ഏഴുമാസത്തെ ഇടവേളക്കുശേഷമാണ് ഇന്ത്യൻ ടീം ഒരു ഏകദിന പരമ്പരക്ക് തയാറെടുക്കുന്നത്. ആസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഈമാസം 19ന് പെർത്തിലാണ്. മൂന്നു ഏകദിനങ്ങളാണ് കളിക്കുന്നത്.
ഏകദിന ടീമിന്‍റെ നായക ചുമതലയേറ്റശേഷമുള്ള ശുഭ്മൻ ഗില്ലിന്‍റെ ആദ്യ പരമ്പര കൂടിയാണിത്. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിനുശേഷം വെറ്ററൻ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ആദ്യമായി ഇന്ത്യൻ ജഴ്സിയണിയുന്നു എന്ന പ്രത്യേകതയും ഓസീസ് പരമ്പരക്കുണ്ട്. രോഹിത്തിനെ മാറ്റിയാണ് ടെസ്റ്റിനു പിന്നാലെ ഏകദിനത്തിലും ഗില്ലിനെ നായകനാക്കിയത്. 2027ലെ ഏകദിന ലോകകപ്പ് കൂടി കണക്കിലെടുത്താണ് ഗില്ലിന് ക്യാപ്റ്റൻസി നൽകിയത്. ബുധനാഴ്ച രണ്ടു സംഘങ്ങളായാണ് ഇന്ത്യൻ ടീം ആസ്ട്രേലിയയിലേക്ക് പറന്നത്.
അതേസമയം, പരിക്കേറ്റ നായകൻ പാറ്റ് കമ്മിൻസ് ഓസീസ് ടീമിൽ കളിക്കുന്നില്ല. പകരം മിച്ചൽ മാർഷാണ് ടീമിനെ നയിക്കുന്നത്. ഇതിനിടെയാണ് കമ്മിൻസ് ഇന്ത്യയുടെയും ഓസീസിന്‍റെയും താരങ്ങളെ ഉൾപ്പെടുത്ത എക്കാലത്തെയും ഏകദിന ഇലവൻ തെരഞ്ഞെടുത്തത്. സൂപ്പർ താരങ്ങളായ കോഹ്ലിയും രോഹിത്തും കമ്മിൻസിന്‍റെ ഏകദിന ടീമിൽ ഇല്ലെന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്. ഇന്ത്യയുടെ മൂന്നു താരങ്ങൾ മാത്രമാണ് ടീമിലുള്ളത്. ബാറ്റിങ് ഇതിഹാസം സചിൻ ടെണ്ടുൽക്കറും ഓസീസ് മുൻ താരം ഡേവിഡ് വാർണറുമാണ് ഓപ്പണർമാർ.
മധ്യനിര പൂർണമായും ഓസീസ് താരങ്ങൾ കൈയടക്കി. റിക്കി പോണ്ടിങ്, സ്റ്റീവ് സ്മിത്ത്, ഷെയ്ൻ വാട്സൺ, മൈക്കൽ ബെവൻ എന്നിവരാണ് മധ്യനിര താരങ്ങൾ. എം.എസ്. ധോണിയാണ് ടീമിലെ ഫിനിഷറും വിക്കറ്റ് കീപ്പറും. സഹീർ ഖാൻ, ബ്രെറ്റ്ലീ, മഗ്രാത്ത് എന്നിവരാണ് ടീമിലെ പേസർമാർ. ഏക സ്പിന്നറായി ഷെയിൻ വോണും ടീമിലുണ്ട്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ കോഹ്ലിയെ ഒഴിവാക്കിയത് വലിയ വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
കമ്മിൻസിന്‍റെ ഇന്ത്യ-ഓസീസ് ഏകദിന ഇലവൻ
ഡേവിഡ് വാർണർ, സചിൻ തെണ്ടുൽക്കർ, റിക്കി പോണ്ടിങ്, സ്റ്റീവ് സ്മിത്ത്, ഷെയിൻ വാട്സൺ, മൈക്കൽ ബെവൻ, എം.എസ്. ധോണി, ഷെയ്ൻ വോൺ, ബ്രെറ്റ് ലീ, സഹീർ ഖാൻ, ഗ്ലെൻ മഗ്രാത്ത്