കൊച്ചി: വർഷങ്ങൾക്കുമുമ്പ് കലൂർ കറുകപ്പള്ളിയിലെ ലോർഡ്സ് ഫുട്ബാൾ അക്കാദമിയുടെ പരിശീലന ടർഫിൽ കാൽപന്തുരുളുന്നതും നോക്കി ഒരുപെൺകുട്ടി എന്നും വൈകീട്ട് വലക്കുപുറത്ത് വന്നുനിൽപുണ്ടായിരുന്നു.
കുഞ്ഞുനാൾ മുതൽ ഉള്ളിൽ ഫുട്ബാളിനോടുള്ള ഇഷ്ടം ആർത്തിരമ്പുമ്പോഴൊന്നും അവൾ വിചാരിച്ചിരുന്നില്ല, ദേശാന്തരങ്ങൾ കടന്ന് രാജ്യത്തിനായി വല കാക്കാൻ നിയോഗമുണ്ടാവുമെന്ന്. ഇപ്പോഴിതാ, തന്റെ സ്വപ്നത്തിലേക്കുള്ള യാത്രയും കഴിഞ്ഞ് നാട്ടിൽ മടങ്ങിെയത്തിയിരിക്കുകയാണ് ഈ 15 വയസ്സുകാരി. ഇന്ത്യയുടെ സീനിയർ ഫുട്ബാൾ ടീമിനായി മത്സരിക്കുകയെന്നതുൾപ്പെടെ ഇനിയും ഉള്ളിൽ ആകാശത്തോളം സ്വപ്നങ്ങളുണ്ട് ഈ കുഞ്ഞുതാരത്തിന്.
കിർഗിസ്താനിൽ നടന്ന യോഗ്യതാമത്സരങ്ങളിലൂടെ അണ്ടർ-17 ഏഷ്യൻ കപ്പിന് സെലക്ഷൻ ലഭിച്ച് കൊച്ചിയിൽ തിരിച്ചെത്തിയിരിക്കുകയാണ് തമീന ഫാത്തിമ. ഈ ടീമിലെ ഏക മലയാളി കൂടിയാണ് എറണാകുളം എസ്.ആർ.വി സ്കൂളിലെ പത്താംക്ലാസുകാരി. 20 വർഷത്തിനുശേഷമാണ് ഏഷ്യൻ കപ്പിന് ഇന്ത്യൻ ടീം യോഗ്യത നേടുന്നത്. യോഗ്യതാമത്സരങ്ങൾ കളിച്ച് വിജയിച്ചുകയറുന്നതോ, ഇതാദ്യവും.
യോഗ്യതാ മത്സരങ്ങളിൽ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് പ്രധാന മത്സരങ്ങളിൽ ഗോൾവലക്ക് കാവൽനിൽക്കാൻ സാധിച്ചില്ലെങ്കിലും 2026ൽ ചൈനയിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ പ്രായത്തിന്റെ ആനുകൂല്യത്താൽ തമീനയാണ് പ്രധാന ഗോൾകീപ്പറാവുക.
കിർഗിസ്താനിൽ ടീമിന്റെ പരിശീലന സെഷനുകളിലും സൗഹൃദ മത്സരങ്ങളിലുമെല്ലാം ഇന്ത്യൻ പോസ്റ്റിനു കീഴിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായതിൽ സന്തോഷമുണ്ടെന്ന് തമീന ‘മാധ്യമ’ത്തോട് പറഞ്ഞു. ചെറുപ്പത്തിൽ സഹോദരൻ തൻവീർ ഫുട്ബാൾ കളിക്കാൻ പോവുമ്പോൾ ഒപ്പംകൂടിയതാണ്. ആദ്യഗുരുവായ വിവ ഫുട്ബാൾ ക്ലബിലെ കോച്ച് ജാവേദാണ് തമീനയുടെ കഴിവ് തിരിച്ചറിഞ്ഞ് ഗോൾകീപ്പറാക്കി നിർത്തിയത്.
പിന്നീട് വീടിനടുത്തുള്ള കറുകപ്പള്ളിയിലെ ലോർഡ്സ് ഫുട്ബാൾ അക്കാദമിയിലെ പരിശീലനം കണ്ടിരിക്കേ ക്ലബ് ഉടമ ഡെറിക് ഡിക്കോത്താണ് തമീനയുടെ കണ്ണിെല സ്വപ്നത്തിന്റെ തീക്ഷ്ണത തിരിച്ചറിഞ്ഞ് അക്കാദമിയുടെ പരിശീലന വേദിയിലേക്ക് നയിക്കുന്നത്. പിന്നീടങ്ങോട്ട് പടിപടിയായി ഉയരുകയായിരുന്നു. ജില്ല, സംസ്ഥാന ടീമുകൾക്കായി വലകാത്ത തമീനക്ക്, കഴിഞ്ഞ വർഷം സാഫ് ചാമ്പ്യൻഷിപ്പിനായുള്ള ക്യാമ്പിൽവെച്ച് പരിക്കിന്റെ പിടിയിലായതിനാൽ കപ്പിനും ചുണ്ടിനും ഇടയിൽ ഒരവസരം നഷ്ടമായി. അന്ന് സൗത്ത് ഏഷ്യൻ ആണെങ്കിൽ ഇന്ന് അതും കടന്ന് ഏഷ്യൻ മത്സരത്തിലേക്കുള്ള പന്താണ് തമീന ഡൈവ് ചെയ്ത് പിടിച്ചത്.
ഉമ്മ സിനി റഹ്മാൻ മുന്നോട്ടുള്ള പടവുകളിലെല്ലാം പിന്തുണയായി കൂടെയുണ്ട്. കിർഗിസ്താനിലേക്കും ഉമ്മക്കൊപ്പമാണ് അവൾ പോയത്. തൻവീറിനെക്കൂടാതെ താനിയ എന്ന സഹോദരിയുമുണ്ട്. ഇരുവരും ബിരുദവിദ്യാർഥികളാണ്. ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്കുള്ള തീവ്ര പരിശീലനമാണ് തമീനയുടെ അടുത്ത ചുവട്.