അമേരിക്കയും കാനഡയും മെക്സികോയും ആതിഥ്യം വഹിക്കുന്ന 2026ലെ ഫുട്ബാൾ ലോകകപ്പിന് മൂന്ന് മാസത്തിൽ താഴെ മാത്രം ശേഷിക്കെ യൂറോപ്പിൽ അവസാന യോഗ്യത റൗണ്ട് മത്സരങ്ങൾക്കൊരുങ്ങി 16 സംഘങ്ങൾ. യൂറോപ്പിൽനിന്ന് ലോകകപ്പ് കളിക്കുന്ന 16 ടീമുകളിൽ 12 ടീമുകൾ യോഗ്യത ഉറപ്പിച്ചുകഴിഞ്ഞു. ശേഷിക്കുന്ന നാല് സ്ഥാനങ്ങളിലേക്കാണ് 16 ടീമുകൾ പോരടിക്കുന്നത്. ഓരോ പാദം മാത്രമുള്ള സെമിഫൈനൽ, ഫൈനൽ മത്സരങ്ങളിലൂടെയാണ് അവസാന നാല് ടീമുകളെ നിർണയിക്കുക. വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനൽ പോരാട്ടങ്ങളിൽ വെയിൽസ് ബോസ്നിയ ആൻഡ് ഹെർസഗോവിനയെയും ഇറ്റലി വടക്കൻ അയർലൻഡിനെയും യുക്രെയ്ൻ സ്വീഡനെയും പോളണ്ട് അൽബേനിയയെയും സ്ലൊവാക്യ കൊസോവോയെയും തുർക്കിയ റുമാനിയയെയും ചെക് റിപ്പബ്ലിക് അയർലൻഡിനെയും ഡെന്മാർക് വടക്കൻ മാസിഡോണിയയെയും നേരിടും. സെമിഫൈനൽ വിജയികളാവുന്ന എട്ട് ടീമുകൾ ഈമാസം 31ന് നടക്കുന്ന ഏകപാദ ഫൈനൽ മത്സരങ്ങളിൽ കൊമ്പുകോർക്കും. ഇതിലെ വിജയികളാവും ലോകകപ്പിനെത്തുന്ന അവസാന യൂറോപ്യൻ സംഘങ്ങൾ.
12 ഗ്രൂപ്പുകളായി നടന്ന ആദ്യ റൗണ്ടിലെ ഗ്രൂപ് വിജയികളാണ് യൂറോപ്പിൽനിന്ന് നേരിട്ട് യോഗ്യത നേടിയത്. ജർമനി, സ്വിറ്റ്സർലൻഡ്, സ്കോട്ട്ലൻഡ്, ഫ്രാൻസ്, സ്പെയിൻ, പോർചുഗൽ, നെതർലൻഡ്സ്, ഓസ്ട്രിയ, നോർവേ, ബെൽജിയം, ഇംഗ്ലണ്ട്, ക്രൊയേഷ്യ ടീമുകളാണ് ഗ്രൂപ് ചാമ്പ്യന്മാരായി ലോകകപ്പിന് നേരത്തേ ടിക്കറ്റുറപ്പിച്ചവർ. എല്ലാ ഗ്രൂപ്പിലെയും രണ്ടാം സ്ഥാനക്കാരും 2024-25 നാഷൻസ് ലീഗ് ഓവറോൾ റാങ്കിങ് പ്രകാരമുള്ള നാല് മികച്ച നാഷൻസ് ലീഗ് ഗ്രൂപ് ജേതാക്കളുമാണ് അടുത്ത റൗണ്ടിലേക്ക് (സെമിഫൈനൽ, ഫൈനൽ റൗണ്ട്) യോഗ്യത നേടിയത്.
സ്ലൊവാക്യ, കൊസോവോ, ഡെന്മാർക്, യുക്രെയ്ൻ, തുർക്കിയ, അയർലൻഡ്, പോളണ്ട്, ബോസ്നിയ, ഇറ്റലി, വെയിൽസ്, അൽബേനിയ, ചെക് റിപ്പബ്ലിക് എന്നീ ടീമുകളാണ് ഗ്രൂപ്പുകളിലെ രണ്ടാം സ്ഥാനക്കാർ. വടക്കൻ അയർലൻഡ്, സ്വീഡൻ, റുമാനിയ, വടക്കൻ മാസിഡോണിയ ടീമുകളാണ് നാഷൻസ് ലീഗ് ഓവറോൾ റാങ്കിങ് പ്രകാരമുള്ള നാല് മികച്ച നാഷൻസ് ലീഗ് ഗ്രൂപ് ജേതാക്കളായെത്തിയത്.
ഇൻറർ കോൺഫെഡറേഷൻ പ്ലേഓഫ്
വിവിധ കോൺഫെഡറേഷനുകളിലെ ടീമുകൾ തമ്മിലുള്ള പ്ലേഓഫിലൂടെ രണ്ട് ടീമുകൾക്കുകൂടി ലോകകപ്പിന് അവസരമുണ്ട്. യുവേഫ ഒഴികെയുള്ള കോൺഫെഡറേഷനുകളിൽനിന്ന് ഓരോ ടീമുകളും-എ.എഫ്.സി (ഇറാഖ്), സി.എഫ് (കോംഗോ), കോൺമെബോൾ (ബൊളീവിയ), ഒ.എഫ്.സി (ന്യൂ കാലെഡോണിയ)-ആതിഥേയ കോൺഫെഡറേഷനായ കോൺകകാഫിൽനിന്ന് രണ്ട് ടീമുകളുമാണ് (ജമൈക്ക, സുരിനാം) കളിക്കുക. സെമിഫൈനൽ, ഫൈനൽ ഏകപാദ ഇൻറർ ഫൈനൽ വ്യാഴാഴ്ചയും ഫൈനൽ ഈമാസം 31നും നടക്കും.
