ലണ്ടൻ: സീസണിൽ റെക്കോഡ് സൈനിങ് നടത്തിയിട്ടും ചാമ്പ്യന്മാർക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അടിപതറുന്നു. ചാമ്പ്യൻസ് ലീഗിലെ വമ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ലീഗിൽ പന്തു തട്ടാനിറങ്ങിയ ലിവർപൂളിന് വീണ്ടും തോൽവി. ബ്രെന്റ്ഫോർഡ് അവരുടെ മൈതാനത്ത് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ആർനെ സ്ലോട്ടിനെയും സംഘത്തെയും വീഴ്ത്തിയത്.
ലീഗിൽ ചെമ്പടയുടെ തുടർച്ചയായ നാലാം തോൽവിയാണിത്. കഴിഞ്ഞദിവസം ചാമ്പ്യൻസ് ലീഗിൽ ബുണ്ടസ് ലീഗ് ടീമായ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്ത് ലിവർപൂൾ ചാമ്പ്യൻ പ്രകടനം പുറത്തെടുത്തത് ആരാധകർക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, ബ്രെന്റ്ഫോർഡിന്റെ ജിടെക് കമ്യൂണിറ്റി സ്റ്റേഡിയത്തിൽ ലിവർപൂളിന് തൊട്ടതെല്ലാം പിഴക്കുന്നതാണ് കണ്ടത്. ഡാങ്കോ ഒട്ടാര (അഞ്ചാം മിനിറ്റിൽ), കെവിൻ ഷാഡെ (45), ഇഗോൽ തിയാഗോ (60, പെനാൽറ്റി) എന്നിവരാണ് ആതിഥേയർക്കായി വലകുലുക്കിയത്.
മിലോസ് കെർക്കസ് (45+5), മുഹമ്മദ് സലാഹ് (89) എന്നിവരാണ് ലവർപൂളിനായി ഗോൾ നേടിയത്. അഞ്ചാം മിനിറ്റിൽ തന്നെ ലിവർപൂളിനെ ഞെട്ടിച്ച് ബ്രെന്റ്ഫോർഡ് ലീഡെടുത്തു. ലോങ് ത്രോയിൽ നിന്നു ഡാങ്കോ ഒട്ടാരയാണ് ടീമിനായി ഗോൾ നേടിയത്. റെക്കോഡ് തുകക്കാണ് താരത്തെ സീസണിൽ ക്ലബിലെത്തിച്ചത്. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ കൗണ്ടർ അറ്റാക്കിങ്ങിലൂടെ കെവിൻ ഷാഡെ ലീഡ് ഉയർത്തി. ഡാംസ്ഗാർഡ് നൽകിയ ലോങ് പാസ് സ്വീകരിച്ച് മുന്നേറിയ താരം ഗോളിയെ കീഴ്പ്പെടുത്തി പന്ത് വലയിലാക്കി.
ഇൻജുറി സമയത്ത് ലിവർപൂളിനായി മിലോസ് കെർക്കസ് ഒരു ഗോൾ മടക്കിയത് ആരാധകർക്ക് പ്രതീക്ഷ നൽകി. ക്ലബിനായുള്ള താരത്തിന്റെ ആദ്യ ഗോളാണിത്. ഇടവേളക്കുശേഷവും ലിവർപൂൾ ബോക്സിൽ എതിരാളികൾ വെല്ലുവിളി ഉയർത്തി. 60ാം മിനിറ്റിൽ ഒട്ടാരയെ ബോക്സിനുള്ളിൽ വാൻ ഡെയ്ക് ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി വിധിച്ചു. ആദ്യം ഫൗളാണ് വിളിച്ചതെങ്കിലും വാർ പരിശോധനയിൽ ബോക്സിനു അകത്ത് ആണെന്ന് കണ്ടെത്തിയതോടെ പെനാൽറ്റി അനുവദിക്കുകയായിരുന്നു.
