സംസ്ഥാന സീനിയർ ഫുട്ബാൾ ജേതാക്കളായ തൃശൂർ
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന സീനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ തൃശൂര്‍ ജേതാക്കള്‍. ഫൈനലിൽ ഇടുക്കിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോല്പിച്ചാണ് തൃശൂർ കിരീടം സ്വന്തമാക്കിയത്. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും.
26ാം മിനിറ്റില്‍ ബോക്സിനകത്ത് ഇടുക്കി താരം പന്ത് കൈകൊണ്ട് തടഞ്ഞതിന് വിധിച്ച പെനാല്‍റ്റി തൃശൂരിനായി പി. സന്തോഷ് അനായാസം വലയിലെത്തിച്ചു. 32ാം മിനിറ്റില്‍ അബിന്‍ കൃഷ്ണയിലൂടെ ലീഡുയര്‍ത്തി. വലത് വിങ്ങില്‍നിന്ന് പി.എ. നാസര്‍ നല്കിയ പാസ്, വലക്ക് ഇടതുഭാഗത്തായി നിലയുറപ്പിച്ച അബിന്‍ മനോഹരമായൊരു ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ കൊല്ലത്തെയും ക്വാര്‍ട്ടറില്‍ മലപ്പുറത്തെയും സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ കോട്ടയത്തെയും പരാജയപ്പെടുത്തിയതാണ് തൃശൂര്‍ ഫൈനലിലെത്തിയത്. മുഹമ്മദ് ഷഫീഖ് ആണ് പരിശീലകന്. ഇടുക്കി ക്യാപ്റ്റന്‍ വിബിന് വിധു ടൂര്‍ണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. തൃശൂരിന്റെ കെ.എസ്. സന്ദീപ് ആണ് മികച്ച ഗോള്‍കീപ്പര്‍. വിജയികള്‍ക്ക് ടി.ജെ. വിനോദ് എം.എല്‍.എയും കാലിക്കറ്റ് എഫ്.സി സി.ഇ.ഒ മാത്യു കോരത്തും ചേര്‍ന്ന് ട്രോഫികള്‍ സമ്മാനിച്ചു.
വി.പി. ശ്രീനിജിന്‍ എം.എല്‍.എ, അംബരീഷ്, ടോം ജോസ്, ഷാജി കുര്യന്, വിജു ചൂളക്കല്‍, പി. അനില്‍കുമാര്‍, പി.വി. ആന്റണി തുടങ്ങിയവര്‍ വിവിധ പുരസ്കാരങ്ങള്‍ സമ്മാനിച്ചു.