ന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിങ്സ് 518 റൺസിൽ ഡിക്ലയർ ചെയ്തു. ഓപണർ യശസ്വി ജയ്സ്വാളിനു പുറമെ നായകൻ ശുഭ്മൻ ഗില്ലും സെഞ്ച്വറി കണ്ടെത്തിയതോടെ ഇന്ത്യ അനായാസം 500 പിന്നിടുകയായിരുന്നു. ധ്രുവ് ജുറേൽ പുറത്തായതിനു പിന്നാലെ അഞ്ചിന് 518 എന്ന നിലയിൽ ഇന്നിങ്സ് അവസാനിപ്പിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ തീരുമാനിക്കുകയായിരുന്നു. വിൻഡീസിനായി ജോമൽ വാരികൻ മൂന്ന് വിക്കറ്റ് നേടി.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 318 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. കഴിഞ്ഞ ദിവസത്തെ സ്കോറിനൊപ്പം രണ്ട് റൺസ് മാത്രം ചേർത്ത താരം അനാവശ്യ റണ്ണിനോടി വിക്കറ്റ് വലിച്ചെറിഞ്ഞു. ഇരട്ട സെഞ്ച്വറി നേടാനുള്ള അസുലഭാവസരം ജയ്സ്വാൾ നഷ്ടപ്പെടുത്തി. 258 പന്തിൽ 22 ബൗണ്ടറികളുടെ അകമ്പടിയോടെ 175 റൺസ് നേടിയാണ് താരം പുറത്തായത്.
നയകന് മികച്ച പിന്തുണ നൽകിയ നിതാഷ് കുമാർ റെഡ്ഡി 54 പന്തിൽ 43 റൺസ് നേടി. ഇടയ്ക്ക് വമ്പൻ ഷോട്ടുകൾ പുറത്തെടുത്ത താരത്തിന്‍റെ ബാറ്റിൽനിന്ന് രണ്ട് സിക്സും നാല് ഫോറും പിറന്നു. വാരികന്‍റെ പന്തിൽ ജെയ്ഡൻ സീൽസിന് ക്യാച്ച് സമ്മാനിച്ചാണ് താരം കൂടാരം കയറിയത്. പിന്നാലെ ക്രീസിലെത്തിയ ജുറേൽ അഞ്ചാം വിക്കറ്റിൽ നായകനൊപ്പം സെഞ്ച്വറി കൂട്ടുകെട്ട് ഒരുക്കി. അർധ സെഞ്ച്വറിക്ക് ആറ് റൺസകലെ ജുറേലിനെ റോസ്റ്റൺ ചേസ് എറിഞ്ഞിട്ടു. ഇതോടെ ഇന്ത്യൻ ക്യാപ്റ്റൻ ഇന്നിങ്സ് ഡിക്ലയർ ചെയ്തു.
129 റൺസ് നേടിയ ഗിൽ പുറത്താകാതെ നിന്നു. 16 ഫോറും രണ്ട് സിക്സും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. ഒരു കലണ്ടർ വർഷം അഞ്ച് ടെസ്റ്റ് സെഞ്ച്വറികൾ നേടുന്ന താരമെന്ന കോഹ്ലിയുടെ റെക്കോഡിനൊപ്പം ഗില്ലുമെത്തി. ടെസ്റ്റ് കരിയറിൽ താരത്തിന്‍റെ പത്താം സെഞ്ച്വറിയാണ് അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ പിറന്നത്. ക്യാപ്റ്റനായ ശേഷം ഹോം ഗ്രൗണ്ടിലെ ആദ്യ സെഞ്ച്വറിയെന്ന പ്രത്യേകതയുമുണ്ട്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് സ്കോർ ബോർഡിൽ 21 റൺസ് ചേർക്കുന്നതിനിടെ ഓപണർ ജോൺ കാംപ്ബെല്ലിനെ (10) നഷ്ടമായി.
ഒന്നാം ദിനം ജയ്സ്വാളിന് സ്വന്തം
26ാം ടെസ്റ്റിൽ ഏഴാം സെഞ്ച്വറി നേടിയ ജയ്സ്വാൾ തന്നെയായിരുന്നു ആദ്യദിനം ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലായത്. ഒപ്പം വൺഡൗൺ ബാറ്റർ സായ് സുദർശന്റെ (87) ശതകത്തിനടുത്തെത്തിയ പ്രകടനവും ടീമിന് തുണയായി. ഓപണർ ലോകേഷ് രാഹുൽ 38 റൺസെടുത്തു. 24 വയസ്സിനിടെ ഓപണറായി ഏറ്റവും കൂടുതൽ സെഞ്ച്വറികളെന്ന മുൻ ദക്ഷിണാഫ്രിക്കൻ താരം ഗ്രേയം സ്മിത്തിന്റെ നേട്ടത്തിനൊപ്പമെത്തി 23കാരനായ ജയ്സ്വാൾ. തന്റെ ഏഴ് ശതകങ്ങളിൽ അഞ്ചിലും 150 കടക്കാനായി എന്ന മികവും യശസ്വിക്കുണ്ട്. ഇക്കാര്യത്തിൽ ആസ്ട്രേലിയയുടെ ഇതിഹാസതാരം ഡോൺ ബ്രാഡ്മാൻ മാത്രമാണ് മുന്നിലുള്ളത്.
കൃത്യതയാർന്ന കട്ട് ഷോട്ടുകളും മനോഹരമായ ഡ്രൈവുകളും നിറഞ്ഞ യശസ്വിയുടെ ഇന്നിങ്സിൽ പതിവിൽനിന്ന് വ്യത്യസ്തമായി ഒരു സിക്സ് പോലുമുണ്ടായിരുന്നില്ല എന്ന കൗതുകവുമുണ്ട്. തുടക്കത്തിൽ സൂക്ഷ്മതയോടെ ബാറ്റേന്തിയ യശസ്വി 82 പന്തിലാണ് 50 പിന്നിട്ടത്. പിന്നീട് ചെറുതായി ഗിയർ മാറ്റി 63 പന്തിൽ അടുത്ത 100 കടന്ന താരം പിന്നീട് ഒട്ടൊന്ന് വേഗം കുറച്ചതോടെ 150ലെത്താൻ പിന്നെയും 79 പന്തുകളെടുത്തു.
നാല് മത്സരങ്ങളിലെ ഏഴ് ഇന്നിങ്സുകളിൽനിന്നായി ഒരു അർധ ശതകമടക്കം 147 റൺസ് മാത്രം അക്കൗണ്ടിലുള്ളതിന്റെ സമ്മർദത്തിൽ ഇറങ്ങിയ സായ് സുദർശന് പക്ഷേ, മൂർച്ച കുറഞ്ഞ വിൻഡീസ് ബൗളിങ് തുണയായി. മറുവശത്ത് ജയ്സ്വാൾ മികച്ച ഫോമിൽ കളിക്കുകകൂടി ചെയ്തതോടെ ആത്മവിശ്വാസമേറിയ സുദർശൻ 165 പന്തിൽ 12 ഫോർ പായിച്ചാണ് 87ലെത്തിയത്. 54 പന്തിൽ അഞ്ച് ഫോറും ഒരു സിക്സുമടക്കം 38 റൺസെടുത്ത രാഹുലിന് വൻ സ്കോറിലേക്ക് ബാറ്റ് വീശാനാവാതിരുന്നത് മാത്രമായിരുന്നു ആദ്യദിനം ഇന്ത്യക്കേറ്റ ഏക തിരിച്ചടി.