2026 ലോകകപ്പിനുള്ള അവസാന രണ്ട് ഏഷ്യന്‍ ടീമുകളെ തീരുമാനിക്കാനുള്ള നാലാം റൗണ്ട് പോരാട്ടം ബുധനാഴ്ച സൗദിയിലും ഖത്തറിലും നടക്കും. ഗ്രൂപ്പ് എയില്‍ ദോഹ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ ആതിഥേയരായ ഖത്തര്‍ ഒമാനെ നേരിടും വൈകിട്ട് എഴ് മണിക്കാണ് മത്സരം. അതേസമയം സൗദിയില്‍ 9.15ന് ജിദ്ദ കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി ഹാള്‍ സ്റ്റേഡിയത്തില്‍ (ഗ്രൂപ്പ്-ബി) ആതിഥേയര്‍ ഇന്തോനേഷ്യയെയും നേരിടും.
ഖത്തര്‍-ഒമാന്‍
രണ്ടാം ലോകകപ്പ് ലക്ഷ്യമിട്ടാണ് ഖത്തര്‍ ഒമാനുമായി കോമ്പുകോര്‍ക്കുന്നത്. സ്വന്തം നാട്ടുകാരുടെ പിന്തുണയും സ്പാനിഷ് കോച്ച് ജൂലന്‍ ലോപ്‌ടെഗിയുടെ മികവും അനുകൂലമാണ്. പ്രമുഖ താരങ്ങളായ ഹസന്‍ അല്‍ ഹൈദൂസും അല്‍മോസ് അലിയും പരിക്ക് മാറി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. അക്രം അഫീഫിന്റെ പ്രകടനത്തെ ആശ്രയിച്ചാവും ടീമിന്റെ മുന്നേറ്റം. ഇത്തവണ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ കരുത്തു തെളിയിച്ചുതന്നെ യോഗ്യത നേടുകയാണ് ലക്ഷ്യം. ഫിഫ റാങ്കിംഗില്‍ നിലവില്‍ 53-ാമതാണ് ഖത്തര്‍. 14ന് യു.എ.ഇ.യുമാണ് അവസാന മത്സരം.
അതേസമയം ആദ്യ ലോകകപ്പിനാണ് പോര്‍ച്ചുഗല്‍ കോച്ച് കാര്‍ലോസ് ക്വിറോസിന്റെ നേതൃത്വത്തില്‍ ഒമാന്‍ ഖത്തറിനെ നേരിടുന്നത്. ഖത്തറിന്റെ മുന്‍ പരിശീലകനായിരുന്നു ക്വിറോസ്. അതുകൊണ്ടു തന്നെ എതിരാളിയുടെ നീക്കത്തിനെതിരെ ശക്തമായ തന്ത്രം മെനഞ്ഞേക്കും ലോക റാങ്കിംഗില്‍ 79-ാം സ്ഥാനത്തുള്ള ഒമാന്‍. അവസാനമായി ഇരു ടീമും അറേബ്യന്‍കപ്പില്‍ നേരിട്ടപ്പോള്‍ ഒമാനായിരുന്നു വിജയം.
സൗദി-ഇന്തോനേഷ്യ
ഏഴാം തവണ ലോകകപ്പ് പ്രവേശനത്തിന് ഇന്‍ഡോനേഷ്യയുമായി മത്സരിക്കുന്ന സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമാണ്. മൂന്നാം റൗണ്ടിലെ പരാജയത്തിന് കണക്കു ചോദിച്ചേക്കും. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇന്തോനേഷ്യ നേരത്തെ സൗദിയെ അട്ടിമറിച്ചത്. പങ്കെടുത്ത എല്ലാ ലോകപ്പുകളിലും ഏഷ്യയില്‍നിന്നും നേരത്തെതന്നെ യോഗ്യത ഉറപ്പാക്കിയിരുന്നെങ്കിലും ഇത്തവണ മോശം പ്രകടനം സൗദി ടീമിനെ ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനക്കെതിരെ വിജയ ഗോള്‍ നേടിയ സലീം അല്‍ദൗസരി, സമനില ഗോള്‍ നേടിയ സാലിഹ് അല്‍ഷെഹ്‌രി തുടങ്ങിയവരിലാണ് ടീമിന്റെ പ്രതീക്ഷ. സൗഹൃദ മത്സരത്തില്‍ മാസിഡോണിയയെ തോല്‍പിച്ചു. കരുത്തരായ ചെക്ക് റിപ്പബ്ലിക്കുമായി സമനില പാലിച്ചു. സ്വന്തം കാണികളുടെ പിന്തുണ സൗദിക്ക് അനുകൂലമാണ്.
മൂന്നാം റൗണ്ടില്‍ സൗദിയെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്തു വിട്ട ആത്മ വിശ്വാസത്തിലാണ് കോച്ച് പാട്രിക് ക്ലൈവര്‍ട്ടിന്റെ നേതൃത്വത്തില്‍ ഇന്തോനേഷ്യ കളത്തിലിറങ്ങുന്നത്. പ്രഥമ ലോകകപ്പിലാണ് ഗരുഡ സംഘം കണ്ണും നട്ടിരിക്കുന്നത്. സൗദിക്കെതിരെ ഒരു മത്സരത്തില്‍ വിജയവും ഒന്നില്‍ സമനിലയും നേടിയിട്ടുണ്ട്. ഇന്തോനേഷ്യ അത്ഭുതം സൃഷ്ടിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്നാണ് ഫുട്‌ബോള്‍ ലോകത്തെ വിലയിരുത്തല്‍.