൗദിയുടെ മികച്ച കായിക പദ്ധതിയിൽ വിശ്വസിച്ചാണ് താൻ ഇങ്ങോട്ട് മാറിയതെന്നും, കഴിഞ്ഞ മൂന്ന് വർഷം ഈ തീരുമാനം ശരിയായിരുന്നെന്ന് തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. സൗദി ലീഗിലും രാജ്യത്തെ ടൂറിസം മേഖലയിലും അതിശയിപ്പിക്കുന്ന വികസനമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിയാദിൽ നടന്ന ‘ടൂറിസ്’ കോൺഫറൻസിന്റെ ഭാഗമായുള്ള വിഡിയോ അഭിമുഖത്തിലാണ് റൊണാൾഡോ തന്റെ മനസ്സ് തുറന്നത്.
സൗദിയിലെ ജനങ്ങൾക്ക് ഫുട്ബാളിനോടുള്ള അഭിനിവേശം ‘ഭ്രാന്താണ്’ എന്നും അൽനസ്റിൽ ചേർന്നതുമുതൽ അത് നേരിട്ടറിയുന്നുണ്ടെന്നും താരം വ്യക്തമാക്കി. ‘ഞാൻ ഈ പദ്ധതിയിൽ വിശ്വസിച്ചതുകൊണ്ടാണ് സൗദിയിലേക്ക് വന്നത്. സൗദി ജനതക്കും ലീഗിനും ഇന്നും ഭാവിയിലും വലിയ സാധ്യതകളുണ്ട്, ലീഗ് വളരെയധികം വികസിച്ചു, ഈ മാറ്റത്തിന്റെ ഭാഗമായതിൽ അഭിമാനമുണ്ട്’ -അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയിലെ ടൂറിസം മേഖലയിലെ വളർച്ചയിൽ താനും സന്തോഷവാനാണ്. ‘ഞാൻ നിങ്ങളിലൊരാളാണ്, ഞാനൊരു സൗദിക്കാരനായി തോന്നുന്നു, ഇവിടെ ജീവിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു’ എന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.
സൗദിയിലേക്ക് മാറിയപ്പോൾ ചിലർ തന്നെ ‘ഭ്രാന്തൻ’ എന്ന് വിളിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ അത് ശരിയായ ഭ്രാന്തായിരുന്നെന്നും, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ ദർശനത്തിന്റെ ഫലമായി സൗദി ശക്തമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉടൻ വിരമിക്കുമോ എന്ന ചോദ്യത്തിന്, ‘ഞാനിപ്പോൾ ഉടൻ എന്ന് പറഞ്ഞാൽ, ഉദ്ദേശിക്കുന്നത് പത്ത് വർഷം’ എന്ന തമാശയോടെയായിരുന്നു മറുപടി.
താൻ ഇപ്പോഴത്തെ നിമിഷം ആസ്വദിക്കുകയും ഫിറ്റ്നസ് നിലനിർത്തുകയും ചെയ്യുന്നുണ്ടെന്നും, അൽനസ്റിനും ദേശീയ ടീമിനുമായി ഗോളുകൾ നേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ, അടുത്ത ലോകകപ്പ് തന്റെ അവസാന പങ്കാളിത്തമായിരിക്കാമെന്നും 25 വർഷത്തെ കരിയറിൽ അഭിമാനിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. 2034 ലോകകപ്പിന് സൗദി ആതിഥേയത്വം വഹിക്കുന്നതിൽ അഭിമാനമുണ്ട്. അതൊരു ചരിത്ര സംഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൗദിയിലെ ജീവിതത്തെക്കുറിച്ച് സംസാരിച്ച റൊണാൾഡോ, തനിക്ക് അൽഉലയും റെഡ് സീയും വളരെ ഇഷ്ടമാണെന്നും അവിടെ തനിക്കൊരു വീടുണ്ടെന്നും ആളുകൾ തന്നെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുന്നതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു. ‘ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ എന്നതിലുപരി, തന്റെ സ്വപ്നങ്ങൾ പിന്തുടർന്ന പ്രഫഷനലും സ്ഥിരോത്സാഹിയുമായ ഒരു മനുഷ്യനായി ആളുകൾ എന്നെ ഓർമിക്കണമെന്നുമാണ് ആഗ്രഹം. അതാണ് ഞാൻ അവശേഷിപ്പിക്കാൻ ആഗ്രഹിക്കുന്ന പൈതൃകം’ എന്ന് പറഞ്ഞുകൊണ്ടാണ് സംഭാഷണം അവസാനിപ്പിച്ചത്.
