മസ്കത്ത്: ലോകകപ്പിന് യോഗ്യത നേടുക എന്നുള്ള തങ്ങളുടെ ചിരകാല സ്വപ്നത്തിലേക്ക് പന്തുതട്ടാൻ പരിശീലനം ഊർജിതമാക്കി റെഡ്വാരിയേഴ്സ്. കോച്ച് കാർലോസ് ക്വിറോസിന് കീഴിൽ ആദ്യ ഘട്ട പരിശീലനം പൂർത്തിയാക്കി രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ഇത് ഒക്ടോബർ ആറുവരെ തുടരും.
മാനസികവും ശാരീരികവുമായ കരുത്ത് നേടാനുള്ള പരിശീലനമാണ് പ്രധാനമായും നൽകിവരുന്നത്. അതേസമയം, നാലാം ഘട്ട ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഒമാൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.
പരിചയ സമ്പന്നതക്കൊപ്പം യുവതാരങ്ങളും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഇബ്രാഹിം അൽ മുഖൈനി, ഫായിസ് അൽ-റഷീദി, ബിലാൽ അൽ ബലൂഷി, ഖാലിദ്, മുസാബ് അൽഷക്സി, താനി അൽ റഷിദി, മഹ്മൂദ് അൽ മുഷൈഫ്രി, അഹമ്മദ് അൽ ഖമീസി നായിഫ് ബൈത് സൊബീഹ്, അംജദ് അൽ ഹരിതി, ഘനേം അൽ ഹബാഷി, അലി അൽ ബുസൈദി, സുൽത്താൻ അൽ മർസൂഖ്, അഹദ് അൽമഷൈഖി, ഹാരിബ് അൽ സാദി, ജാമിൽ അൽ-യഹ്മദി, അബ്ദുൽ റഹ്മാൻ അൽ മുഷൈഫ്രി, മുഹമ്മദ് അൽ-ഗഫ്രി, അർഷാദ് അൽ അലാവി, അബ്ദുല്ല ഫവാസ്, സഹെർ അൽ-അഗ്ബ്രി, മുഹ്സിൻ അൽ-ഗസാനി, നാസർ അൽ-റവാഹി, സലാഹ് അൽ യഹ്യായ്, എസ്സാം അസൊബ്ഹി എന്നിവരാണ് ടീമിൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങൾ. രണ്ടാംഘട്ട പരിശീലനം പൂർത്തിയാക്കി ടീം ഒക്ടോബർ ആറിന് വൈകീട്ട് ഖത്തറിലേക്ക് തിരിക്കും. ഗ്രൂപ് എയിൽ ഖത്തർ, യു.എ.ഇ എന്നിവർക്കൊപ്പമാണ് ഒമാൻ. ഗ്രൂപ് ബിയിൽ സൗദി അറേബ്യ, ഇറാഖ്, ഇന്തോനേഷ്യ എന്നിവരാണുൾപ്പെടുന്നത്. ഗ്രൂപ് എയിലെ മത്സരങ്ങൾ ഖത്തറിലും ഗ്രൂപ് ബിയിലെ മത്സരങ്ങൾക്ക് സൗദി അറേബ്യയിലുമായിരിക്കും നടക്കുക. ഒക്ടോബർ എട്ടുമുതൽ 14 വരെയാണ് മത്സരങ്ങൾ. ഗ്രൂപ് ജേതാക്കൾ ലോകകപ്പിന് യോഗ്യത നേടും. എന്നാൽ ഒരു ടീമിന് കൂടി സാധ്യതയുണ്ട്. നാലാം റൗണ്ടിൽ രണ്ട് ഗ്രൂപ്പിലും രണ്ടാം സ്ഥാനത്തു വരുന്ന ടീമുകൾ ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ ഏറ്റുമുട്ടി ജേതാക്കളാകുന്നവർക്ക് ഇന്റർ കോൺഫെഡറേഷൻ ജേതാക്കളാകുന്ന ടീമുമായി ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ മത്സരിച്ചു ജയിച്ചാൽ അവർക്കും ലോകകപ്പ് കളിക്കാം.
അതുകൊണ്ടുതന്നെ ലോകകപ്പ് ഫുട്ബാളിൽ പന്ത് തട്ടുക എന്നുള്ള സുൽത്താനേറ്റിന്റെ ചിരകാലഭിലാഷം ഇപ്രാവശ്യം പൂവണിയാൻ സാധ്യത ഏറെയാണെന്നാണ് ആരാധകർ കരുതുന്നത്. ഗ്രൂപ്പിലുള്ള ഖത്തറും യു.എ.ഇ ശക്തരാണെങ്കിലും തങ്ങളുടേതായ ദിനത്തിൽ ഇരുടീമുകളെയും അട്ടിമറിക്കാനുള്ള കരുത്ത് റെഡ്വാരിയേഴ്സിനുണ്ട്. ഒക്ടോബർ എട്ടിനാണ് ആതിഥേയരായ ഖത്തറിതെിരെയാണ് ഒമാന്റെ ആദ്യ മത്സരം. അൽ സദ്ദ് ക്ലബ്ബിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴിനാണ് കിക്ക് ഓഫ്. രണ്ടാം മത്സരം ഒക്ടോബർ 11ന് രാത്രി 9.15ന് യു.എ.ഇക്കെതിരെയാണ്.