ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. 2003-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരുന്നതിന് മുമ്പ് എഫ്സി ബാഴ്സലോണയിൽ ചേരാൻ അടുത്തിരുന്നതായി റൊണാൾഡോ വെളിപ്പെടുത്തി. ഒരു അഭിമുഖത്തിൽ, തുടക്കത്തിൽ ബാഴ്സലോണ തന്നെ സ്കൗട്ട് ചെയ്തെങ്കിലും ഒടുവിൽ യുണൈറ്റഡിലേക്ക് മാറാൻ തീരുമാനിച്ചതായി റൊണാൾഡോ പറഞ്ഞു. സർ അലക്സ് ഫെർഗൂസണിന്റെ കീഴിൽ പ്രവർത്തിക്കാനുള്ള അവസരമാണ് യുണൈറ്റഡിലേക്ക് ആകർഷിച്ചത്.
“അതെ, ഞാൻ സ്പോർട്ടിംഗ് ലിസ്ബണിൽ കളിക്കുമ്പോഴായിരുന്നു അത്. വിവിധ ക്ലബ്ബുകളിൽ ചേരാനുള്ള അവസരം എനിക്കുണ്ടായിരുന്നു, അതിലൊന്നായിരുന്നു ബാഴ്സലോണ,” റൊണാൾഡോ പറഞ്ഞു.
“എന്നെ സൈൻ ചെയ്യാൻ ആഗ്രഹിക്കുന്ന ബാഴ്സലോണയിൽ നിന്നുള്ള ഒരാളോടൊപ്പം ഞാൻ ഉണ്ടായിരുന്നത് ഓർക്കുന്നു, പക്ഷേ അത് സംഭവിച്ചില്ല. ഒരുപക്ഷേ അവർ എന്നെ ടീമിലെത്തിക്കാൻ ആഗ്രഹിച്ചിരിക്കാം, പക്ഷേ അത് അടുത്ത വർഷത്തേക്കായിരിക്കും. അപ്പോഴാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബ്ബ് വന്ന് എന്നെ ഉടൻ തന്നെ സൈൻ ചെയ്തത്. ഫുട്ബോളിൽ എല്ലാം എത്ര വേഗത്തിൽ നീങ്ങുന്നുവെന്ന് നിങ്ങൾക്കറിയാം,” അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പോർട്ടിംഗ് സിപി, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ്, ഇപ്പോൾ സൗദി പ്രോ ലീഗിലെ അൽ നാസർ എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്ബുകൾക്കൊപ്പം റൊണാൾഡോ കളിച്ചിട്ടുണ്ട്. എന്നാൽ കറ്റാലൻ ക്ലബ്ബും റയൽ മാഡ്രിഡും തമ്മിലുള്ള വർഷങ്ങളായുള്ള കടുത്ത മത്സരം കണക്കിലെടുക്കുമ്പോൾ റൊണാൾഡോയിൽ നിന്നുള്ള ഈ വെളിപ്പെടുത്തൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.