
ബാഴ്സലോണയുടെ യുവതാരം ലാമിൻ യാമൽ ക്ലബ് വിട്ട് പോകില്ലെന്ന് വ്യക്തമാക്കി. മറ്റ് ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ ലഭിക്കുന്നതിനെക്കുറിച്ച് താൻ കേട്ടിട്ടില്ലെന്നും യാമൽ പറഞ്ഞു. കഴിഞ്ഞ സമ്മറിൽ പിഎസ്ജിയിൽ നിന്ന് 250 ദശലക്ഷം യൂറോയുടെ ഓഫർ ലഭിച്ചിരുന്നതായി ബാഴ്സലോണ പ്രസിഡന്റ് ലാപോർട്ട പറഞ്ഞിരുന്നു. എന്നാൽ താരം ഇത് നിഷേധിച്ചു.
“ഞാൻ അത്തരം കാര്യങ്ങളെക്കുറിച്ച് ഒന്നും കേട്ടിട്ടില്ല. എന്റെ ഏജന്റ്‌സ് ആരെങ്കിലും അറിഞ്ഞാലും എന്നോട് പറയില്ല. എനിക്ക് ഇവിടെ കരാറുണ്ട്. വേറെ ഒരു ക്ലബ്ബിലേക്കും പോകുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല,” യാമൽ വ്യക്തമാക്കി.
2026 വരെയാണ് യാമലിന്റെ ഇപ്പോഴത്തെ കരാർ. 18 വയസ്സ് തികയുമ്പോൾ 2030 വരെ കരാർ പുതുക്കുമെന്നും സൂചനകളുണ്ട്. ബാഴ്സലോണയോടുള്ള തന്റെ സ്നേഹം ആർക്കും സംശയമില്ലെന്നും താരം പറഞ്ഞു. ജൂലൈയിൽ കാര്യങ്ങൾ തീരുമാനമാകും. ഇപ്പോൾ ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലും കോപ്പാ ഡെൽ റേയിലും ശ്രദ്ധിക്കുകയാണെന്നും യാമൽ കൂട്ടിച്ചേർത്തു.
ലാ ലിഗയിൽ അഞ്ച് ഗോളുകളും 11 അസിസ്റ്റുകളുമായി ബാഴ്സലോണയെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിൽ യാമൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ബാഴ്സലോണയാണ് ഏറ്റവും മികച്ച ടീമെന്നും ലാ ലിഗ വിജയം ലക്ഷ്യമിടുന്നുവെന്നും താരം പറഞ്ഞു.
റഫറിയിംഗിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, റഫറിമാരുടെ ജോലി കഠിനമാണെന്നും ബാഴ്സലോണക്കോ റയൽ മാഡ്രിഡിനോ അത്‌ലെറ്റിക്കോ മാഡ്രിഡിനോ പരാതി പറയാൻ കഴിയില്ലെന്നും യാമൽ പറഞ്ഞു. എല്ലാവരും അവരുടെ പരമാവധി ചെയ്യാൻ ശ്രമിക്കുന്നു. ചിലപ്പോൾ ചെറിയ ടീമുകളുടെ മത്സരങ്ങളിൽ ആയിരിക്കും കൂടുതൽ വിവാദങ്ങൾ ഉണ്ടാകുന്നത്. റഫറിമാർക്കെതിരെ പരാതികൾ ഉയരുന്നത് സാധാരണമാണെന്നും താരം കൂട്ടിച്ചേർത്തു.