ദുബൈ: പാകിസ്താൻ ഉയർത്തിയ ലക്ഷ്യം വെടിക്കെട്ട് ഇന്നിങ്സുകളുടെ അകമ്പടിയോടെ കൈപ്പിടിയിലൊതുക്കി ഏഷ്യാ കപ്പിൽ ഇന്ത്യയുടെ വിജയ കുതിപ്പ്.
ഏഴുദിവസത്തിനിടെ രണ്ടാം തവണ അയൽകാർ മുഖാമുഖമെത്തിയപ്പോൾ ഉഗ്രരൂപമണിഞ്ഞ് ഗർജിച്ച ഇന്ത്യയുടെ നീലക്കടുവകൾക്ക് മുന്നിൽ പാകിസ്താൻ വിരണ്ടു. മത്സരത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഉയർത്തിയ 171 റൺസ് എന്ന വിജയ ലക്ഷ്യം, ഒരു പന്തും ആറ് വിക്കറ്റും ശേഷിക്കെ ഇന്ത്യൻ നിര മറികടക്കുകയായിരുന്നു.
ഓപണർമാരായ അഭിഷേക് ശർമയും (74), ശുഭ്മാൻ ഗില്ലും (47) നൽകിയ തുടക്കം മുതലെടുത്ത ഇന്ത്യ അവസാന ഓവറുകളിലെ ചെറിയൊരു ഇടർച്ചക്കു പിന്നാലെ കളം പിടിച്ചു. തിലക് വർമ 19 പന്തിൽ 30 റൺസുമായി അനായാസം വിജയത്തിലേക്ക് നയിച്ചു. ഹാർദിക് പാണ്ഡ്യയും (13) പുറത്താകാതെ ഒപ്പം നിന്നു. ബാറ്റിങ് ഓർഡറിൽ അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു സാംസണിന് (13) റൺസെടുക്കനേ കഴിഞ്ഞുള്ളൂ.
ടോസ് നേടിയ ഇന്ത്യ എതിരാളികളെ ആദ്യം ബാറ്റിങ്ങിന് അയക്കാൻ തീരുമാനിക്കുകയായിരുന്നു. തുടക്കം തന്നെ ഇന്ത്യക്ക് തിരിച്ചടിയായി. ഒപാണർമാരെ നേരത്തെ പുറത്താക്കാനുള്ള അവസരം മൂന്നാം പന്തിൽ അഭിഷേക് ശർമ കൈവിട്ടു. ഹാർദിക് പാണ്ഡ്യ എറിഞ്ഞ ഓവറിൽ ഓപണർ സഹിബ്സദയുടെ അനായാസ ക്യാച്ചായിരുന്നു അഭിഷേക് കൈവിട്ടത്. തുടക്കത്തിൽ ലൈഫ് ലഭിച്ച സഹിബ്സാദ ഒടുവിൽ പാകിസ്താന്റെ ടോപ് സ്കോറർ ആയി ഇന്നിങ്സ് അവസാനിപ്പിച്ചു. 45 പന്തിൽ 58റൺസെടുത്ത സഹിബിന്റെ കരുത്തിലായിരുന്നു അവരുടെ റൺ വേട്ട. പിന്നാലെ ക്രീസിലെത്തിയ ഫഖർ സമാൻ (15), സൈം അയുബ് (21), ഹുസൈൻ തലാത് (10), മുഹമ്മദ് നവാസ് (21), സൽമാൻ ആഗ (17 നോട്ടൗട്ട്), ഫഹീം അഷ്റഫ് (20നോട്ടൗട്ട്) എന്നിവർ ചേർന്ന് ടീം ടോട്ടൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 171ലെത്തിച്ചു. ഇന്ത്യൻ ബൗളർമാരിൽ ശിവം ദുബെക്ക് രണ്ടും, കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് ഓരോ വിക്കറ്റും മാത്രമേ വീഴ്ത്താൻ കഴിഞ്ഞുള്ളൂ.
