ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയും ഗെറ്റാഫെയും തമ്മിൽ ഏറ്റുമുട്ടിയ ഞായറാഴ്ച രാത്രി. ബാഴ്സയുടെ സ്വന്തം കളിമുറ്റമായ യൊഹാൻ ക്രൈഫ് സ്റ്റേഡിയം ആരാധക ആവേശത്തിൽ നിറഞ്ഞ നിമിഷം.
യൂറോപ്പിലെ കളിമുറ്റമെല്ലാം ഇപ്പോൾ രാഷ്ട്രീയ ചൂടിനും സാക്ഷ്യം വഹിക്കുകയാണ്. ലോകത്തെ വെറും കാഴ്ചക്കാരാക്കി ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യക്കെതിരായ പ്രതിഷേധം ഫുട്ബാൾ ആരാധകരും താരങ്ങളും സംഘാടകരുമെല്ലാം ഏറ്റെടുത്തത് ഗാലറിയിലും പുറത്തും കണ്ടു തുടങ്ങിയിട്ടുണ്ട്. ഒരു മാസം മുമ്പ് കിക്കോഫ് കുറിച്ച യൂറോപ്പിലെ മത്സര വേദികളിലെല്ലാം ഇപ്പോൾ ഫലസ്തീൻ പതാകയും ഇസ്രായേൽ വിരുദ്ധ പ്രതിഷേധവും സജീവമാവുകയാണ്.
അതിന്റെ ഏറ്റവും ഒടുവിലെ സാക്ഷ്യമായിരുന്നു ഞായറാഴ്ച രാത്രിയിലെ ബാഴ്സലോണ-ഗെറ്റാഫെ മത്സരത്തിൽ കണ്ടത്. മത്സരത്തിന് മുമ്പ് സ്റ്റേഡിയത്തിനു പുറത്ത് ഫലസ്തീൻ പതാക ഉയർത്തികാട്ടി ‘ഇന്ന് ഞാൻ ഫ്രീ ഫലസ്തീൻ സന്ദേശവുമായി ഗ്രൗണ്ടിലൂടെ ഓടും’ എന്ന് പ്രഖ്യാപിച്ചു. പതാകയുമായി നേരെ സ്റ്റേഡിയത്തിലേക്ക്. ഫെറാൻ ടോറസിന്റെ ഇരട്ട ഗോളും ഡാനി ഒൽമോയുടെ ഒരു ഗോളും മാർകസ് റാഷ്ഫോഡിന്റെ മിന്നും പ്രകടനവുമെല്ലാമായി കളി ത്രില്ലടിപ്പിച്ച് പുരോഗമിക്കുന്നു. 62ാം മിനിറ്റിൽ ഡാനിൽ ഒൽമോ ഗോൾ നേടുന്ന അതേ നിമിഷമാണ് കളത്തിന്റെ മറുഭാഗത്ത് ചില രംഗങ്ങൾ അരങ്ങേറുന്നത്.
ഗാലറിയും ഗ്രൗണ്ടും വേർതിരിക്കുന്ന ബാരിക്കേഡ് ഊർന്നിറങ്ങി അയാൾ ഇരു കൈകളിലും ഫലസ്തീൻ പതാക ഉയർത്തി ഗ്രൗണ്ടിലേക്ക് ഓടി. ഗോൾ മുന്നേറ്റത്തിലേക്ക് സൂം ചെയ്ത കാമറകാഴ്ചക്കിടയിലൂടെ അയാൾ പതാകയുമായി കുതിക്കുന്നതും കാണാമായിരുന്നു.
പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരും. മൈതാനത്തിന് കാവൽ നിന്ന പൊലീസിന് പിടികൊടുക്കാതെ ഫ്രീ ഫലസ്തീൻ മുദ്രാവാക്യവുമായി കളത്തിൽ നിറഞ്ഞോടി. ഒടുവിൽ ഏറെ പണിപ്പെട്ടാണ് ഇയാളെ കീഴടക്കി ഗ്രൗണ്ടിൽ നിന്നും മാറ്റിയത്. അപ്പോഴും ഇതൊന്നും ബാധിക്കാതെ കളത്തിൽ കളി തുടർന്നുകൊണ്ടിരുന്നു. മത്സരത്തിൽ 3-0ത്തിന് ബാഴ്സലോണ ജയിച്ചു. റയൽ മഡ്രിഡിന്റെ യുവേഫ ചാമ്പ്യൻസ് ലീഗ് വേദിയിൽ ഫലസ്തീൻ