ന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യ ഇനി ലോക റെക്കോഡിനൊപ്പം. ഡൽഹിയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇതോടെ ഒരു ടീമിനെതിരെ തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ടെസ്റ്റ് പരമ്പര ജയിക്കുന്ന ടീമെന്ന ദക്ഷിണാഫ്രിക്കയുടെ ലോക റെക്കോഡിനൊപ്പമെത്തി ഇന്ത്യ.
കരീബിയൻ ദ്വീപ് സംഘത്തിനെതിരെ ഇന്ത്യയുടെ തുടർച്ചയായ പത്താം പരമ്പര വിജയമാണിത്. 2002ലാണ് അവസാനമായി വിൻഡീസ് ഇന്ത്യക്കെതിരെ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്നത്. ദക്ഷിണാഫ്രിക്കയും വിൻഡീസിനെതിരെ തുടർച്ചയായി പത്ത് ടെസ്റ്റ് പരമ്പരകൾ ജയിച്ചിരുന്നു. 1997 മുതൽ 2024 വരെയുള്ള കാലയളലിവായിരുന്നു പ്രോട്ടീസിന്‍റെ ടെസ്റ്റ് ജയം. വിൻഡീസ് ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം അഞ്ചാംദിനം മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇന്ത്യ മറികടന്നത്.
സ്കോർ: ഇന്ത്യ -അഞ്ചിന് 518 റൺസ് ഡിക്ലയർ. മൂന്നിന് 124. വിൻഡീസ് -248, 390. വിൻഡീസിനെതിരെ അഹമ്മദാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 140 റൺസിനുമാണ് ഇന്ത്യ ജയിച്ചത്. കെ.എൽ. രാഹുൽ അർധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു. 108 പന്തിൽ രണ്ടു സിക്സും ആറു ഫോറുമടക്കം 58 റൺസെടുത്തു. ആറു റൺസുമായി ധ്രുവ് ജുറൽ പുറത്താകാതെ നിന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ 63 റൺസെന്ന നിലയിലാണ് ഇന്ത്യ അഞ്ചാംദിനം ബാറ്റിങ് ആരംഭിച്ചത്. 25 റൺസ് കൂട്ടിച്ചേർത്തതിന് പിന്നാലെ 76 പന്തിൽ 39 റൺസുമായി സായ് സുദർശന്‍റെ വിക്കറ്റ് നഷ്ടമായി.
റോസ്റ്റൺ ചേസിന്റെ പന്തിലാണ് പുറത്തായത്. പിന്നാലെ നായകൻ ഗില്ലുമൊത്ത് രാഹുൽ ടീമിനെ നൂറുകടത്തി. സ്കോർ 108ൽ നിൽക്കേ ഗില്ലിനെയും നഷ്ടമായി. 13 റൺസെടുത്ത താരത്തെ ചേസാണ് പുറത്താക്കിയത്. നാലാംദിനം ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ (8) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. നായക പദവി ഏറ്റെടുത്തശേഷമുള്ള ആദ്യ ഹോം പരമ്പരയാണ് ഗിൽ തൂത്തുവാരിയത്, നായകനായുള്ള ആദ്യ ജയവും. ഇംഗ്ലണ്ട് പരമ്പര 2-2ന് സമനിലയിലാണ് അവസാനിച്ചത്. 2011നുശേഷം ആദ്യമായാണ് ഇന്ത്യയും വിൻഡീസും തമ്മിലുള്ള ഒരു ടെസ്റ്റ് മത്സരം അഞ്ചാം ദിനത്തിലേക്ക് പോകുന്നതും.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസുമായി നാലാം നാളിൽ ബാറ്റിങ് പുനരാരംഭിച്ച വിൻഡീസിനായി മൂന്നാം വിക്കറ്റിൽ കാംപ്ബെലും ഷായ് ഹോപും ചേർന്ന് തകർപ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇരുവരും ചേർന്ന് 177 റൺസ് ചേർത്ത് സന്ദർശക ഇന്നിങ്സിന് ഊർജം പകർന്നു. അതിനിടെ 174 പന്തിൽ കാംപ്ബെൽ സെഞ്ച്വറി പൂർത്തിയാക്കി. 61ാം ഓവറിൽ 200 റൺസ് തൊട്ട വിൻഡീസിനായി ബാറ്റർമാർ മികച്ച പ്രകടനം തുടരുമെന്ന് തോന്നിച്ച ഘട്ടത്തിൽ കാംപ്ബെൽ വീണു. ജഡേജയുടെ പന്തിൽ എൽ.ബി.ഡബ്ല്യു ആയി മടങ്ങുമ്പോൾ താരം 199 പന്തിൽ 12 ഫോറും അഞ്ച് സിക്സുമടക്കം 115 റൺസ് നേടിയിരുന്നു. റോസ്റ്റൺ ചേസിനെ കൂട്ടി കളി തുടർന്ന ഷായ് ഹോപും വൈകാതെ സെഞ്ച്വറി പിന്നിട്ടു. കളിക്ക് അൽപം വേഗം കുറച്ച താരം 214 പന്തിലാണ് 103 റൺസ് കുറിച്ചത്. 12 ഫോറും രണ്ട് സിക്സും ചേർന്നതായിരുന്നു ഇന്നിങ്സ്.
മധ്യനിരയിൽ ചേസ് 40ഉം ജസ്റ്റിൻ ഗ്രീവ്സ് 50ഉം റൺസെടുത്തതായിരുന്നു പറയത്തക്ക മറ്റു വ്യക്തിഗത സ്കോറുകൾ. സ്പിന്നും പേസും മാറിമാറി ബൗളിങ്ങിന് മൂർച്ച കൂട്ടിയ ആതിഥേയനിരക്ക് മുന്നിൽ മുട്ടിടിച്ച് വിൻഡീസ് നാലാം നാൾ എതിരാളികൾക്ക് വമ്പൻ ജയം സമ്മാനിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന വിക്കറ്റിൽ ജെയ്ഡൻ സീൽസും (32 റൺസ്) അർധ സെഞ്ച്വറിയുമായി ജസ്റ്റിൻ ഗ്രീവ്സും ചേർന്ന് 79 റൺസ് നേടിയത് കളി മാറ്റി. എന്നാലും, ഒരു നാൾ മൊത്തം ബാക്കിനിൽക്കെ ഇന്ത്യ വമ്പൻ ജയത്തിനരികെയാണ്. ജയിച്ചാൽ പരമ്പരയും ഇന്ത്യക്ക് സ്വന്തം. ഇന്ത്യൻ ബൗളർമാരിൽ ജസ്പ്രീത് ബുംറ (3/44), കുൽദീപ് യാദവ് (3/104), മുഹമ്മദ് സിറാജ് (2/43), രവീന്ദ്ര ജഡേജ (1/102), വാഷിങ്ടൺ സുന്ദർ (1/80) എന്നിങ്ങനെ എല്ലാവരും മികച്ചുനിന്നു.