രണ്ട് ഓവറിൽ 17 റൺസ് എന്ന നിലയിൽ കുതിച്ച പാകിസ്താന് ആദ്യ തിരിച്ചടി നൽകിയത്. ഹാർദികായിരുന്നു. സമാനെ 15 റൺസിന് പുറത്താക്കിയായിരുന്നു ആ ബ്രേക്ക് സമ്മാനിച്ചത്. ഇതിനിടെ, അഞ്ചാം ഓവറിൽ സൈം അയൂബിനെ കുൽദീപ് യാദവും കൈവിട്ടത് ഫീൽഡിൽ ഇന്ത്യയുടെ ‘മിസ് ക്യാച്ചുക’ളായി മാറി.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യ സ്ഫോടനാത്മകമായിരുന്നു. ഓപണിങ് പന്ത് എടുത്ത ഷഹീൻ ഷായുടെ ആദ്യ പന്തു തന്നെ അഭിഷേക് ശർമ ഗാലറിയിലേക്ക് പറത്തികൊണ്ട് കാണാൻ പോകുന്ന വെടിക്കെട്ടിന്റെ സാമ്പിൾ കുറിച്ചു. രണ്ടാം ഓവറിൽ ഗില്ലും അടിച്ചു തുടങ്ങിയതോടെ ഇന്ത്യൻ ബാറ്റിങ്ങ് ഇരുതലപ്പുളള വാൾ പോലെ തിളങ്ങി. അബ്രാർ അഹമ്മദിന്റെ ഏഴാം ഓവറിൽ രണ്ട് സിക്സുകൾ പറത്തികൊണ്ട് അഭിഷേക് സ്കോർ 50 അരികിലെത്തിച്ചു. 105ലെത്തിയപ്പോൾ മാത്രമാണ് ഇന്ത്യയുടെ ആദ്യവിക്കറ്റ് നഷ്ടമായത്. എന്നാൽ, മൂന്നാമനായിറങ്ങിയ നായകൻ സൂര്യകുമാർ യാദവ് (0) നിരാശപ്പെടുത്തി. ശേഷമെത്തിയ തിലക് വർമ കഴിഞ്ഞ കളിയിലെന്നപോലെ തന്നെ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശി. സഞ്ജു സാംസൺ താളം കണ്ടെത്താൻ വിഷമിക്കുന്നതിനിടെ ബൗൾഡായും കൂടാരം കയറി.
39 പന്തിൽ നാല് സിക്സും ആറ് ബൗണ്ടറിയുമായി 74റൺസെടുത്ത അഭിഷേക് ശർമ തന്നെയാണ് കളിയിലെ കേമൻ.
ബുധനാഴ്ച ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ഹസ്തദാനമില്ലാതെ രണ്ടാം അങ്കം
ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിനു പിന്നാലെ ഉയർന്ന വിവാദങ്ങളുടെ കാർമേഘങ്ങൾക്കു കീഴെയായിരുന്നു രണ്ടാം മത്സരത്തിനും കൊടിയുയർന്നത്. കഴിഞ്ഞ കളിയുടെ അതേ നിലപാട് ആവർത്തിച്ച ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എതിർ ക്യാപ്റ്റന് ഹസ്തദാനത്തിന് നിന്നില്ല. മാച്ച് റഫറിയായി എത്തിയത്, കഴിഞ്ഞ കളി മുതൽ പാകിസ്താൻ ശത്രുവായി പ്രഖ്യാപിച്ച ആൻഡി പൈക്രോഫ്റ്റ് തന്നെ. സൂര്യകുമാർ യാദവും പാക് ക്യാപ്റ്റൻ സൽമാൻ ആഗയും പരസ്പരം മുഖം പോലും നൽകാതെയായിരുന്നു ടോസ് പൂർത്തിയാക്കിയത്.
ആദ്യ മാച്ചിലെ ഹസ്തദാന വിവാദത്തിനു പിന്നാലെ പൈക്രോഫ്റ്റിനെ ടൂർണമെന്റിൽനിന്നു മാറ്റിനിർത്തണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ഐ.സി.സിയോട് ആവശ്യപ്പെട്ടിരുന്നു. ടൂർണമെന്റ് ബഹിഷ്കരിക്കുമെന്നുവരെ പി.സി.ബി ഭീഷണി മുഴക്കി. എന്നാൽ, പാകിസ്താൻ ആവശ്യം ഐ.സി.സി തള്ളി. ഹസ്തദാനം പൈക്രോഫ്റ്റ് ഇടപെട്ട് മുടക്കിയെന്നാണ് പി.സി.ബിയുടെ പരാതി. എന്നാൽ ഇതെല്ലാം തള്ളിയ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പൈക്രോഫ്റ്റിനെ പിന്തുണക്കുകയായിരുന്നു.