
കൊളംബോ: വനിത ഏകദിന ലോകകപ്പിൽ പാകിസ്താന് തോൽവിത്തുടക്കം. ബംഗ്ലാദേശ് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല ജയം നേടി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ എതിരാളികൾ 38.3 ഓവറിൽ വെറും 129 റൺസിന് എറിഞ്ഞിട്ടു. ബംഗ്ലാദേശ് 31.3 ഓവറിൽ മൂന്ന് വിക്കറ്റിന് ലക്ഷ്യം കണ്ടു. 54 റൺസെടുത്ത് പുറത്താവാതെ നിന്ന റൂബിയ ഹൈദറാണ് വിജയികളുടെ ടോപ് സ്കോറർ. ശോഭ മുസ്തരി 24 റൺസുമായി ക്രീസിലുണ്ടായിരുന്നു.
ബംഗ്ലാ ബൗളർമാരിൽ ഷോർന അക്തർ മൂന്ന് വിക്കറ്റ് വീഴ്ത്തിയും മിന്നി. കഴിഞ്ഞ ദിവസം നടന്ന കളിയിൽ ആസ്ട്രേലിയ 89 റൺസിന് ന്യൂസിലൻഡിനെ തോൽപിച്ചു. 83 പന്തിൽ 115 റൺസെടുത്ത ആഷ് ലി ഗാർഡ്നറുടെ മികവിൽ ഓസീസ് വനിതകൾ 49.3 ഓവറിൽ 326 റൺസെടുത്തു. കിവികൾ പക്ഷേ, 43.2 ഓവറിൽ 237ന് പുറത്തായി. ഇവരുടെ ക്യാപ്റ്റൻ സോഫി ഡിവൈൻ (112) സെഞ്ച്വറിയുമായി മിന്നിയെങ്കിലും കാര്യമുണ്ടായില്ല.
എ ടീം ഏകദിനം: ഓസീസിനെതിരെ ഇന്ത്യക്ക് വമ്പൻ ജയം
കാൺപുർ: ഇന്ത്യ എ-ആസ്ട്രേലിയ എ ഏകദിനത്തിൽ തകർപ്പൻ ജയവുമായി ആതിഥേയർ. മഴ കാരണം റിസർവ് ദിവസത്തിലേക്ക് മാറ്റിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 413 റൺസ് അടിച്ചുകൂട്ടി. ഓസീസ് മറുപടി 33.1 ഓവറിൽ 242ൽ തീർന്നു.
ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും (83 പന്തിൽ 110) ഓപണർ പ്രയാൻഷ് ആര്യയുടെയും (84 പന്തിൽ 101) സെഞ്ച്വറികളും റിയാൻ പരാഗിന്റെയും (42 പന്തിൽ 67) ഓപണർ പ്രഭ്സിമ്രാൻ സിങ്ങിന്റെയും (53 പന്തിൽ 56) ആയുഷ് ബദോനിയുടെയും (27 പന്തിൽ 50) അർധ ശതകങ്ങളുമാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. നിഷാന്ത് സിന്ധു നാല് വിക്കറ്റ് വീഴ്ത്തിയും ആതിഥേയർക്ക് 171 റൺസ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച.
അണ്ടർ 19 ടെസ്റ്റ്: ഓസീസിനെതിര ഇന്ത്യക്ക് ഇന്നിങ്സ് ജയം
ബ്രിസ്ബേൻ: അണ്ടർ 19 പരമ്പരയിലെ ആദ്യ യൂത്ത് ടെസ്റ്റിൽ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം. ഇന്നിങ്സിനും 58 റൺസിനുമായിരുന്നു ആതിഥേയരുടെ തോൽവി. രണ്ടാം ഇന്നിങ്സിൽ ഓസീസ് 127 റൺസിന് പുറത്തായി. സ്കോർ: ആസ്ട്രേലിയ 243 & 127, ഇന്ത്യ 428. ഓപണർ വൈഭവ് സൂര്യവംശിയുടെയും (113) വേദാന്ത് ത്രിവേദിയുടെയും (140) സെഞ്ച്വറികളാണ് സന്ദർശകർക്ക് മികച്ച ഒന്നാം ഇന്നിങ്സ് സ്കോറും ലീഡും സമ്മാനിച്ചത്.
ഇറാനി കപ്പ്: റെസ്റ്റ് ഓഫ് ഇന്ത്യ പതറുന്നു
നാഗ്പുർ: ഇറാനി കപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ രണ്ടാം ദിനം രഞ്ജി ട്രോഫി ചാമ്പ്യന്മാരായ വിദർഭക്കെതിരെ റെസ്റ്റ് ഓഫ് ഇന്ത്യക്ക് ബാറ്റിങ് തകർച്ച. വിദർഭയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 342 റൺസിന് മറുപടിയായി ബാറ്റ് ചെയ്യുന്ന ഇവർ സ്റ്റമ്പെടുക്കുമ്പോൾ അഞ്ച് വിക്കറ്റിന് 142 റൺസെന്ന നിലയിലാണ്.
ക്യാപ്റ്റൻ രജത് പാട്ടിദാറും (42) മാനവ് സുത്തറുമാണ് (1) ക്രീസിൽ. ഒന്നാം ഇന്നിങ്സിൽ 200 റൺസ് പിറകിലാണ് ടീം. അഭിമന്യ ഈശ്വരൻ (52), ആര്യൻ ജുയൽ (23), യാഷ് ദുൽ (11), ഋതുരാജ് ഗെയ്ക് വാദ് (9), ഇഷാൻ കിഷൻ (1) എന്നിവർ പുറത്തായി. നേരത്തേ, ഓപണർ അഥർവ ടൈഡെയുടെ (143) സെഞ്ച്വറിയും യാഷ് റാത്തോഡിന്റെ (91) പ്രകടനവുമാണ് വിദർഭയെ 300 കടത്തിയത്.
