അൽജീരിയൻ കുപ്പായത്തിൽ മകൻ കളത്തിൽ, ഗ്യാലറിയിൽ ഇരുന്ന് കൈയടിച്ച് ഫ്രഞ്ച് ഇതിഹാസം, പിതാവിന്റെ മുന്നിൽ ഹീറോയായി ലൂക്കാ

റബാത്(മൊറോക്കോ): ആഫ്രിക്ക കപ്പ് ഓഫ് നാഷൻസിൽ അൽജീരിയയും സുഡാനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ കാണികളുടെ ശ്രദ്ധമുഴുവനും കളിയിലായിരുന്നില്ല. നോട്ടം ഗ്യാലറിയിലേക്ക് തന്നെയായിരുന്നു. കളത്തിലെ വിലയേറിയ താരങ്ങളേക്കാൾ താരമൂല്യമുള്ളൊരാൾ അവിടെ ഇരുന്ന് കളികാണുന്നുണ്ടായിരുന്നു.

ക്യാമറകൾ ഇടക്കിടെ അങ്ങോട്ട് ഫോക്കസ് ചെയ്യുമ്പോൾ ഗ്യാലറികൾ ഹർഷാരവം മുഴക്കുന്നുണ്ടായിരുന്നു. മറ്റാരുമല്ല, ഫ്രഞ്ച് ഫുട്ബാൾ ഇതിഹാസം സിനദിൻ സിദാൻ. സിദാന് അത് വെറുമൊരു മത്സരമല്ല. ഫ്രഞ്ചുകാരനായ തനിക്ക് അൽജീരിയക്കൊപ്പം നിന്നേ തീരൂ. അതിൽ ഗോൾവലകാക്കുന്നത് സ്വന്തം മകനാണ്, പേര് ലൂക്ക സിദാൻ. ഏതായാലും പിതാവിന്റെ മാനം മകൻ കാത്തു. കളിയിലുടനീളം മികച്ച ഫോമിലായിരുന്നു. അൽജീരിയ ആകട്ടെ എതിരില്ലാത്ത മൂന്ന് ഗോളിന് (3-0)സുഡാനെ തോൽപ്പിക്കുകയും ചെയ്തു.

ഫ്രാൻസ് അണ്ടർ 16,17,18, 19,20 ടീമുകളിൽ അംഗമായിരുന്ന സിനദിൻ സിദാന്റെ മകൻ ലൂക്കാ സിദാൻ അൽജീരിയിലേക്ക് കൂടുമാറുകയായിരുന്നു. ഒരുപിടി പ്രതിഭകളാൽ സമ്പന്നമായ ഫ്രാൻസ് ദേശീയ സീനിയർ ടീമിലേക്കുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നതിനിടെയാണ് 27കാരനായ ലൂക്കാ തന്റെ സ്​പോർട്സ് നാഷണാലിറ്റി പിതാമഹന്മാരുടെ നാടായ അൽജീരിയയിലേക്ക് മാറ്റുന്നത്.

സിദാൻ കെട്ടിപ്പടുത്ത ഫുട്ബാൾ പ്രതാപം മക്കളിലൂടെയും ഇപ്പോൾ കളത്തിൽ പടരുകയാണ്. മക്കൾ നാലുപേരും പ്രഫഷണൽ ഫുട്ബാൾ താരങ്ങൾ. എൻസോ, ലൂക, തിയോ, എല്യാസ് എന്നീ നാൽവർ സംഘം യൂത്ത് ടീമുകളിൽ ഫ്രാൻസിന്റെ ദേശീയ കുപ്പായമണിഞ്ഞതും ലോകം കണ്ടു. എന്നാൽ, കളിമികവിൽ പിതാവി​​ന്റെ നിഴൽ മാത്രമായ മക്കൾക്കാർക്കും താരസമ്പന്നമായ ഫ്രഞ്ച് ദേശീയ സീനിയർ ടീമിൽ ഇടം നേടാൻ ആയില്ലെന്നതാണ് സത്യം. ഒടുവിലിതാ രണ്ടാമൻ ലൂകാ സിദാൻ പിതാമഹന്മാരുടെ സ്വന്തം രാജ്യമായ അൽജീരിയയുടെ കുപ്പായമണിഞ്ഞ് ലോകകപ്പും കളിക്കാനൊരുങ്ങുന്നു.

ഫ്രാൻസിനായി 1994മുതൽ 2006 വരെയായി 108 മത്സരങ്ങൾ കളിച്ച് ലോകകപ്പും യൂറോകപ്പും സമ്മാനിച്ച സിനദിൻ സിദാന്റെ പിതൃപൈതൃകത്തിലേക്കാണ് മകൻ ലൂക്ക മടങ്ങുന്നത്. അൽജീരിയയിലെ അഗ്മൗനിൽ നിന്നും 1950കളിൽ ഫ്രാൻസിലേക്ക് കുടിയേറിയതായിരുന്നു സിദാൻ മാതാപിതാക്കൾ. കുടിയേറ്റക്കാരുടെ മകനായി പിറന്ന്, ദാരിദ്ര്യവും ദുരിതവും പേറിയ ബാല്യകാലത്തിൽ നിന്നായിരുന്നു സിദാൻ ലോകമറിയുള്ള ഫുട്ബാളറായി വളർന്നത്.

അൽജീരിയൻ കുപ്പായമണിയാൻ ലൂക്കാ യോഗ്യത നേടിയതോടെ സിദാൻ കുടുംബ പാരമ്പര്യം വീണ്ടും ലോകകപ്പിലെത്തുകയാണ്. 2014ന് ശേഷം ആദ്യമായി ലോകകപ്പ് യോഗ്യത നേടി അൽജീരിയ അമേരിക്കയിലേക്ക് പറക്കുമ്പോൾ ലൂക സിദാനും ടീമിൽ അവസരമുണ്ടാകുമെന്നുറപ്പാണ്.



© Madhyamam