മക്കായ്: ആസ്ട്രേലിയക്കെതിരായ യൂത്ത് ടെസ്റ്റ് തൂത്തുവാരി ഇന്ത്യൻ യുവനിര. രണ്ടാം മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യ അണ്ടർ 19 ടീമിന്‍റെ ജയം. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ യൂത്ത് ടെസ്റ്റിൽ ആയുഷ് മാത്രെക്കും സംഘത്തിനും സമ്പൂർണ ജയം.
നേരത്തെ മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ തൂത്തുവാരിയിരുന്നു. സ്കോർ– ഓസ്ട്രേലിയ: 135, 116, ഇന്ത്യ: 171, 84-3. രണ്ടാംദിനം 81 റൺസ് ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. രണ്ടാം ഇന്നിങ്സിൽ 81 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യ 12.2 ഓവറിൽ കളി തീർത്തു. വേദാന്ത് ത്രിവേദിയും (35 പന്തിൽ 33) രാഹുൽ കുമാറുമാണ് (14 പന്തിൽ 13) ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചത്.
നേരിട്ട ആദ്യ പന്തിൽ തന്നെ വൈഭവ് സൂര്യവംശി പുറത്തായി. ചാൾസ് ലച്മുണ്ടിന്റെ പന്തിൽ ജൂലിയൻ ഒസ്ബേൺ ക്യാച്ചെടുത്താണു വൈഭവിനെ മടക്കിയത്. ആയുഷ് മാത്രെ (ആറു പന്തിൽ 13), വിഹാൻ മൽഹോത്ര (21 പന്തിൽ 21) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഒന്നാം ഇന്നിങ്സിൽ 36 റൺസിന്‍റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ഓസീസിനെ 116 റൺസിന് പുറത്താക്കിയിരുന്നു.
ഹനിൽ പട്ടേലിന്‍റെയും നമൻ പുഷ്പകിന്‍റെയും മൂന്നു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്സിൽ ഓസീസിനെ ചെറിയ സ്കോറിലൊതുക്കിയത്. ഒന്നാം ഇന്നിങ്സിലും ഹനിൽ പട്ടേലൽ മൂന്നു വിക്കറ്റ് നേടിയിരുന്നു. വേദാന്ത് ത്രിവേദിയാണ് പരമ്പരയിലെ ടോപ് സ്കോറർ, 198 റൺസ്. ഏകദിന പരമ്പരയിലും 173 റൺസുമായി റൺവേട്ടക്കാരിൽ ഒന്നാമനായി. ടെസ്റ്റിൽ 133 റൺസുമായി വൈഭവ് രണ്ടാമതുണ്ട്. ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 58 റൺസിനുമായിരുന്നു ഇന്ത്യയുടെ ജയം.