
ന്യൂഡൽഹി: ലോകകപ്പ് നേടിയ വനിത ക്രിക്കറ്റ് ടീമംഗങ്ങൾക്ക് സിയറ എസ്.യു.വി നൽകുമെന്ന് പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്. ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളെ എല്ലാവരും പ്രശംസകൊണ്ട് മൂടുന്നതിനിടെയാണ് ടാറ്റ മോട്ടോഴ്സിന്റെ വ്യത്യസ്തസമ്മാനം. നവംബർ 25ന് പുറത്തറങ്ങാനിരിക്കുന്ന കാറാണ് ടാറ്റ നൽകുക.
ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ടാറ്റ മോട്ടോഴ്സ് സമ്മാനം നൽകുന്ന വിവരം അറിയിച്ചത്. ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം അതിന്റെ ഇതിഹാസപ്രകടനത്തിന്റെ സന്തോഷം ആഘോഷിക്കുകയാണ്. ഈ സന്തോഷത്തിൽ ടാറ്റമോട്ടോഴ്സും പങ്കുചേരുകയാണ്. ടീമംഗങ്ങൾക്ക് ടാറ്റ സിയറ കാർ സമ്മാനമായി നൽകിയാണ് സന്തോഷത്തിൽ ടാറ്റയും പങ്കുചേരുന്നതെന്ന് കമ്പനി എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു.
പ്രചരിക്കുന്ന സ്പൈ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ മൂന്ന് സ്ക്രീനുകളുള്ള ലേഔട്ടാണ് ഇന്റീരിയറിൽ സജ്ജീകരിച്ചിരിക്കുന്നത്. ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, ഇൻഫോടൈന്മെന്റ് ടച്ച്സ്ക്രീൻ എന്നിവ കൂടാതെ മുൻവശത്തെ പാസഞ്ചറിന് കണ്ട്രോൾ ചെയ്യാൻ സാധിക്കുന്ന ഒരു ടച്ച്സ്ക്രീൻ ഡിസ്പ്ലേയും സിയാരയിൽ കാണാൻ സാധിക്കും.
ഫ്ലോട്ടിങ് ഡിസൈനിൽ ഓരോ ടച്ച്സ്ക്രീനിനും 12.3 ഇഞ്ച് വലുപ്പം പ്രതീക്ഷിക്കുന്നുണ്ട്. സോഫ്റ്റ്ടച്ച് പ്രതലത്തിൽ ഡ്യൂവൽ-ടോൺ ഫിനിഷിങിലാണ് ഉൾവശം തയ്യാറാക്കിയിരിക്കുന്നത്. 2.0-ലിറ്റർ ഡീസൽ എൻജിൻ, 1.5-ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിൻ, 1.5-ലിറ്റർ ടർബോ പെട്രോൾ എന്നിവക്ക് പുറമെ ഇലക്ട്രിക് വകഭേദവും ടാറ്റ സിയാരക്ക് പ്രതീക്ഷിക്കാം.
