
എമിറേറ്റ്സ് വിട്ട് മറ്റേതെങ്കിലും ക്ലബിൽ ചേരാൻ പദ്ധതിയില്ലെന്ന് വ്യക്തമാക്കി ആഴ്സണൽ പ്രതിരോധ നിര താരം ബെൻ വൈറ്റ്.
മികെൽ ആർട്ടെറ്റയുടെ കീഴിൽ 26കാരനായ വൈറ്റ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇതുവരെയുള്ള മത്സരങ്ങളിൽ നിന്ന് ഒരു ഗോളും രണ്ട് അസിസ്റ്റും താരം നേടിയിട്ടുണ്ട്. 26 മത്സരങ്ങളിൽ നിന്നും 60 പോയിന്റ് നേടിടേബിൾ ടോപ്പേഴ്‌സായ ലിവർപൂളിന് പിന്നിൽ മൂന്നാം സ്ഥാനത്തുള്ള ഗണ്ണേഴ്സിന് വേണ്ടി 25 ലീഗ് മത്സരങ്ങളിൽ നിന്നാണ് ഇംഗ്ലീഷ് താരത്തിന്റെ മൂന്ന് ഗോൾ സംഭാവനകളും.
2021 ൽ ബ്രൈటൺ ആൻഡ് ഹോവ് ആൽബിയണിൽ നിന്ന് എത്തിയ വൈറ്റ് ഗണ്ണേഴ്സിനായി നൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2026 വരെയാണ് അദ്ദേഹത്തിന്റെ കരാർ.

പുതിയ കരാറിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ “വടക്കൻ ലണ്ടനിൽ തന്റെ ഭാവി കാണുന്നുണ്ടോ?” എന്ന സ്കൈ സ്പോർട്സ് ചോദ്യത്തിനായിരുന്നു വൈറ്റിന്റെ മറുപടി.
“തീർച്ചയായും. മറ്റെവിടെയും കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ വളരെ സ്ഥിരതയിലാണ്, എന്റെ കുടുംബം മുഴുവൻ ഇവിടെയാണ്. ഇത് ജീവിക്കാൻ ഒരു അത്ഭുതകരമായ സ്ഥലമാണ്, ആഴ്സണലിനു വേണ്ടി കളിക്കുന്നത് അതിനെ മികവിലാക്കുന്നു.”
ആഴ്സണലിനായി 119 മത്സരങ്ങളിൽ നിന്നായി ബെൻ വൈറ്റ് മൂന്ന് ഗോളും ഏഴ് അസിസ്റ്റും നേടിയിട്ടുണ്ട്. ബെൻ വൈറ്റ് നൽകിയ എല്ലാ ഗോൾ സംഭാവനകളും പ്രീമിയർ ലീഗിൽ നിന്നാണ് എന്നതും ശ്രദ്ധേയമാണ്.