
ബ്രിസ്ബെയ്ൻ: ഇന്ത്യ -ആസ്ട്രേലിയ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം മഴമൂലം ഉപേക്ഷിച്ചു. ഗാബ സ്റ്റേഡിയത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 4.5 ഓവർ മാത്രമാണ് ബാറ്റ് ചെയ്യാനായത്. വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യൻ ഓപണർമാർ 52 റൺസ് എടുത്തുനിൽക്കെയാണ് മഴ രസംകൊല്ലിയായത്. അഭിഷേക് ശർമ 13 പന്തിൽ 23ഉം ശുഭ്മൻ ഗിൽ 16 പന്തിൽ 29 റൺസുമെടുത്തു. പരമ്പരയിൽ രണ്ടാം മത്സരമാണ് മഴയെടുത്തത്. ശേഷിച്ച മൂന്നിൽ രണ്ടെണ്ണം ജയിച്ച ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. അഭിഷേക് ശർമയാണ് പരമ്പരയിലെ താരം.
17 വർഷത്തിനിടെ ഓസീസിനോട് ട്വന്റി20 പരമ്പര തോറ്റിട്ടില്ലെന്ന റെക്കോഡ് നിലനിർത്തി ടീം ഇന്ത്യക്ക് ആസ്ട്രേലിയയിൽനിന്ന് മടങ്ങാം. 2008ന് ശേഷം ആസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ ട്വന്റി20 പരമ്പരയിൽ തോൽവി വഴങ്ങിയിട്ടില്ല. അഞ്ച് തവണ ആസ്ട്രേലിയയിൽ കളിക്കാനെത്തിയപ്പോൾ മൂന്ന് പരമ്പര ഇന്ത്യ ജയിച്ചപ്പോൾ, രണ്ടെണ്ണം സമനിലയിൽ പിരിഞ്ഞു. തുടർച്ചയായ മൂന്നാം മത്സരത്തിലും മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ പുറത്തിരുത്തിയാണ് ഇന്നും ഇന്ത്യ ഇലവനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ട ജിതേഷ് ശർമയെ തന്നെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയതിൽ ആരാധക രോഷമുയർന്നിട്ടുണ്ട്.
അഭിഷേകിന് റെക്കോഡ്
അഞ്ച് ഓവർ പൂർത്തിയാകും മുമ്പേ മഴയെത്തിയെങ്കിലും അതിനും മുമ്പേ ഇന്ത്യയുടെ വെടിക്കെട്ട് ഓപണർ അഭിഷേക് ശർമ ലോകറെക്കോഡിനെ തന്റെ പേരിൽ കുറിച്ചു. ട്വന്റി20 ക്രിക്കറ്റിൽ അതിവേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന താരം എന്ന റെക്കോഡ് അഭിഷേക് സ്വന്തം പേരിലാക്കി. ഏറ്റവും കുറഞ്ഞ പന്തിൽ 1000 റൺസ് നേടുന്ന താരമെന്ന റെക്കോഡാണ് ആസ്ട്രേലിയൻ മണ്ണിൽ അഭിഷേക് സ്വന്തമാക്കിയത്. ടി20 റൺസ് നാലക്കം തികക്കാൻ 528 പന്തുകൾ മാത്രമാണ് അഭിഷേകിന് വേണ്ടിവന്നത്. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനെ (573 പന്തിൽ 1000) അഭിഷേക് പിന്നിലാക്കി. ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ട് (599 പന്തിൽ 1000), ആസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്വെൽ (604 പന്തിൽ 1000), വിൻഡീസിന്റെ ആന്ദ്രെ റസൽ (609 പന്തിൽ) എന്നിവരാണ് പിന്നിലുള്ളത്.
28 ഇന്നിങ്സുകളിലാണ് അഭിഷേകിന്റെ നേട്ടം. ടോപ് ഓർഡറിൽ ക്രീസിലെത്തി, ആരെയും കൂസാതെയുള്ള സ്ഥിരതയാർന്ന ബാറ്റിങ്ങുമായാണ് അഭിഷേക് റെക്കോഡിലേക്ക് കയറിയത്. ഇന്നിങ്സുകളുടെ എണ്ണത്തിൽ വേഗത്തിൽ 1000 റൺസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമായി. 27 ഇന്നിങ്സിൽ ആയിരം തികച്ച വിരാട് കോഹ്ലിയാണ് ഫാസ്റ്റസ്റ്റ്. കോഹ്ലിയുടെ റെക്കോഡ് ഒരു മത്സരത്തിന്റെ വ്യത്യാസത്തിൽ അഭിഷേകിൽനിന്നും രക്ഷപ്പെട്ടു. കെ.എൽ. രാഹുൽ 29ഉം, സൂര്യകുമാർ 31ഉം, രോഹിത് ശർമ 40ഉം ഇന്നിങ്സിൽ 1000 തൊട്ടു.
