ദക്ഷിണ അമേരിക്കയിൽ നടന്ന ഒരു പ്രാദേശിക ഫുട്ബാൾ മത്സരത്തിനിടയിൽ വനിതാ റഫറിയുടെ മുഖത്തടിച്ച് കളിക്കാരൻ. കൊളംബിയൻ ടീമുകളായ റയൽ അലിയാൻസ കാറ്റക്വറയും ഡിപോർട്ടീവോ ക്വിക്കും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിന്റെ 66-ാം മിനിറ്റിൽ റെഡ് കാർഡ് ലഭിച്ച് ബെഞ്ചിൽ ഇരുന്ന ജാവിയർ ബൊളിവക്ക് വനിതാ റഫറി വനേസ സെബാലോസ് ചുവപ്പ് കാർഡ് കാണിക്കുകയായിരുന്നു. എന്നാൽ ഇതിൽ രോഷാകുലനായ ബൊളിവ ഗ്രൗണ്ടിലേക്കിറങ്ങി റഫറിയുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് മുഖത്ത് അടിക്കുകയുമായിരുന്നു.
മത്സരത്തിനിടെ ബെഞ്ചിലേക്ക് കയറിയ താരത്തിന് പിന്നീടാണ് റഫറി ചുവപ്പ് കാർഡ് നൽകിയത്. ഇത് ചോദ്യം ചെയ്യാനെത്തിയ താരം രോഷാകുലനായി റഫറിയുടെ മുഖത്തടിക്കുകയായിരുന്നു. അടിയേറ്റതോടെ രോഷാകുലയായ റഫറി വനേസ സെബാലോസ് തിരിച്ചു പ്രതികരിക്കുകയും ബൊളിവയെ പിറകിൽനിന്നും തിരിച്ചാക്രമിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ജാവിയർ ബൊളിവറുടെ ഈ പ്രവർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേരാണ് വിമർശിച്ചത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണാൻ സാധിക്കില്ല. മറിച്ച് ലോകത്തെ മുഴുവൻ സ്ത്രീകളെയും അപമാനിക്കുന്നതിന് തുലമാണ് ഈ പ്രവർത്തിയെന്നും നിരവധിപേർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ജാവിയർ ബൊളിവ ക്ഷമാപണം നടത്തി രംഗത്തെത്തി.
സെബാലോസിനെ മനഃപൂർവ്വം അടിക്കാൻ ശ്രമിച്ചുവെന്ന ആരോപണം ജാവിയർ നിഷേധിച്ചു. ‘എന്റെ പെരുമാറ്റം അനാദരവും അനുചിതവുമായിരുന്നു. ഈ പ്രവൃത്തി ഒരു കായികതാരത്തിനും ചേരാത്തതായിരുന്നുവെന്ന് മനസ്സിലാക്കുന്നു. കാർഡ് ലഭിച്ച ദേഷ്യത്തിൽ റഫറിയിൽനിന്ന് വിസിൽ വലിക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. എങ്കിലും എന്റെ പ്രവർത്തി അധിക്ഷേപകരമായിരുന്നു. അതിനാൽ റഫറി വനേസ സെബാലോസിനോട് ഞാൻ ക്ഷമ ചോദിക്കുന്നു’ ജാവിയർ ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു.