
അവിശ്വസനീയമായത് കൈപ്പിടിയിലൊതുക്കിയതിന്റെ അമ്പരപ്പ് ഇപ്പോഴും ജെമീമ റോഡ്രിഗസിനെ വിട്ടുമാറിയിട്ടില്ല. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺവേട്ടയിൽ വിജയതിലകം ചൂടിയ ഇന്ത്യൻ ടീമിന് കാരിരുമ്പിന്റെ കരുത്ത് പകർന്നാണ് ജെമീമ തേരോട്ടം നടത്തിയത്. നിലവിലെ ചാമ്പ്യനായ ആസ്ട്രേലിയ ഉയർത്തിയ 339 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുമ്പോൾ നിശ്ചയദാർഢ്യത്തിന്റെ പ്രതിരൂപമായി ജെമീമ മാറുകയായിരുന്നു. ഒമ്പത് പന്ത് ബാക്കിനിൽക്കെ പിടിച്ചെടുത്ത വിജയത്തിന് തിളക്കമേറെയാണ്.
ഗംഭീര തിരിച്ചുവരവുകളുടെ ആവേശകഥകൾ കായികരംഗത്തിന് പറയാനുണ്ട്. നിശബ്ദത ശബ്ദഘോഷമായി മാറുന്ന നിമിഷങ്ങൾ. അതിനായാണ് കായിക ആരാധകർ കാത്തിരിക്കുന്നത്. സ്കോർ 82ൽ നിൽക്കെ ജെമീമ ഉയർത്തിയടിച്ച പന്ത് പിടിച്ചെടുക്കാൻ അലാന കിങ്ങും അലിസ്സ ഹീലിയും ഓടിയെത്തിയപ്പോൾ 35,000ഓളം വരുന്ന കാണികൾ ഒരുനിമിഷം നിശബ്ദരായി. എന്നാൽ, അവിടെ തീരാനുള്ളതായിരുന്നില്ല ജെമീമയുടെ കുതിപ്പ്.
അതുവരെ ഒരു സ്വപ്നം പോലെയായിരുന്നു ജെമീമയുടെ പോരാട്ടം. സിരകളെ ത്രസിപ്പിക്കുന്നതായിരുന്നു ആ ഇന്നിങ്സ്. ഇന്ത്യക്ക് 102 പന്തിൽനിന്ന് 131 റൺസ് വേണ്ടിയിരുന്നു. പക്ഷേ, ജെമീമയുടെ മുഖത്ത് ആത്മവിശ്വാസത്തിന്റെ ശാന്തത കളിയാടി. ഗ്യാപ്പുകൾ കണ്ടെത്തിയും വിക്കറ്റുകൾക്കിടയിൽ ചുറുചുറുക്കോടെ ഓടിയും അവർ ആവേശം കത്തിച്ചുനിർത്തി. ഓരോ റണ്ണിനും ഗാലറിയിൽ കരഘോഷമുയർന്നു. അപ്പോഴാണ് സ്റ്റേഡിയത്തെ നിശബ്ദമാക്കിയ നിമിഷമെത്തിയത്. പോരാട്ടം പാതിവഴിയിലെത്തിനിൽക്കെ പോരാളി വീഴുന്നത് ഇന്ത്യൻ ആരാധകർക്ക് പുതുമയല്ല. ലോകകപ്പിലെ ലീഗ് ഘട്ട മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ വിജയലക്ഷ്യം പിന്തുടരവെ സ്മൃതി മന്ദാന വീണത് അവരുടെ ഓർമയിലെത്തി. പൊടുന്നനെ സ്റ്റേഡിയത്തിൽ ആരവമുയർന്നു. ജെമീമയെ ഹീലി വിട്ടുകളഞ്ഞപ്പോൾ സ്റ്റേഡിയം പൊട്ടിത്തെറിച്ചു. അപ്പോഴും ജെമീമയുടെ മുഖത്ത് ശാന്തതയായിരുന്നു.
