ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബാളിൽ സമൂല മാറ്റങ്ങൾക്കൊരുങ്ങി ആഗോള ഫുട്ബാൾ ഭരണ സമിതിയായ ഫിഫ. 2030ലെ ലോകകപ്പിൽ 64 ടീമുകളുടെ പങ്കാളിത്തവുമായി ടൂർണമെന്റ് കൂടുതൽ വിശാലമാക്കുന്നതിനുള്ള ചുവടുവെപ്പുമായാണ് ഫിഫ രംഗത്തിറങ്ങിയത്. 2026 ലോകകപ്പിന്റെ ആതിഥേയ രാജ്യമായ അമേരിക്കയിലുള്ള ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ഇതു സംബന്ധിച്ച തിരക്കിട്ട ചർച്ചകൾക്ക് തുടക്കം കുറിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
തെക്കനമേരിക്കൻ ഫുട്ബാൾ ഡെഫറേഷൻ പ്രസിഡന്റ് അയലാന്ദ്രോ ഡൊമിൻഗസ്, അർജന്റീന, യുറുഗ്വായ്, പരഗ്വേ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റുമാർ എന്നിവരുമായി ഇൻഫന്റിനോ ചൊവ്വാഴ്ച ന്യൂയോർക്കിലെ ട്രംപ് ടവറിൽ കൂടികാഴ്ച നടത്തി.
ലോകകപ്പ് ഫുട്ബാളിന്റെ നൂറാം വാർഷിക മേളയായാണ് 2030 ലോകകപ്പ് സംഘടിപ്പിക്കുന്നത്. ആഫ്രിക്ക, യൂറോപ്പ്, തെക്കൻ അമേരിക്ക എന്നീ മൂന്ന് വൻകരകളിലെ മൊറോക്കോ, പോർചുഗൽ, സ്പെയിൻ, അർജന്റീന, പരഗ്വേ, ഉറുഗ്വായ് രാജ്യങ്ങളിലായാണ് നൂറാം വാർഷികാഘോഷ ലോകകപ്പ് അരങ്ങേറുന്നത്. സെഞ്ച്വറി ലോകകപ്പിനെ ഏറ്റവും വലിയ പങ്കാളിത്തമുള്ള ചാമ്പ്യൻഷിപ്പാക്കി മാറ്റാനാണ് ഫിഫയുടെ നീക്കം.
2030 ലോകകപ്പ് ചരിത്ര ടൂർണമെന്റായി മാറുമെന്ന് കൂടികാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് തെക്കനമേരിക്കൻ കോൺഫെഡറേഷൻ ‘കോൺമിബോൾ’ പ്രസിഡന്റ് ഡോമിൻഗ്വസ് ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചു. ഫിഫയുമായി ചേർന്ന് ചരിത്ര യാത്രയിൽ പങ്കുചേരാനുള്ള അവസരത്തിന് അദ്ദേഹം നന്ദിയും അറിയിച്ചു.
2022വരെ 32 ടീമുകളുടെ ടൂർണമെന്റായി നടക്കുന്ന ഫിഫ ലോകകപ്പ് 2026ൽ ആദ്യമായി 48 ടീം ടൂർണമെന്റായി നടക്കാൻ ഒരുങ്ങുന്നതിനിടെയാണ് എണ്ണം വീണ്ടും വർധിപ്പിക്കാൻ ഫിഫ ഒരുങ്ങുന്നത്.
1978 വരെ 16 ടീമുകളുടെ പോരാട്ടമായിരുന്ന വിശ്വമേള 1982ലാണ് ആദ്യമായി 24ലേക്കുയരുന്നത്. 1998ൽ ടീമുകളുടെ എണ്ണം 32ലെത്തി. 2026ൽ അമേരിക്ക, മെക്സികോ, കാനഡ രാജ്യങ്ങളിലായി നടക്കുമ്പോൾ 48ലേക്കുയരും.
64ലേക്കുയരുന്നതോടെ തെക്കനമേരിക്കയിലെ 10 ടീമുകൾക്കും ലോകകപ്പിൽ കളിക്കാൻ അവസരമൊരുങ്ങും. കന്നി ലോകകപ്പ് പ്രവേശനം കാത്തിരിക്കുന്ന വെനിസ്വേലക്കും ഇതുവഴി വിശ്വസമേളയിൽ ഇടം പിടിക്കാനാകും.
ടീമുകളുടെ എണ്ണം 64ലേക്കുയരുന്നതോടെ മത്സരങ്ങളുടെ എണ്ണം 128ആയി ഉയരും.
പൊലിമ നഷ്ടപ്പെടുത്തുമെന്ന് വിമർശകർ
ഫിഫയുടെ നീക്കത്തെ നേരത്തെ തന്നെ യുവേഫ വിമർശിച്ചു. മോശം ആശയമെന്നായിരുന്നു യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫറിന്റെ പ്രതികരണം. ലോകകപ്പിന്റെ നിലവാരവും, യോഗ്യതാ മത്സരങ്ങളുടെ മൂല്യവും ഇടിയുമെന്നാണ് പ്രധാന വിമർശനം.
ഈ വർഷം മാർച്ചിലായിരുന്നു 64 ടീം ടൂർണമെന്റ് എന്ന പ്രപ്പോസൽ ഫിഫ കൗൺസിൽ മുമ്പാകെ സമർപ്പിച്ചത്. യുറുഗ്വായ് ആയിരുന്നു ഈ ആശയവുമായി ഫിഫയെ സമീപിച്ചത്.