േഫ്ലാറിഡ: ലോക ചാമ്പ്യന്മാരുടെ പകിട്ടിനൊത്ത ജയവുമായി അർജന്റീനയുടെ കുതിപ്പ്. സൗഹൃദ ഫുട്ബാളിൽ ഫിഫ റാങ്കിങ്ങിൽ 155ാം സ്ഥാനക്കാരായ പ്യൂർടോ റികോയെ മറുപടിയില്ലാത്ത ആറ് ഗോളിന് വീഴ്ത്തിയാണ് ലയണൽ മെസ്സിയുടെയും ജൈത്രയാത്ര തുടരുന്നത്. അമേരിക്കയിലെ േഫ്ലാറിഡയിലെ ചെയ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരാളികൾക്ക് ചെറുത്തു നിൽക്കാൻ പോലും അവസരം നൽകാതെ അർജൻറീന കളം നിറഞ്ഞു. എട്ടാം മിനിറ്റിൽ ആളൊഴിഞ്ഞ അർജന്റീന ഗോൾ മുഖത്തേക്ക് ലോങ് ക്രോസ് തൊടുത്ത് ഗോളി എമിലിയാനോയെ പരീക്ഷിച്ച പ്യൂർടോ റികോ പരീക്ഷിച്ചതല്ലാതെ കാര്യമായൊന്നും ചെയ്യാനായില്ല.
14ാം മിനിറ്റിൽ നികോ ഗോൺസാലസും മക് അലിസ്റ്ററും ചേർന്നായിരുന്നു അർജന്റീന ഗോൾ മേളക്ക് തുടക്കം കുറിച്ചത്. അലിസ്റ്ററുടെ ഡയഗ്ന്നൽ കിക്കിനെ ഹെഡ്ഡറിലൂടെ മക് അലിസ്റ്റർ വലയിലാക്കി. 23ാം മിനിറ്റിൽ ഡി സർക്കിളിന് മുന്നിൽ നിന്നും ലയണൽ മെസ്സി നൽകിയ ക്രോസിനെ ഡയറക്ട് കിക്കിലൂടെ തന്നെ ഗോൺസാലോ മോണ്ടിയൽ അർജന്റീനയുടെ രണ്ടാം ഗോളും നേടി. തുടർന്നുള്ള മിനിറ്റുകളിൽ റോഡ്രിഗോ ഡി പോൾ, ലൗതാരോ മാർടിനസ്, ലോസെൽസോ എന്നിവരിലൂടെ വീണ്ടും ആക്രമണം തുടർന്നു കൊണ്ടിരുന്നു. 36ാം മിനിറ്റിൽ മക് അലിസ്റ്റർ രണ്ടാം ഗോളും നേടി. ബോക്സിനുള്ളിൽ ജോസ് ലോപസ് സ്റ്റോപ്പ് ചെയ്തു നൽകിയ പന്തിനെ, പ്രതിരോധം പാളിയ എതിർ ഗോൾമുഖത്തേക്ക് അടിച്ചുകയറ്റാനുള്ള ജോലിയേ മക് അലിസ്റ്റർക്കുണ്ടായിരുന്നുള്ളൂ.
ഒന്നാം പകുതിയിൽ 3-0ത്തിന്റെ ലീഡുമായി കളം വിട്ട അർജന്റീന, രണ്ടാം പകുതിയിൽ ഒടമെൻഡി, ലോസെൽസോ, സിമിയോണി എന്നിവരെ പിൻവലിച്ച് പുതുമുഖതാരം ലൗതാരോ റിവേണോ, മൊറീനോ, നികോ പാസ് എന്നിവരെ കളത്തിലെത്തിച്ചു. അധികം വൈകാതെ രണ്ട് സബ്സ്റ്റിറ്റ്യൂഷൻ കൂടി പൂർത്തിയാക്കി.
64ാം മിനിറ്റിൽ അർജന്റീന മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ ഡിഫ്ലക്ട് ചെയ്ത പന്ത് സെൽഫ് ഗോളായി പതിച്ചു. 79, 84മിനിറ്റിൽ ലൗതാരോ രണ്ട് ഗോൾ നേടി അർജന്റീനയെ മുന്നിൽ നിന്നും നയിച്ചു. ഗോൺസാലും, മെസ്സിയുമായിരുന്നു ഗോളിലേക്ക് വഴിയൊരുക്കിയത്.
ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കു പിന്നാലെ, രണ്ട് സൗഹൃദ മത്സരങ്ങൾ പൂർത്തിയാക്കിയ അർജന്റീന നവംബറിൽ അംഗോളയിലേക്കും പിന്നാലെ കേരളത്തിലേക്കും പറക്കും. നവംബർ 17ന് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ആസ്ട്രേലിയക്കെതിരെയാണ് സൗഹൃദ മത്സരം.