ഇസ്ലാമാബാദ്: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പുകഴ്ത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ചും പാകിസ്താൻ ക്രിക്കറ്റ് ടീം മുൻ നായകൻ ഷഹീദ് അഫ്രീദി. നല്ല ചിന്താഗതിയുള്ളയാളാണ് രാഹുൽ. ചർച്ചകളിലാണ് അദ്ദേഹം വിശ്വസിക്കുന്നത്. മോദി സർക്കാർ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി മതത്തെ ആയുധവത്കരിക്കുകയാണെന്നും പാക് താരം കുറ്റപ്പെടുത്തി.
പാകിസ്താനിലെ സമാ ടെലിവിഷൻ ഏഷ്യ കപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തെ കുറിച്ച് നടത്തിയ ചർച്ചയിലാണ് അഫ്രീദിയുടെ പരാമർശം. ‘ഇന്ത്യയിലെ സർക്കാർ ഭരണം നിലനിർത്താൻ മതത്തെ ഉപയോഗിക്കുകയാണ്. മുസ്ലിം-ഹിന്ദു കാർഡ് ഇറക്കിയാണ് അധികാരം നിലനിർത്തുന്നത്. മോശം ചിന്താഗതിയാണിത്’ -അഫ്രീദി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഏഷ്യ കപ്പിൽ പാകിസ്താനെതിരെ കളിക്കാൻ ഇന്ത്യൻ ടീമിന് അനുമതി നൽകിയതിൽ സൈബറിടങ്ങളിൽ പ്രതിഷേധം കൊടുമ്പിരി കൊള്ളുന്നതിനിടെയാണ് അഫ്രീദിയുടെ പരാമർശം.
അതേസമയം, രാഹുലിനെ പുകഴ്ത്തിയ അഫ്രീദിക്കെതിരെ ബി.ജെ.പി രംഗത്തെത്തി. ഇന്ത്യയെ വെറുക്കുന്നവരെല്ലാം രാഹുലിനൊപ്പമോ, കോണ്‍ഗ്രസിനൊപ്പമോ സഖ്യം ചേരുകയാണെന്ന് ബി.ജെ.പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല കുറ്റപ്പെടുത്തി. ‘അതില്‍ അത്ഭുതമില്ല, ഇന്ത്യയെ വെറുക്കുന്നവരെല്ലാം രാഹുലിനൊപ്പമോ കോണ്‍ഗ്രസിനൊപ്പമോ സഖ്യം ചേരുകയാണ്. സോറോസ് മുതല്‍ ഷഹീദ് വരെ.. ഐ.എൻ.സി എന്നാല്‍ ഇസ്ലാമാബാദ് നാഷനല്‍ കോണ്‍ഗ്രസ് എന്നാണ്. കോണ്‍ഗ്രസും പാകിസ്താനും തമ്മിലുള്ള സൗഹൃദത്തിന് വളരെ പഴക്കമുണ്ട്’ -ഷെഹ്സാദ് എക്സിൽ കുറിച്ചു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് മുതല്‍ 26/11 മുംബൈ, പുല്‍വാമ, പഹല്‍ഗാം ആക്രമണങ്ങളില്‍ പാകിസ്താന് ക്ലീന്‍ ചിറ്റ് നല്‍കുന്നതുവരെയുള്ള കാര്യങ്ങളില്‍ കോൺഗ്രസ് എല്ലായ്‌പ്പോഴും പാകിസ്താന്റെ ഭാഷ്യമാണ് ഏറ്റുപറയുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാഹുൽ ഗാന്ധിക്ക് പുതിയ ഫാൻ ബോയിയെ കിട്ടിയിരിക്കുകയാണെന്ന് ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി പരിഹസിച്ചു. ഇന്ത്യയുടെ ശത്രുക്കൾ കോൺഗ്രസിനെ പുകഴ്ത്തുമ്പോൾ, അവർ ഭാരതത്തിന് എതിരാണെന്ന് മനസ്സാലാക്കണമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
ഞായറാഴ്ച ദുബൈയിൽ നടന്ന ഇന്ത്യ-പാകിസ്താൻ മത്സരത്തിന് മുന്നോടിയായുള്ള ടോസിങ്ങിനിടെ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പാക് നായകന് ഹസ്തദാനം നൽകിയിരുന്നില്ല. ടോസിടൽ പൂർത്തിയാക്കിയതിനു പിന്നാലെ ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ ഹസ്തദാനം ചെയ്യാതെയായിരുന്നു മൈതാനം വിട്ടത്. തുടർന്ന് കളി കഴിഞ്ഞ ശേഷവും ഹസ്തദാനമില്ലാതെ താരങ്ങൾ മടങ്ങി. ഇന്ത്യൻ ഭാഗത്തു നിന്നുണ്ടായ അവഗണനയിൽ പ്രതിഷേധമറിയിച്ച പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പിന്നീട് പരാതിയുമായി രംഗത്തുവന്നിരുന്നു.
ഐ.സി.സി ചട്ടവും എം.സി.സി നിയമവും ലംഘിക്കുന്ന നടപടിയാണ് മാച്ച് റഫറിയിൽ നിന്നുണ്ടായതെന്ന് പി.സി.ബി ചെയർമാൻ മുഹ്സിൻ നഖ്‍വി ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ ടൂർണമെന്റിൽ നിന്നും ഒഴിവാക്കിയില്ലെങ്കിൽ ശേഷിക്കുന്ന മത്സരങ്ങൾ ബഹിഷ്‍കരിക്കുമെന്ന് പാകിസ്താൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.