
മുംബൈ: പകരക്കാരിയായി ടീമിലെത്തി, ഫൈനലിൽ ഇന്ത്യയുടെ വിജയ ശിൽപിയായിമാറിയ ഷഫാലി വർമയാണ് ഇന്നത്തെ ഹീറോയിൻ. ഐ.സി.സി വനിതാ ലോകകപ്പിനായി ഇന്ത്യ സ്വന്തം മണ്ണിൽ പാഡുകെട്ടി ഒരുങ്ങുമ്പോൾ ടീമിന്റെ ഭാഗമായിരുന്നിന്ന ഷഫാലി വർമ. ഗ്രൂപ്പ് റൗണ്ടിലെ ഏഴ് മത്സരങ്ങളും കഴിഞ്ഞപ്പോൾ അപ്രതീക്ഷിതമായിരുന്നു ഷെഫാലിക്ക് വിളിയെത്തുന്നത്. ഓപണർ പ്രതിക റാവൽ, ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായപ്പോഴായിരുന്നു പാർട്ടൈം ബൗളറും ബാറ്ററുമായ ഷഫാലിക്ക് നറുക്ക് വീഴുന്നത്.
സെമിയിൽ ആസ്ട്രേലിയക്കെതിരെ സ്മൃതി മന്ദാനക്കൊപ്പം ബാറ്റുവീശിയ താരം അന്ന് 10 റൺസുമായി പുറത്തായി. എന്നാൽ, ദക്ഷിണാഫ്രിക്കക്കെതിരെ മുംബൈയിൽ നടന്ന കലാശപ്പോരാട്ടത്തിൽ ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായ ബാറ്റിങ്ങുമായാണ് തിളങ്ങിയത്. ഓപണിങ്ങിലിറങ്ങി 87 റൺസ് അടിച്ചെടുത്ത താരം രണ്ട് നിർണായക വിക്കറ്റുകൾ കൂടി വീഴ്ത്തി ഫൈനലിലെ െപ്ലയർ ഓഫ് ദി മാച്ചുമായി.
ഐ.സി.സി ലോകകപ്പ് ഫൈനലിൽ അർധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡാണ് 21 കാരിയായ ഷഫാലി മുംബൈയിൽ വെച്ച് സ്വന്തം പേരിൽ കുറിച്ചത്. പുരുഷ-വനിതാ ലോകകപ്പുകളിലെ റെക്കോഡ് പുസ്തകത്തിലും ഷെഫാലി മുൻനിരയിലെത്തി. 2013 ലോകകപ്പ് ഫൈനലിൽ അർധസെഞ്ച്വറി നേടിയ ആസ്ട്രേലിയയുടെ ജെസി ഡഫിന്റെ റെക്കോഡാണ് (23 വയസ്സ്) വനിതകളിൽ പിന്തള്ളിയത്. പുരുഷ ലോകകപ്പിൽ അർധസെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ഇന്ത്യയുടെ വിരേന്ദർ സെവാഗാണ്. 2003ൽ 24ാം വയസ്സിലായിരുന്നു സെവാഗിന്റെ പ്രകടനം. ഈ റെക്കോഡും ഷഫാലി മറികടന്നു.
ന്യൂബാളിൽ ബൗളർമാർക്കുമേൽ ആക്രണാത്മക ബാറ്റിങ് കാഴ്ചവെക്കുന്ന ഷഫാലിയെ വിരേന്ദർ സെവാഗുമായാണ് ആരാധകർ താരതമ്യപ്പെടുത്തുന്നത്.
ഇന്ത്യ 52 റൺസ് ജയവുമായി 52 വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ചപ്പോൾ, താരമായ ഷഫാലി ഇഷ്ടതാരത്തിന്റെ റെക്കോഡ് മറികടന്നതിന്റെ ഇരിട്ടി മധുരത്തിലാണിപ്പോൾ.
