കോഴിക്കോട്: സംസ്ഥാന സ്കൂൾ സീനിയർ ഫുട്ബാൾ ടീമിലേക്ക് യോഗ്യതയുള്ള കളിക്കാരെ തഴഞ്ഞ് ഒരു മത്സരത്തിൽ പോലും ഇറങ്ങാത്ത താരത്തെ ഉൾപ്പെടുത്തിയതായി പരാതി. അണ്ടർ 19 സംസ്ഥാന സ്കൂൾ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് എല്ലാ മത്സരങ്ങളിലും ഗോൾ വല കാത്ത സാമൂതിരി സ്കൂളിലെ ജിയാദിനെ തഴഞ്ഞ് മലപ്പുറത്തിന്റെ ഒരു മത്സരം പോലും കളിക്കാത്ത രണ്ടാം ഗോൾ കീപ്പറെ ഉൾപ്പെടുത്തിയെന്നാണ് ആരോപണം.
കണ്ണൂരിൽ വെച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ മലപ്പുറം ചാമ്പ്യന്മാരും കോഴിക്കോട് റണ്ണേഴ്സ് അപ്പുമായിരുന്നു. സാധാരണ സംസ്ഥാന ടീമിലേക്ക് ചാമ്പ്യൻടീമിൽ നിന്ന് ഒരു ഗോൾ കീപ്പറെയും മികച്ച പ്രകടനം നടത്തിയ മറ്റൊരു ഗോൾ കീപ്പറെയും തെരഞ്ഞെടുക്കാറാണ് പതിവ്. എന്നാൽ, ഇത്തവണ രണ്ടും ഗോൾ കീപ്പർമാരും മലപ്പുറം ടീമിൽ നിന്നായിരുന്നു. അതിലെ ഒരു ഗോൾ കീപ്പർ ചാമ്പ്യൻഷിപ്പിൽ ഒരു മത്സരം പോലും കളിച്ചില്ലെന്നാണ് പരാതി. ഇത് സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണ് കോഴിക്കോട് ടീമിലെ ജിയാദ്.
കഴിഞ്ഞ വർഷം വയനാട്ടിൽ നടന്ന അണ്ടർ 20 ജില്ല ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ വയനാടിന് വേണ്ടി കളിച്ച ജിയാദ് ഫൈനലിലെ ഒരു പെനാൽറ്റി ഗോൾ മാത്രം വഴങ്ങി ടീമിന് കിരീടം നേടിക്കൊടുത്തിരുന്നു.
സബ് ജില്ല തലത്തിലും ഇതുപോലെ ഇഷ്ടക്കാരെ തിരുകി കയറ്റിയത് വിവാദമായിരുന്നു. പിന്നാലെ, രക്ഷിതാക്കൾ നിയമപരമായി പരാതി കൊടുക്കുകയും ചെയ്തു. ഇതിനിടെയാണ് സംസ്ഥാന തലത്തിലും ഇതുപോലൊരു പരാതി ഉയരുന്നത്. ഫുട്ബാൾ കളിക്കുന്നവർക്ക് അവസരങ്ങൾ സൃഷ്ടിക്കാനുള്ള അടിസ്ഥാനപരമായ ഇടങ്ങളാണ് സ്കൂൾ ടൂർണമെന്റുകളെന്നിരിക്കെ ഇത്തരം നടപടികൾ അധികൃതർ കണ്ടില്ലെന്ന് നടിച്ചാൽ പ്രതിഭയും അർഹതയുമുള്ള ഭാവി താരങ്ങൾക്ക് അത് തിരിച്ചടിയാകും.