ഇഗോർ തിയാഗോ പന്ത് അനായാസം വലയിലാക്കി. ബ്രെന്റ്ഫോർഡ് പ്രതിരോധ താരത്തിന്റെ പിഴവിൽ നിന്നു സൂപ്പർ താരം സലാഹ് 89ാം മിനിറ്റിൽ ഒരു ഗോൾ മടക്കി. ഹംഗേറിയൻ താരം ഡൊമിനിക് സോബോസ്ലായിയാണ് ഗോളിന് വഴിയൊരുക്കിയത്. അവസാന മിനിറ്റുകളിൽ സമനില പിടിക്കാനുള്ള ലിവർപൂൾ നീക്കങ്ങളെല്ലാം ബ്രെന്റ്ഫോർഡ് പ്രതിരോധിച്ചു. ഒടുവിൽ 3-2 എന്ന സ്കോറിന് ആരാധർക്കു മുന്നിൽ മത്സരം സ്വന്തമാക്കി. പുതിയ പരിശീലകൻ കീത്ത് ആൻഡ്രൂസിന് കീഴിൽ കളിക്കുന്ന ക്ലബ് നിലവിൽ പത്താം സ്ഥാനത്താണ്. ചാമ്പ്യന്മാർ ആറാം സ്ഥാനത്തേക്ക് വീണു. ഒമ്പത് മത്സരങ്ങളിൽനിന്ന് 15 പോയന്റ്.
മൂന്നാം ജയവുമായി യുനൈറ്റഡ്; ചെൽസിയെ ഞെട്ടിച്ച് ‘വണ്ടർലാൻഡ്’
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം ജയവുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് നാലാമത്. സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ബ്രൈറ്റണെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് യുനൈറ്റഡ് വീഴ്ത്തിയത്.
ബ്രയാൻ എംബുമോ ഇരട്ടഗോളുമായി തിളങ്ങി. 61, 90+7 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ. ബ്രസീൽ താരങ്ങളായ മാത്യൂസ് കുൻഹ, കാസെമിറോ എന്നിവരും യുനൈറ്റഡിനായി വലകുലുക്കി. ഡാനി വെൽബെക്ക് (74), ചരലാമ്പോസ് കൊസ്റ്റൗലാസ് (90+2) എന്നിവരാണ് ബ്രൈറ്റണിന്റെ ഗോളുകൾ നേടിയത്. അതേസമയം, നാലാം മിനിറ്റിൽ ഗോളടിച്ച് വലിയ തുടക്കം കുറിച്ചിട്ടും ഇരുപകുതികളിലായി വഴങ്ങിയ രണ്ടു ഗോളുകളിൽ സ്വന്തം കളിമുറ്റത്ത് സണ്ടർലാൻഡിനോട് ചെൽസി ഞെട്ടിക്കുന്ന തോൽവി വഴങ്ങി.
ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാമതെത്താനും സണ്ടർലാൻഡിനായി. നിയന്ത്രണത്തിലും പന്തടക്കത്തിലും ബഹുദൂരം മുന്നിൽനിന്നിട്ടും ഗോൾവലക്ക് മുന്നിൽ പകച്ചുപോയതാണ് നീലക്കുപ്പായക്കാർക്ക് വില്ലനായത്. പെഡ്രോ നെറ്റോയുടെ അസിസ്റ്റിൽ ഗർണാച്ചോ ചെൽസിയെ മുന്നിലെത്തിച്ചു. 22ാം മിനിറ്റിൽ ഇസിഡർ നേടിയ ഗോളിൽ ഒപ്പംപിടിച്ച സണ്ടർലാൻഡ് അവസാന വിസിലിന് തൊട്ടുമുമ്പ് തൽബിയുടെ ഗോളിൽ മുഴുവൻ പോയിന്റും പോക്കറ്റിലാക്കുകയായിരുന്നു.
മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ 2-1ന് ഫുൾഹാമിനെ വീഴ്ത്തി. ന്യൂകാസിലിനായി മർഫിയും ഗ്വിമെറസും വല കുലുക്കിയപ്പോൾ ലൂക്കിച് ഫുൾഹാമിന്റെ ആശ്വാസ ഗോൾ നേടി.
