​ഇ​ന്ത്യ-​ആ​സ്ട്രേ​ലി​യ നാ​ലാം ട്വ​ന്റി20 ഇ​ന്ന്


ഇ​ന്ത്യ​ൻ നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വും പേ​സ​ർ ജ​സ്പ്രീ​ത് ബും​റ​യും പ​രി​ശീ​ല​ന​ത്തി​നി​ടെ

കറാറ (ആസ്ട്രേലിയ): ആദ്യ കളി മഴയെടുത്തു, രണ്ടാം മത്സരത്തിൽ ജയം ആസ്ട്രേലിയക്ക്, പിന്നാലെ ഇന്ത്യയുടെ തിരിച്ചടി…ട്വന്റി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളുടെ ഫലം വ്യത്യസ്തമായിരുന്നു. അഞ്ച് മത്സര പരമ്പരയിൽ ഇരു ടീമും ഇപ്പോൾ 1-1ന് ഒപ്പത്തിനൊപ്പമാണ്. നാലാമത്തെ കളി വ്യാഴാഴ്ച കറാറയിൽ നടക്കുമ്പോൾ പ്രതീക്ഷ നിലനിർത്താൻ ഇരു ടീമിനും ജയം അനിവാര്യം. ഹൊബാർട്ടിൽ കഴിഞ്ഞ വാരാന്ത്യത്തിൽ അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം നേടിയ ആത്മവിശ്വാസത്തിലാണ് സൂര്യകുമാർ യാദവ് നയിക്കുന്ന മെൻ ഇൻ ബ്ലൂ.

ഓസീസ് പേസർ ജോഷ് ഹേസിൽവുഡിന് പിന്നാലെ വെടിക്കെട്ട് ഓപണർ ട്രാവിസ് ഹെഡും പരമ്പരയിൽനിന്ന് പിന്മാറിയത് ഇന്ത്യക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. ആഷസ് ടെസ്റ്റുകൾക്ക് മുന്നോടിയായി ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ പോയിരിക്കുകയാണ് ഹെഡ്. പരമ്പരയിൽ മുന്നിലെത്താൻ ഇത് സുവർണാവസരമാണ്. എന്നാൽ, ഓപണർ ശുഭ്മൻ ഗിൽ ഇനിയും ഫോമിലേക്കുയരാത്തത് തലവേദനയായിട്ടുണ്ട്.

ആസ്ട്രേലിയയിലെത്തി കഴിഞ്ഞ ആറ് മത്സരങ്ങളിൽ ഒരു അർധ ശതകംപോലും നേടാൻ ഗില്ലിനായിട്ടില്ല. അഭിഷേക് ശർമ സ്ഥിരത പുലർത്തുന്നുണ്ട്. ക്യാപ്റ്റൻ സൂര്യ, തിലക് വർമ ഉൾപ്പെടെയുള്ളവരും തരക്കേടില്ലാത്ത സംഭാവനകൾ നൽകുന്നു. സഞ്ജു സാംസണിനെ ബെഞ്ചിലിരുത്തി വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമയെ മൂന്നാം മത്സരത്തിൽ പരീക്ഷിച്ചത് ക്ലിക്കായിട്ടുണ്ട്. സ്പിൻ ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദറിന്റെ ബാറ്റിങ് പ്രകടനവും എടുത്തുപറയണം.

ഹെഡിന്റെ അഭാവത്തിൽ നായകൻ മിച്ചൽ മാർഷിനൊപ്പം മാത്യു ഷോർട്ട് ഓസീസ് ഇന്നിങ്സ് ഓപൺ ചെയ്യും. പേസർമാരായ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്, ജോഷ് ഹേസിൽവുഡ്, സീൻ ആബട്ട് തുടങ്ങിയവരില്ലാത്ത പേസ് ബൗളിങ് ഡിപ്പാർട്മെന്റ് അൽപം ദുർബലമായിട്ടുണ്ട്.

ടീം ഇവരിൽനിന്ന്

ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, തിലക് വർമ, ജിതേഷ് ശർമ, ശിവം ദുബെ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ഹർഷിത് റാണ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഡി, സഞ്ജു സാംസൺ, അർഷ്ദീപ് സിങ്, റിങ്കു സിങ്.

ആസ്‌ട്രേലിയ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), മാത്യു ഷോർട്ട്, ജോഷ് ഇംഗ്ലിസ്, ജോഷ് ഫിലിപ്, ഗ്ലെൻ മാക്‌സ്‌വെൽ, മിച്ചൽ ഓവൻ, മാത്യു കുനിമാൻ, ആഡം സാംപ, മഹ്‌ലി ബേർഡ്‌മാൻ, ബെൻ ദ്വാർഷുയിസ്, സേവ്യർ ബാർട്ട്‍ലെറ്റ്, നതാൻ എല്ലിസ്, മാർക്കസ് സ്റ്റോയ്നിസ്.

© Madhyamam