ബാഴ്സലോണയിലേക്കുള്ള വരവ് ഇംഗ്ലീഷ് താരം മാർക്കസ് റാഷ്ഫോഡ് ആഘോഷമാക്കിയപ്പോൾ ചാമ്പ്യൻസ് ലീഗിൽ സ്പാനിഷ് ക്ലബിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബാഴ്സയുടെ ജയം. ബാഴ്സക്കായി രണ്ട് ഗോളുകളും നേടിയത് റാഷ്ഫോഡായിരുന്നു. ആദ്യപകുതിയിൽ ബാഴ്സലോണക്ക് നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. സ്വാഭാവികമായ കളി പുറത്തെടുക്കാൻ ടീമിന് കഴിഞ്ഞില്ല. മികച്ച ഗോളവസരങ്ങൾ തുറന്നെടുക്കുന്നതിൽ അവർക്ക് പ്രതിസന്ധിയുണ്ടായെങ്കിലും രണ്ടാം പകുതിയിൽ റാഷ്ഫോഡ് കളിമാറ്റി.
58ാം മിനിറ്റിലായിരുന്നു റാഷ്ഫോഡിന്റെ ആദ്യ ഗോൾ. ബോക്സിന് പുറത്ത് നിന്ന് റാഷ്ഫോഡ് തൊടുത്തൊരു ഷോട്ട് ഗോളിക്ക് ഒരവസരവും നൽകാതെ വലയിൽ പതിക്കുകയായിരുന്നു. ഒമ്പത് മിനിറ്റിനുള്ളിൽ റാഷ് ഫോഡിന്റെ രണ്ടാമത്തെ ഗോളും വന്നു. ഇതോടെ ഇംഗ്ലീഷ് മണ്ണിലേക്കുള്ള വരവ് റാഷ്ഫോഡ് അവിസ്മരണീയമാക്കി മാറ്റുകയും ചെയ്തു.
ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ജയത്തോടെ തുടങ്ങി. 2-0ത്തിനായിരുന്നു സിറ്റിയുടെ ജയം. 10 പേരായി ചുരങ്ങിയ നാപോളിക്ക് എതിരെയായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ജയം. ഇംഗ്ലീഷ് ക്ലബിന്റെ രണ്ട് ഗോളുകളും രണ്ടാം പകുതിയിലാണ് വന്നത്. 56ാം മിനിറ്റിൽ എർലിങ് ഹാലൻഡാണ് മാഞ്ചസ്റ്റർ സിറ്റിക്കായി ആദ്യം വലകുലുക്കിയത്. 65ാം മിനിറ്റിൽ ജെറെമി ഡോക്കുവാണ് രണ്ടാം ഗോൾ നേടിയത്. കളിക്കിടെ 21ാം മിനിറ്റിൽ ഗിവാനി ഡി ലോറേൻസോ ചുവപ്പുകാർഡ് കണ്ട് പുറത്തായത് നാപോളിക്ക് തിരിച്ചടിയായിരുന്നു.