
ശുഭ്മൻ ഗിൽ ബാറ്റിങ്ങിനിടെ
ന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. രണ്ടാം ദിനം 111 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 419 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 72 റൺസുമായി നായകൻ ശുഭ്മൻ ഗില്ലും ഒരു റണ്ണുമായി വിക്കറ്റ് കീപ്പിങ് ബാറ്റർ ധ്രുവ് ജുറേലുമാണ് ക്രീസിൽ. രണ്ടിന് 318 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സെഞ്ച്വറി നേടിയ ഓപണർ യശസ്വി ജയ്സ്വാൾ, നിതീഷ് കുമാർ റെഡ്ഡി എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
കഴിഞ്ഞ ദിവസത്തെ സ്കോറിനൊപ്പം രണ്ട് റൺസ് മാത്രമാണ് ജയ്സ്വാളിന് കൂട്ടിച്ചേർക്കാനായത്. 258 പന്തുകൾ നേരിട്ട്, 22 ബൗണ്ടറികൾ സഹിതം 175 റൺസ് നേടിയ താരം അനാവശ്യ റണ്ണിന് ശ്രമിച്ച് റണ്ണൗട്ടാകുകയായിരുന്നു. ഇതോടെ സ്കോർ മൂന്നിന് 325 എന്ന നിലയിലായി. പിന്നീടെത്തിയ നിതീഷ് റെഡ്ഡി നായകന് മികച്ച പിന്തുണ നൽകി. നാലാം വിക്കറ്റിൽ നായകനൊപ്പം ടീം സ്കോർ 400 കടത്തിയാണ് നിതീഷ് മടങ്ങിയത്. 54 പന്തിൽ 43 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ നായകന് കൂട്ടായി ജുറേലെത്തി.
ഒന്നാം ദിനം ജയ്സ്വാളിന് സ്വന്തം
26ാം ടെസ്റ്റിൽ ഏഴാം സെഞ്ച്വറി നേടിയ ജയ്സ്വാൾ തന്നെയായിരുന്നു ആദ്യദിനം ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലായത്. ഒപ്പം വൺഡൗൺ ബാറ്റർ സായ് സുദർശന്റെ (87) ശതകത്തിനടുത്തെത്തിയ പ്രകടനവും ടീമിന് തുണയായി. ഓപണർ ലോകേഷ് രാഹുൽ 38 റൺസെടുത്തു. 24 വയസ്സിനിടെ ഓപണറായി ഏറ്റവും കൂടുതൽ സെഞ്ച്വറികളെന്ന മുൻ ദക്ഷിണാഫ്രിക്കൻ താരം ഗ്രേയം സ്മിത്തിന്റെ നേട്ടത്തിനൊപ്പമെത്തി 23കാരനായ ജയ്സ്വാൾ. തന്റെ ഏഴ് ശതകങ്ങളിൽ അഞ്ചിലും 150 കടക്കാനായി എന്ന മികവും യശസ്വിക്കുണ്ട്. ഇക്കാര്യത്തിൽ ആസ്ട്രേലിയയുടെ ഇതിഹാസതാരം ഡോൺ ബ്രാഡ്മാൻ മാത്രമാണ് മുന്നിലുള്ളത്.
കൃത്യതയാർന്ന കട്ട് ഷോട്ടുകളും മനോഹരമായ ഡ്രൈവുകളും നിറഞ്ഞ യശസ്വിയുടെ ഇന്നിങ്സിൽ പതിവിൽനിന്ന് വ്യത്യസ്തമായി ഒരു സിക്സ് പോലുമുണ്ടായിരുന്നില്ല എന്ന കൗതുകവുമുണ്ട്. തുടക്കത്തിൽ സൂക്ഷ്മതയോടെ ബാറ്റേന്തിയ യശസ്വി 82 പന്തിലാണ് 50 പിന്നിട്ടത്. പിന്നീട് ചെറുതായി ഗിയർ മാറ്റി 63 പന്തിൽ അടുത്ത 100 കടന്ന താരം പിന്നീട് ഒട്ടൊന്ന് വേഗം കുറച്ചതോടെ 150ലെത്താൻ പിന്നെയും 79 പന്തുകളെടുത്തു.
നാല് മത്സരങ്ങളിലെ ഏഴ് ഇന്നിങ്സുകളിൽനിന്നായി ഒരു അർധ ശതകമടക്കം 147 റൺസ് മാത്രം അക്കൗണ്ടിലുള്ളതിന്റെ സമ്മർദത്തിൽ ഇറങ്ങിയ സായ് സുദർശന് പക്ഷേ, മൂർച്ച കുറഞ്ഞ വിൻഡീസ് ബൗളിങ് തുണയായി. മറുവശത്ത് ജയ്സ്വാൾ മികച്ച ഫോമിൽ കളിക്കുകകൂടി ചെയ്തതോടെ ആത്മവിശ്വാസമേറിയ സുദർശൻ 165 പന്തിൽ 12 ഫോർ പായിച്ചാണ് 87ലെത്തിയത്. 54 പന്തിൽ അഞ്ച് ഫോറും ഒരു സിക്സുമടക്കം 38 റൺസെടുത്ത രാഹുലിന് വൻ സ്കോറിലേക്ക് ബാറ്റ് വീശാനാവാതിരുന്നത് മാത്രമായിരുന്നു ആദ്യദിനം ഇന്ത്യക്കേറ്റ ഏക തിരിച്ചടി.