ന്യൂയോർക്: യു.എസ് ഓപണിൽ കിരീടപ്രതീക്ഷകളിലേക്ക് എയ്സുകൾ പായിച്ച് നിലവിലെ ചാമ്പ്യൻ ജാനിക് സിന്നറും അലക്സാണ്ടർ സ്വരേവും. വനിതകളിൽ ചാമ്പ്യൻ ഇഗ സ്വിയാറ്റെക് കടുത്ത പോരാട്ടം കടന്ന് അടുത്ത റൗണ്ടിലെത്തി. ലോക ഒന്നാം നമ്പർ താരം സിന്നർ ആസ്ട്രേലിയൻ താരം അലക്സി പൊപിറിനെയാണ് നേരിട്ടുള്ള സെറ്റുകളിൽ തുരത്തിയത്. ഒരു ഘട്ടത്തിലും പൊരുതാൻ വിടാതെ ആധികാരിക പ്രകടനവുമായി സിന്നർ നിറഞ്ഞുനിന്നപ്പോൾ 6-3 6-2 6-2നായിരുന്നു ജയം. കാനഡയുടെ ഡെനിസ് ഷപോവലോവാണ് മൂന്നാം റൗണ്ടിൽ സിന്നറുടെ എതിരാളി.
ബ്രിട്ടന്റെ ജേക്കബ് ഫിയേൺലിയെ നേരിട്ടുളള സെറ്റുകളിലാണ് ജർമൻ താരം സ്വരേവ് വീഴ്ത്തിയത്. വിംബിൾഡണും പിറകെ സിൻസിനാറ്റിയും ജയിച്ച് ചാമ്പ്യൻ സ്വപ്നങ്ങളിൽ ബഹുദൂരം മുന്നിലുള്ള സ്വിയാറ്റെകിനെ ആർതർ ആഷെ സ്റ്റേഡിയത്തിൽ സീഡില്ലാ എതിരാളിയായ സൂസൻ ലാമെൻസ് ശരിക്കും ഞെട്ടിച്ചു. ആദ്യ സെറ്റ് അനായാസം പിടിച്ച സ്വിയാറ്റെകിന് രണ്ടാം സെറ്റിൽ ചുവടു പിഴച്ചു. അടുത്ത ഗെയിമും ഉജ്വലമായി പിടിച്ചുനിന്ന ലാമെൻസ് ഒപ്പത്തിനൊപ്പം കളി നയിച്ചാണ് കീഴടങ്ങിയത്. സ്കോർ 6-1 4-6 6-4.
അതിനിടെ, വനിത ഡബ്ൾസിൽ വെറ്ററൻ താരം വീനസ് വില്യംസിന് ഒരു പതിറ്റാണ്ടിന്റെ ഇടവേളക്കു ശേഷം ജയം. സഹോദരി സെറീനക്കൊപ്പം ഒരു കാലത്ത് ടെന്നിസ് മൈതാനങ്ങളിലെ ഭാഗ്യ ജോഡികളായി ജയമേറെ പിടിച്ചതിന്റെ ഓർമകളിലാണ് വീനസ് വീണ്ടും ഡബ്ൾസിൽ റാക്കറ്റെടുത്തത്. ലെയ്ല ഫെർണാണ്ടസിനൊപ്പം ആറാം സീഡുകളായ ല്യുഡ്മില കിച്ചെനോക്- എലൻ പെരസ് കൂട്ടുകെട്ടിനെയാണ് ഇരുവരും ചേർന്ന് തകർത്തുവിട്ടത്. 2014നു ശേഷം ആദ്യമായാണ് വീനസ് ഡബ്ൾസിൽ ജയിക്കുന്നത്.
വനിത സിംഗിൾസിൽ അമേരിക്കയുടെ കൊകോ ഗോഫ് 7-6 6-2ന് ഡോണ വെകിചിനെയും പുരുഷ സിംഗിൾസിൽ ടോമി പോൾ 7-6 6-3 7-5 7-5 5-7ന് ന്യൂനോ ബൊർഹെസിനെയും തോൽപിച്ചു.
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്: സിന്ധു ക്വാർട്ടറിൽ മടങ്ങി
പാരിസ്: ലോക ബാഡ്മിന്റൺ ഇന്ത്യൻ മെഡൽ പ്രതീക്ഷകൾ അസ്തമിച്ചു. വനിത സിംഗ്ൾസ് ക്വാർട്ടറിൽ പി.വി. സിന്ധു ഇന്തോനേഷ്യയുടെ പുത്രി കുസുമ വർദാനിയോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ തോൽവി സമ്മതിച്ച് മടങ്ങി. സ്കോർ 14-21 21-13 16-21. മിക്സഡ് ഡബ്ൾസിൽ ധ്രുവ് കപില-തനിഷ ക്രാസ്റ്റോ സഖ്യം മലേഷ്യയുടെ ലോക നാലാം നമ്പറുകാരായ ചെൻ ടാങ്ക് ജീ-ടോഹ് ഈ വെയ് കൂട്ടുകെട്ടിനോട് നേരിട്ടുള്ള സെറ്റുകളിലും തോറ്റു. സ്കോർ 15-21 13-21.