പാരീസ്: ശ്വാസമടക്കിപ്പിടിച്ച് ഫുട്ബോൾ ലോകം കണ്ട നാടകീയമായ യുവേഫ സൂപ്പർ കപ്പ് പോരാട്ടത്തിൽ ടോട്ടൻഹാം ഹോട്ട്‌സ്‌പറിനെതിരെ പിഎസ്ജിക്ക് അവിശ്വസനീയ വിജയം. രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം അവസാന നിമിഷം സമനില പിടിക്കുകയും, തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയം സ്വന്തമാക്കുകയുമായിരുന്നു ഫ്രഞ്ച് ക്ലബ്ബ്. ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിനാണ് പിഎസ്ജി വിജയം ഉറപ്പിച്ചത്. ഇതോടെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജി, യൂറോപ്പിലെ പുതിയ രാജാക്കന്മാരായി തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിച്ചു.
മത്സരത്തിന്റെ തുടക്കം മുതൽ യൂറോപ്പ ലീഗ് ജേതാക്കളായ ടോട്ടൻഹാം ആധിപത്യം പുലർത്തി. 39-ാം മിനിറ്റിൽ പ്രതിരോധതാരം മിക്കി വാൻ ഡി വെൻ ടോട്ടൻഹാമിനായി ആദ്യ ഗോൾ നേടി. ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഗോളിന്റെ ലീഡുമായി ടോട്ടൻഹാം കരുത്ത് കാട്ടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ, 48-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേറോയിലൂടെ അവർ ലീഡ് രണ്ടാക്കി ഉയർത്തി. ഈ ഘട്ടത്തിൽ പിഎസ്ജിയുടെ പരാജയം ഏവരും ഉറപ്പിച്ചതാണ്.
എന്നാൽ, അവസാന നിമിഷങ്ങളിൽ പിഎസ്ജി നടത്തിയ പോരാട്ടവീര്യം കളിയുടെ ഗതി മാറ്റിമറിച്ചു. 85-ാം മിനിറ്റിൽ കൊറിയൻ താരം കങ്-ഇൻ ലീയിലൂടെ പിഎസ്ജി ഒരു ഗോൾ മടക്കി. പരാജയം മുന്നിൽ കണ്ട നിമിഷത്തിൽ, കളിയുടെ അധികസമയത്ത് (90+4) പോർച്ചുഗീസ് താരം ഗൊൺസാലോ റാമോസ് ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ പിഎസ്ജിക്കായി സമനില ഗോൾ നേടി. ഈ ഗോളോടെ മത്സരം 2-2 എന്ന നിലയിൽ സമനിലയിലാവുകയും കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയുമായിരുന്നു.
ഷൂട്ടൗട്ടിലും ആവേശം ഒട്ടും കുറഞ്ഞില്ല. പിഎസ്ജിക്കായി ഗോൺസാലോ റാമോസ്, ഉസ്മാൻ ഡെംബലെ, കങ്-ഇൻ ലീ, നൂനോ മെൻഡസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ വിറ്റിഞ്ഞയുടെ കിക്ക് പുറത്തേക്ക് പോയി. ടോട്ടൻഹാം നിരയിൽ ഡൊമിനിക് സൊളാങ്കി, റോഡ്രിഗോ ബെന്റാൻകൂർ, പെഡ്രോ പോറോ എന്നിവർ സ്കോർ ചെയ്തപ്പോൾ, മത്സരത്തിൽ ഗോൾ നേടിയ മിക്കി വാൻ ഡി വെന്നിനും യുവതാരം മാത്തീസ് ടെല്ലിനും പിഴച്ചു. ഇതോടെ പിഎസ്ജി സൂപ്പർ കപ്പ് കിരീടത്തിൽ മുത്തമിട്ടു. ഈ വിജയം പിഎസ്ജിയുടെ ചരിത്രത്തിലെ മറ്റൊരു പൊൻതൂവലാണ്.