വീണ്ടും ആ നിശ്ശബ്ദത. അലാന കിങ്ങിന്റെ പന്തിൽ ജെമീമ കുടുങ്ങിയോയെന്ന് സംശയം. ഔട്ട് ഉറപ്പിച്ച് ആസ്ത്രേലിയ റിവ്യൂ അപ്പീൽ നൽകി. സ്റ്റേഡിയത്തിലെ ആയിരക്കണക്കിന് കണ്ണുകൾ ബിഗ് സ്ക്രീനിലേക്ക്. രണ്ട് ചുവപ്പും ഒരു പച്ചയും. പന്ത് സ്റ്റമ്പിന് മുകളിലൂടെ പോയത് വ്യക്തം. ആരവം വീണ്ടും തിരിച്ചെത്തി. ആ നിമിഷം മുതൽ ജെമീമ ഒന്നുറപ്പിച്ചു; കിട്ടിയ അവസരങ്ങൾ പരമാവധി മുതലെടുക്കുക. കടുത്ത ചൂടിനെ അതിജീവിച്ചും അവർ പോരാടി.
കേവലം ഒരു രാത്രിയിലെ വിസ്മയമല്ല ഇത്. മാസങ്ങളും വർഷങ്ങളും നീണ്ട പ്രയത്നത്തിന്റെ ഫലമാണ് അവിടെ പൂചൂടിയത്. 2022 ലോകകപ്പിൽ ഫോമില്ലായ്മ കാരണം ടീമിലിടം കിട്ടാതെ പോയിടത്താണ് കുതിപ്പിന് തുടക്കം. 2025 ആയപ്പോൾ ടീമിലെ ഏറ്റവും സീനിയർ ബാറ്ററായി അവർ. എന്നാൽ, ഈ ലോകകപ്പിലും ആദ്യം കാര്യങ്ങൾ അത്ര ശുഭകരമായിരുന്നില്ല. രണ്ട് ഡക്കും രണ്ട് ഹ്രസ്വ സ്കോറുകളും. ഇംഗ്ലണ്ടിനെതിരായ സ്ക്വാഡിൽ ഇടംപിടിക്കാതെ വന്നത് അടുത്ത തിരിച്ചടിയായി. ഇത് പ്രയാസമേറിയ തീരുമാനമായിരുന്നു എന്നാണ് മുഖ്യ പരിശീലകൻ അമോൽ മുജുംദാർ വിശേഷിപ്പിച്ചത്. മികച്ച ബാറ്ററെ മാത്രമല്ല, ടീമിലെ മീകച്ച ഫീൽഡറെകൂടിയാണ് അന്ന് ഇന്ത്യക്ക് നഷ്ടമായത്.
ഫീൽഡിന് പുറത്ത്, ജെമീമ പിരിമുറുക്കത്തിലായി. നിരാശ അവരെ പിടികൂടി. മുമ്പ് ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കിയപ്പോഴും ഇപ്പോൾ ലോകകപ്പിന് എത്തിയപ്പോഴും എന്തെങ്കിലും തെളിയിക്കണമെന്നല്ല ആഗ്രഹിച്ചത്, ടീമിന്റെ വിജയത്തിനായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു കൊതിച്ചതെന്ന് ജെമീമ പറഞ്ഞു. ‘അർധ സെഞ്ച്വറിയും പിന്നീട് സെഞ്ച്വറിയം പിറന്നപ്പോൾ ഞാൻ ആഘോഷിച്ചില്ല. കാരണം, ആ നിമിഷം ഞാൻ ഞങ്ങളുടെ ഹോട്ടലിലേക്ക് നോക്കി. നാളെ രാവിലെ ഇതിൽ കൂടുതൽ എന്നെ സന്തോഷിപ്പിക്കുന്നത് എന്താണെന്ന് ഞാൻ മനസ്സിൽ ചോദിച്ചു’ -ജെമീമ പറഞ്ഞുനിർത്തി.
2018ലാണ് ജെമീമ ടൊന്റി20യിൽ അരങ്ങേറിയത്. പിന്നാലെ ഏകദിനത്തിലും അരങ്ങേറ്റം കുറിച്ചു. ഏഴ് വർഷത്തിലധികം നീണ്ട കരിയറിൽ ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യം ഉറപ്പിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. നവി മുംബൈയിൽ വ്യാഴാഴ്ച രാത്രി അതിന് വിരാമമായി. ബാന്ദ്രയിലെ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ഈ പെൺകുട്ടിയുടെ പേര് ഇനി അത്രവേഗം ഇന്ത്യൻ ടീമിനും ആരാധകർക്കും മറക്കാനാകില്ല. ദക്ഷിണാഫ്രിക്കക്കെതിയെ ഞായറാഴ്ച അന്തിമപോരിന് ഇന്ത്യ ഇറങ്ങുമ്പോൾ ജെമീമ കൊളുത്തിയ ആവേശത്തിന്റെ അലയൊലിയുണ്ടാകുമെന്നുറപ്പ്.
