ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻ ക്ലബുകൾ ഒന്നിച്ചിറങ്ങിയ രാത്രിയിൽ ഗോൾ പെരുമഴ തീർത്ത് വിജയാഘോഷങ്ങൾ.
വലിയ മാർജിനിലെ വിജയവുമായി ബാഴ്സലോണയും പി.എസ്.ജിയും ആഴ്സനലും ഇന്റർ മിലാനും ജൈത്രയാത്ര തുടർന്നു. ചൊവ്വാഴ്ച രാത്രിയിൽ നടന്ന ആദ്യ മത്സരത്തിൽ ബാഴ്സലോണ ഗ്രീസിൽ നിന്നുള്ള ഒളിമ്പിയാകോസ് വലയിൽ ആറ് ഗോളുകൾ നിക്ഷേപിച്ചായിരുന്നു ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയത്.
ബാഴ്സലോണ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യുവനിരയുമായി കളം വാണ കാറ്റലൻസ് ഇരു പകുതികളിലുമായി അരഡസൻ ഗോളുകൾ അടിച്ചുകയറ്റി. ഫെർമിൻ ലോപസ് ഹാട്രിക് ഗോൾ നേടി ബാഴ്സയുടെ പുതു ഹീറോ ആയി അവതരിച്ചപ്പോൾ, മാർകസ് റാഷ്ഫോഡ് രണ്ട് ഗോളുമായി നിർണായക സാന്നിധ്യമായി. കളിയുടെ ഏഴാം മിനിറ്റിൽ ലമിൻ യമാലിൽ നിന്നുമെത്തിയ ക്രേസിനെ വലയിലാക്കിയാണ് ലോപസ് ആദ്യ ഗോൾ നേടിയത്. 38ാം മിനിറ്റിൽ കൗമാര താരം പെഡ്രോ ഫെർണാണ്ടസ് നൽകിയ ക്രോസിൽ നിന്നും ലോപസ് രണ്ടാം ഗോളും നേടി.
ആഴ്സനലിന്റെ വിക്ടർ ഗ്യോകറസ്
രണ്ടാം പകുതിയിലാണ് ശേഷിച്ച നാല് ഗോളുകളും പിറന്നത്. ഇതിനിടയിൽ 53ാം മിനിറ്റിൽ പെനാൽറ്റിയിലുടെ അയൂബ് അൽ കഅബി ഒളിമ്പിയാകോസിന്റെ ആശ്വാസ ഗോൾ കുറിച്ചു.
68ാം മിനിറ്റിൽ ബാഴ്സക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി ലമിൻ യമാൽ ലീഡുറപ്പിച്ചു. മാർകസ് റാഷ്ഫോഡ് 74, 79 മിനിറ്റുകളിലായി പട്ടിക തികച്ചു. 76ാം മിനിറ്റിൽ ഫെർമിൻ ലോപസ് ഹാട്രിക് ഗോൾ നേടിയിരുന്നു.
കഴിഞ്ഞ മത്സരത്തിൽ നിലവിലെ ജേതാക്കളായ പി.എസ്.ജിയോടേറ്റ തോൽവിയുടെ ക്ഷീണം മാറ്റുന്നതായി ബാഴ്സയുടെ രണ്ടാം ജയം.
അതേസമയം, ജർമൻ ക്ലബ് ബയർ ലെവർകൂസനെ നേരിടാനിറങ്ങിയ ചാമ്പ്യൻ പി.എസ്.ജി 7-2ന്റെ തകർപ്പൻ ജയം സ്വന്തമാക്കി. ഫ്രഞ്ച് താരം ഡിയർ ദുവേ ഇരട്ട ഗോൾ നേടിയ മത്സരത്തിൽ വില്ല്യൻ പചോ (7ാം മിനിറ്റ്), ക്വിച്ച ക്വരറ്റ്ലിയ (44), നുനോ മെൻഡിസ് (50), ഉസ്മാൻ ഡെംബലെ (66), വിടീന്യ (90) എന്നിവർ പി.എസ്.ജിക്കായി ഗോൾ കുറിച്ചു. കളിയുടെ 41, 45 മിനിറ്റുകളിലായിരുന്ന ദുവോ വലകുലുക്കിയത്. തുടർച്ചയായ മൂന്നാം ജയമാണ് പി.എസ്.ജിയുടേത്.
ലണ്ടനിൽ തുല്ല്യശക്തികളായ ആഴ്സനലും അത്‍ലറ്റികോ മഡ്രിഡും ഏറ്റുമുട്ടിയപ്പോൾ ഇംഗ്ലീഷ് പ്രീമിയർലീഗ് സംഘം മറുപടിയില്ലാത്ത നാല് ഗോളിന്റെ ജയം സ്വന്തമാക്കി. ഗോൾരഹിതമായ ഒന്നാം പകുതിക്കു ശേഷം, 13 മിനിറ്റിനുള്ളിലായിരുന്നു പീരങ്കിപ്പട നാല് ഗോളും കുറിച്ചത്. 57ാം മിനിറ്റിൽ ഗബ്രിയേൽ മഗൽഹസ്, പിന്നാലെ മാർടിനെല്ലി (64), വിക്ടർ ഗ്യോകറസ് (67, 70 മിനിറ്റ്) എന്നിവർ സ്കോർ ചെയ്ത് ആഴ്സനലിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു. ഹൂലിയൻ അൽവാരസും കോകെയും അലക്സാണ്ടർ സോർലോയും നയിച്ച അത്‍ലറ്റികോ മഡ്രിഡിന് ആശ്വാസ ഗോൾ പോലും നേടാനായില്ല. സീസണിലെ ആദ്യ മത്സരത്തിൽ ലിവർപൂളിനോട് തോറ്റ അത്‍ലറ്റികോയുടെ രണ്ടാം തോൽവിയാണിത്.
മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാൻ ബെൽജിയൻ ക്ലബ് യൂണിയൻ ഗിലോയിസിനെ 4-0ത്തിന് തോൽപിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി 2-0ത്തിന് വിയ്യ റയലിനെ തോൽപിച്ചു. എർലിങ് ഹാലൻഡു ബെർണാഡോ സിൽവയും നേടിയ ഗോളുകളാണ് സിറ്റിക്ക് വിജയം സമ്മാനിച്ചത്.
ചാമ്പ്യൻസ് ലീഗ് മൂന്നാം റൗണ്ട് ഫലം
ബാഴ്സലോണ 6-1 ഒളിമ്പിയാകോസ് (ഫെർമിൻ ലോപസ് ഹാട്രിക്)
ആഴ്സനൽ 4-0 അത്‍ലറ്റികോ മഡ്രിഡ്
ബയർ ലെവർകൂസൻ 2-7 പി.എസ്.ജി
കോപൻ ഹേഗൻ 2-4 ബൊറൂസിയ ഡോർട്മുണ്ട്
ന്യൂകാസിൽ യുനൈറ്റഡ് 3-0 ബെൻഫിക
പി.എസ്.വി ഐന്തോവൻ 6-2 നാപോളി
വിയ്യ റയൽ 0-2 മാഞ്ചസ്റ്റർ സിറ്റി
യൂണിയൻ സെന്റ് ഗില്ലോയിസ് 0-4 ഇന്റർ മിലാൻ