പാരിസ്: ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ പരിശീലകക്കുപ്പായത്തിലേക്ക് വീണ്ടുമെത്തുന്നു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിന് ശേഷം ദിദിയർ ദെഷാംപ്സ് സ്ഥാനമൊഴിയുന്ന മുറക്ക് സിദാൻ ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലന ചുമതലയേൽക്കും.
1998ലെ ബാലൻ ദി ഓർ പുരസ്കാര ജേതാവുമായി ഇതുസംബന്ധിച്ച് ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷൻ ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ഫ്രഞ്ച് ടീമിനെ 1998ൽ ലോകകപ്പ് കിരീടനേട്ടത്തിലെത്തിക്കുകയും 2006ൽ റണ്ണറപ്പാക്കുകയും ചെയ്ത സിദാൻ അതേ വർഷം വിരമിച്ചു. നാലു വർഷം കഴിഞ്ഞ് പരിശീലക വേഷത്തിലെത്തി ആദ്യമായി റയൽ മഡ്രിഡ് പരിശീലകൻ ഹോസെ മൊറീഞ്ഞോയുടെ ഉപദേശകനായി. ആറു വർഷം കഴിഞ്ഞ് റാഫേൽ ബെനിറ്റസിന്റെ പിൻഗാമിയായി ടീമിന്റെ മുഖ്യ പരിശീലക ചുമതലയേറ്റു.
