ദുബൈ: ഏഷ്യ കപ്പ് ജയിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യൻ ടീമിന് ഇതുവരെ വിജയികൾക്കുള്ള കിരീടം കിട്ടിയിട്ടില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) തലവനും പാകിസ്താൻ ആഭ്യന്തര മന്ത്രിയുമായ മുഹ്സിൻ നഖ്‌വിയിൽനിന്ന് കിരീടം ഏറ്റുവാങ്ങാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചതോടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം.
ഇന്ത്യന്‍ ടീം പോഡിയത്തില്‍ കയറാന്‍ കാത്തുനില്‍ക്കുമ്പോള്‍ എ.സി.സി ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഗ്രൗണ്ടില്‍നിന്ന് കിരീടം എടുത്തുമാറ്റി. പിന്നാലെ കിരീടവും മെഡലുമായി നഖ്‌വി അദ്ദേഹം താമസിക്കുന്ന ഹോട്ടലിലേക്ക് പോയി. ഒടുവിൽ കിരീടമില്ലാതെയാണ് ഇന്ത്യൻ താരങ്ങൾ വിജയാഘോഷം നടത്തിയത്. ഇതിനിടെ ദുബൈ സ്പോർട്സ് സിറ്റിയിലുള്ള എ.സി.സി ആസ്ഥാനത്തേക്ക് കിരീടം കൊണ്ടുവരാൻ നഖ്‌വിയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായില്ല. ഇതോടെ കിരീടം തിരിച്ചുപിടിക്കാൻ എ.സി.സിയിലെ മറ്റു അസോസിയേഷൻ രാജ്യങ്ങളുടെ സഹായത്തോടെ ഇംപീച്ച്മെന്‍റിനുള്ള നീക്കങ്ങൾ തുടങ്ങിയിരുന്നു.
എ.സി.സി ആസ്ഥാനത്തെത്തി തന്‍റെ കൈയിൽനിന്ന് ഇന്ത്യൻ ടീമിന് കിരീടം സ്വീകരിക്കാമെന്ന് നഖ്‌വി അറിയിച്ചിരുന്നു. അതും ഇന്ത്യക്ക് സ്വീകാര്യമല്ലായിരുന്നു. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് എ.സി.സി ആസ്ഥാനത്താണ് ഏഷ്യ കപ്പ് ജേതാക്കൾക്കുള്ള കിരീടമുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. ഓഫിസിൽ പൂട്ടി വെച്ച നിലയിലാണ് കിരീടമുള്ളതെന്നും, താനറിയാതെ അവിടെനിന്ന് മാറ്റുകയോ കൈമാറുകയോ ചെയ്യരുതെന്ന് ബന്ധപ്പെട്ടവർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. നഖ്‌വിയുടെ അനുമതിയും നേരിട്ടുള്ള സാന്നിധ്യവുമില്ലാതെ അത് മാറ്റുകയോ ആർക്കും കൈമാറുകയോ ചെയ്യരുത്. ഇന്ത്യൻ ടീമിനോ ബി.സി.സി.ഐക്കോ ട്രോഫി കൈമാറുന്നത് താനായിരിക്കുമെന്നും നഖ്‌വി അറിയിച്ചതായാണ് അടുത്ത വൃത്തങ്ങൾ പി.ടി.ഐയോട് പറഞ്ഞത്.
പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ടൂർണമെന്‍റിൽ പാകിസ്താനെതിരായ മത്സരത്തിൽ ടോസിനുശേഷം പാക് നായകന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഹസ്തദാനം നൽകിയിരുന്നില്ല. മത്സരശേഷം താരങ്ങൾ തമ്മിലും ഹസ്തദാനം നടത്താതെയാണ് ഗ്രൗണ്ട് വിട്ടത്. ടൂർണമെന്‍റിൽ ഫൈനലിൽ ഉൾപ്പെടെ മൂന്നു തവണയാണ് ഇന്ത്യ-പാക് മത്സരം നടന്നത്. കിരീടം ഹോട്ടലിലേക്ക് കൊണ്ടുപോയ നഖ്‌വിയുടെ നടപടി ബാലിശവും അംഗീകരിക്കാനാവില്ലെന്നുമാണ് ബി.സി.സി.ഐ പ്രതികരിച്ചത്.
എ.സി.സി ചെയർമാൻ സ്ഥാനത്തുനിന്ന് നഖ്‌വിയെ മാറ്റാനുള്ള നീക്കവും ബി.സി.സി.ഐ ശക്തമാക്കി. നവംബറിൽ നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) വാർഷിക ജനറൽ ബോഡി യോഗത്തിൽ ബി.സി.സി.ഐ ഈ ആവശ്യം ഉന്നയിക്കും.