ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ, പരിക്കിൽ നിന്ന് പൂർണ്ണമായും മോചിതനായി കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ തിടുക്കം കൂട്ടുന്നു. നെയ്മർ സാന്റോസ് ക്യാമ്പിലേക്ക് പ്രതീക്ഷിച്ചതിലും നേരത്തെ തിരിച്ചെത്താൻ ആഗ്രഹം പ്രകടിപ്പിച്ചതായി ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, താരത്തിന്റെ കാര്യത്തിൽ യാതൊരു റിസ്കും എടുക്കാൻ ക്ലബ്ബ് തയ്യാറല്ലെന്നാണ് സൂചന.
നേരത്തെയുള്ള തിരിച്ചുവരവ്: താരവും ക്ലബ്ബും രണ്ട് തട്ടിൽ
നെയ്മറുടെ പരിക്ക് പൂർണ്ണമായും ഭേദമായെന്നും താരം ശാരീരികമായി മികച്ച നിലയിലാണെന്നും എല്ലാ മെഡിക്കൽ ടെസ്റ്റുകളും വ്യക്തമാക്കുന്നു. ഇതോടെ, നവംബർ 9-ന് ഫ്ലെമിംഗോയ്‌ക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് പകരം, നവംബർ 2-ന് ഫോർട്ടലേസയ്‌ക്കെതിരായ മത്സരത്തിൽ തന്നെ കളത്തിലിറങ്ങണമെന്ന് നെയ്മർ ജൂനിയർ ക്ലബ്ബിനോട് ആവശ്യപ്പെട്ടു.
എന്നാൽ സാന്റോസ് മാനേജ്‌മെന്റ് ഈ ആവശ്യത്തോട് പൂർണ്ണമായും യോജിക്കുന്നില്ല. താരത്തിന്റെ നെയ്മറുടെ തിരിച്ചുവരവ് ആഘോഷമാക്കാൻ ആരാധകർ കാത്തിരിക്കുകയാണെങ്കിലും, തിരക്കിട്ടുള്ള ഒരു മടങ്ങിവരവ് മറ്റൊരു പരിക്കിലേക്ക് നയിക്കുമോ എന്ന് ക്ലബ്ബ് ഭയപ്പെടുന്നു. അതിനാൽ, നവംബർ 9-ലെ മത്സരത്തിനായി കാത്തിരിക്കാൻ ക്ലബ്ബ് നെയ്മറെ പ്രേരിപ്പിക്കുകയാണ്.
കരാർ പുതുക്കൽ പ്രതിസന്ധിയിൽ
കളിക്കളത്തിലെ തിരിച്ചുവരവിനൊപ്പം, നെയ്മറുടെ കരാർ പുതുക്കലും പ്രധാന ചർച്ചാവിഷയമാണ്. നവംബർ പകുതിയോടെ സാന്റോസ് ബ്രസീൽ ക്ലബ്ബ് നെയ്മറുമായി പുതിയ കരാർ ചർച്ചകൾ ആരംഭിക്കും. എന്നാൽ ഈ ചർച്ചകൾ വിജയിക്കണമെങ്കിൽ രണ്ട് പ്രധാന കടമ്പകൾ കടക്കേണ്ടതുണ്ട്.
ഒന്നാമതായി, പരിക്കിന് ശേഷമുള്ള നെയ്മറുടെ ദീർഘകാല ശാരീരികക്ഷമത (ഫിറ്റ്നസ്) ക്ലബ്ബ് സൂക്ഷ്മമായി വിലയിരുത്തും. രണ്ടാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ വിഷയം ക്ലബ്ബിന്റെ പ്രകടനമാണ്. ബ്രസീലിയൻ ലീഗായ ‘സെരി എ’-യിൽ (Série A) സാന്റോസ് തുടരുമോ എന്നതാണ് നിർണ്ണായകം. നിലവിലെ പ്രകടനം വെച്ച് ടീം ‘സെരി ബി’-യിലേക്ക് (Série B) തരംതാഴ്ത്തപ്പെടുകയാണെങ്കിൽ, നെയ്മറെ നിലനിർത്തുന്നതിൽ അർത്ഥമില്ലെന്ന് ക്ലബ്ബ് കരുതുന്നു.
ലോകകപ്പിന് തയ്യാറെടുക്കുന്ന നെയ്മറെപ്പോലെ ഒരു ലോകോത്തര താരത്തിന് രണ്ടാം ഡിവിഷൻ ലീഗിൽ കളിക്കുന്നത് ഗുണം ചെയ്യില്ല. അതിനാൽ, ക്ലബ്ബിന്റെ ഭാവി കൂടി പരിഗണിച്ചായിരിക്കും നെയ്മർ സാന്റോസ് കൂട്ടുകെട്ടിന്റെ അന്തിമ തീരുമാനം.
